കെ.എം ഷാജി എം.എല്‍.എക്കെതിരായ വധഭീഷണി അതീവ ഗുരുതരം: പി.കെ കുഞ്ഞാലിക്കുട്ടി

Published on 20 October 2020 1:01 pm IST
×

മലപ്പുറം: കെ.എം ഷാജി എം.എല്‍.എക്കെതിരായ വധഭീഷണി അതീവ ഗൗരവമുള്ളതാണെന്നും, രണ്ട് സംസ്ഥാനങ്ങളിലായി ഗൂഢാലോചന നടന്നത് വ്യക്തമായ സാഹചര്യത്തില്‍ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം നടത്തണമെന്നും പി.കെ കുഞ്ഞാലിക്കുട്ടി എം.പി പറഞ്ഞു.  

രാഷ്ട്രീയമായി എതിര്‍ ചേരിയിലുള്ളവരെ ഉന്മൂലനം ചെയ്യുന്നതിനുള്ള ശ്രമങ്ങള്‍ ജനാധിപത്യത്തിന് തന്നെ ഭീഷണിയാണ്. ഇത്തരം വിഷയത്തില്‍ കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്ക് മാത്രമേ ഗൂഢാലോചന പുറത്തുകൊണ്ടുവരാന്‍ സാധിക്കൂ. എങ്കില്‍ മാത്രമേ നിഷ്പക്ഷവും നീതിപൂര്‍ണ്ണവുമായ അന്വേഷണം സാധ്യമാവുകയുള്ളൂവെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

കഴിഞ്ഞ ദിവസമാണ് തന്നെ വധിക്കാന്‍ ഗൂഢാലോചന നടക്കുന്നുണ്ടെന്ന് കെ.എം ഷാജി എം.എല്‍.എ പറഞ്ഞത്. രണ്ടു മൂന്നു ദിവസമായി നിരവധി ഭീഷണി കോളുകള്‍ വരാറുണ്ടെന്നും സി.പി.എം പാര്‍ട്ടി ഗ്രാമമായ പാപ്പിനിശ്ശേരിയിലെ ബോംബെ ബന്ധമുള്ളയാളാണ് ക്വട്ടേഷന് പിന്നിലെന്നും അദ്ദേഹം പറഞ്ഞിരുന്നു. 25 ലക്ഷം രൂപയ്ക്ക് ബോംബെ അധോലോക സംഘത്തിന് ക്വട്ടേഷന്‍ ഉറപ്പിച്ച ഓഡിയോ ക്ലിപ്പ് ഉള്‍പ്പെടെ മുഖ്യമന്ത്രിക്കും ഡി.ജി.പിക്കും സ്പീക്കര്‍ക്കും പരാതി നല്‍കി. സംഭവത്തില്‍ വളപട്ടണം പോലിസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait