പാലത്തായി പീഡനക്കേസില്‍ പ്രത്യേക അന്വേഷണ സംഘം 

Published on 20 October 2020 3:39 pm IST
×

കൊച്ചി: പാലത്തായി പീഡനക്കേസ് അന്വേഷിക്കാന്‍ പ്രത്യേക അന്വേഷണ സംഘം. പീഡനത്തിനിരയായ പെണ്‍കുട്ടിയുടെ അമ്മ നല്‍കിയ ഹര്‍ജിയിലാണ് പുതിയ സംഘം രൂപീകരിക്കാന്‍ ഹൈക്കോടതി ഉത്തരവിട്ടത്. 

ഐ.ജി റാങ്കിലുള്ള ഉദ്യോഗസ്ഥന്റെ നേതൃത്വത്തില്‍ സംഘം രൂപീകരിക്കണം. മേല്‍നോട്ട ചുമതല ഐ.ജി ശ്രീജിത്തില്‍ നിന്ന് മാറ്റി വേറെ ഉദ്യോഗസ്ഥന് നല്‍കണം. നിലവിലെ അന്വേഷണ സംഘത്തിലുള്ളവര്‍ പുതിയ സംഘത്തില്‍ വേണ്ട. രണ്ടാഴ്ചക്കകം പുതിയ അന്വേഷണ സംഘത്തെ രൂപീകരിക്കാനും ഹൈക്കോടതി നിര്‍ദ്ദേശിച്ചു. അതേസമയം, പുതിയ അന്വേഷണ സംഘം എന്ന നിര്‍ദ്ദേശത്തെ സര്‍ക്കാര്‍ എതിര്‍ത്തില്ല.

പാലത്തായി കേസില്‍ ഇരയ്‌ക്കെതിരെ ക്രൈംബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ഇരയ്ക്ക് കള്ളം പറയുന്ന സ്വഭാവമുണ്ടെന്നും ഭാവനയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുന്ന സ്വഭാവമുണ്ടെന്നും കോടതിയില്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ ക്രൈം ബ്രാഞ്ച് പറഞ്ഞിരുന്നു. നിയമപ്രകാരം നിയോഗിക്കപ്പെട്ട സാമൂഹ്യനീതി വകുപ്പിലെ ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുമാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിലെ വിവരങ്ങള്‍ ഉദ്ധരിച്ചാണ് ക്രൈം ബ്രാഞ്ച് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിച്ചത്. 

കേസില്‍ പോക്‌സോ കുറ്റം ഒഴിവാക്കി പ്രതിയും ബി.ജെ.പി നേതാവുമായ പദ്മരാജനെതിരെ കുറ്റപത്രം നല്കാന്‍ നിയമോപദേശം നല്‍കിയത് ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ ആണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ഇരയടക്കം 92 സാക്ഷികളെ ചോദ്യം ചെയ്തു. ശാസ്ത്രീയമായ തെളിവുകളടക്കം ശേഖരിച്ചു. സാമൂഹ്യനീതി വകുപ്പില്‍ നിന്നുള്ള ക്ലിനിക്കല്‍ സൈക്കോളജിസ്റ്റുകളാണ് കുട്ടിയെ കൗണ്‍സിലിങ് ചെയ്തത്. കുട്ടി ഉറക്കമില്ലായ്മ, ക്രമമല്ലാത്ത ഭക്ഷണ രീതി, ക്ഷീണം തുടങ്ങിയ പ്രശ്‌നങ്ങള്‍ അനുഭവിക്കുന്നതായാണ് കൗണ്‍സിലര്‍മാര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട്. നുണ പറയുന്ന സ്വഭാവം, മൂഡ് അതിവേഗം മാറുന്ന ശീലം, വേഗത്തില്‍ ബന്ധം സ്ഥാപിക്കുന്ന സ്വഭാവം, പെട്ടെന്ന് ടെന്‍ഷനടിക്കുന്ന സ്വഭാവം എന്നിവയ്ക്ക് പുറമെ കുട്ടി വലിയ തോതില്‍ അരക്ഷിതാവസ്ഥ അനുഭവിക്കുന്നുണ്ടെന്നും കൗണ്‍സിലിങിലൂടെ കണ്ടെത്തിയെന്ന് റിപ്പോര്‍ട്ടില്‍ പറഞ്ഞിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait