'ബീഡി ഖാദര്‍ക്ക' ഓര്‍മയായി

Published on 20 October 2020 1:15 pm IST
×

കരിവെള്ളൂര്‍: 'അടിയന്തരാവസ്ഥ അറബിക്കടലില്‍' എന്ന് മലയാളത്തിലും 'ഇന്ത്യ ഈസ് നോട്ട് ഇന്ദിര' എന്ന് ഇംഗ്ലീഷിലും എഴുതി തലമുറകളുടെ മനസ്സില്‍ ആവേശം ജ്വലിപ്പിച്ച ചുണ്ണാമ്പക്ഷരങ്ങളുടെ സ്രഷ്ടാവ് വെള്ളച്ചാലിലെ നങ്ങാരത്ത് അബ്ദുല്‍ ഖാദര്‍ (78) ഓര്‍മയായി. വാര്‍ധക്യ സഹജമായ രോഗത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. മാസങ്ങള്‍ക്കു മുമ്പുണ്ടായ വീഴ്ചയില്‍ തുടയെല്ലിനു പരുക്കേറ്റ് ഏറെക്കാലം ചികിത്സയിലായിരുന്നു. ദിനേശ് ബീഡിക്കമ്പനിയുടെ തുടക്കം മുതല്‍ അതിന്റെ പ്രൊമോട്ടറായിരുന്ന അബ്ദുല്‍ ഖാദര്‍ പിന്നീട് കരിവെള്ളൂര്‍ ആണൂര്‍ ബ്രാഞ്ചില്‍ ബീഡി തെറുപ്പുകാരനായിരുന്നു. കൊടക്കാട് ഒന്ന്, ആണൂര്‍ കിഴക്ക്, വടക്കുമ്പാട് തുടങ്ങി വിവിധ ബ്രാഞ്ചുകളില്‍ സി.പി.എം ബ്രാഞ്ച് സെക്രട്ടറിയായിരുന്നു.

അടിയന്തിരാവസ്ഥ കാലത്ത് ദേശീയപാതയോരത്തെ ഇരുനില കെട്ടിടത്തിന്റെ ചുമരില്‍ എഴുതിയ മുദ്രാവാക്യം ഏറെ പ്രശ്തമായിരുന്നു. ഇന്ദിരാഗാന്ധി റോഡുമാര്‍ഗം കടന്നുപോകുമ്പോള്‍ അവര്‍ക്ക് കാണാന്‍ കുറിച്ചിട്ടതായിരുന്നു മുദ്രാവാക്യം. കരിവെള്ളൂരിലെ ബിന്ദു സ്റ്റുഡിയോയിലെ ഭരതന്‍ കരിവെള്ളൂര്‍ ചിത്രം ഒപ്പിയെടുത്തിരുന്നു. റോഡ് വീതി കൂട്ടുന്നതിന്റെ ഭാഗമായി വര്‍ഷങ്ങള്‍ക്കു മുമ്പാണ് ഈ കെട്ടിടം പൊളിച്ചു നീക്കിയത്. എതിര്‍പ്പുകള്‍ വകവയ്ക്കാതെ കരിവെള്ളൂര്‍ മുണ്ടവളപ്പില്‍ കല്യാണിയെ അബ്ദുല്‍ ഖാദര്‍ ജീവിതസഖിയാക്കിയതും വലിയ ചര്‍ച്ചയായിരുന്നു. മക്കള്‍: ഷൈനി,  രേഷ്മ. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait