കൂവേരി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി 

Published on 24 October 2020 12:20 pm IST
×

ചപ്പാരപ്പടവ്: കൂവേരി പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി. ഇന്ന് രാവിലെ നടത്തിയ തിരച്ചിലിലാണ് അപകടം നടന്ന സ്ഥലത്തു നിന്നും 500 മീറ്റര്‍ അകലെയായി മൃതദേഹം പുഴയില്‍ പൊങ്ങിയത്. 

നെല്ലിപ്പാറ കുറിഞ്ഞിക്കുളം സ്വദേശി ഊഴിയാട്ട് ജിമ്മിയുടെ മകന്‍ തളിപ്പറമ്പ് നാഷണല്‍ കോളേജില്‍ ഡിഗ്രി വിദ്യാര്‍ഥി ജിന്‍സിനെ (സെബാസ്റ്റ്യന്‍- 20) യാണ് 22 ന് വൈകുന്നേരം നാലോടെ കാണാതായത്.  കൂവേരി പുഴയുടെ പൂണങ്ങോട് കടവില്‍ സഹോദരിക്കും കൂട്ടുകാരിക്കും ഒപ്പമെത്തിയതായിരുന്നു. കുളിക്കാനിറങ്ങിയ ജിന്‍സ് അടിയൊഴുക്കില്‍പ്പെട്ട് മുങ്ങിത്താഴുകയായിരുന്നു. ഇതുകണ്ട് ബഹളം വച്ച് സഹോദരി ജിന്‍സിയും കൂടെയുണ്ടായിരുന്ന അയല്‍വീട്ടിലെ യുവതിയും പുഴയിലേക്ക് ചാടിയെങ്കിലും അവരും ഒഴുക്കില്‍പ്പെടുകയായിരുന്നു. നിലവിളി കേട്ട് മറുകരയില്‍ നിന്ന് തോണിയുമായെത്തിയ കാട്ടാമ്പള്ളി സ്വദേശി കുണ്ടത്തില്‍ വീട്ടില്‍ കൃഷ്ണന്റെ സമയോചിത ഇടപെടലാണ് മറ്റ് രണ്ടുപേരുടെയും ജീവന്‍ രക്ഷിച്ചത്. ജിന്‍സിന്റെ പിതാവ് ജിമ്മി ടാപ്പിങ് തൊഴിലാളിയാണ്. മാസങ്ങള്‍ക്കുമുന്‍പാണ് നെല്ലിപ്പാറയില്‍ നിന്ന് ഇവരുടെ കുടുംബം പൂണങ്ങോട്ട് താമസമാക്കിയത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait