ആറളം ഫാമില്‍ കാട്ടാനയിറങ്ങി; വ്യാപക നാശനഷ്ടം

വിതരണത്തിനായി മുളപ്പിക്കാന്‍ നട്ട ഇരുനൂറോളം തെങ്ങിന്‍തൈകളും നശിപ്പിച്ചു. 
Published on 20 October 2020 12:10 pm IST
×

ഇരിട്ടി: കുറച്ചുമാസത്തെ ഇടവേളയ്ക്കുശേഷം ആനക്കൂട്ടം ഫാം നഴ്സറിയിലേക്ക് തിരിഞ്ഞതോടെ ഒരു രാത്രി കൊണ്ട് ലക്ഷങ്ങളുടെ നഷ്ടമാണ് ആറളം ഫാമിനുണ്ടായത്. നഴ്സറിയെ കാട്ടാന ഭീഷണിയില്‍ നിന്നും രക്ഷിക്കാന്‍ 15 ലക്ഷത്തോളം മുടക്കി സ്ഥാപിച്ച വൈദ്യുത കമ്പിവേലി ആനക്കൂട്ടം തകര്‍ത്തു. വേലിക്ക് സമീപമുള്ള കൂറ്റന്‍ തെങ്ങ് കമ്പിവേലിക്ക് മുകളിലേക്ക് മറച്ചിട്ടാണ് ആനക്കൂട്ടം വേലിയെ വൈദ്യുതി ലൈനില്‍ നിന്നും വേര്‍പ്പെടുത്തിയത്. വിതരണത്തിനായി മുളപ്പിക്കാന്‍ നട്ട ഇരുനൂറോളം തെങ്ങിന്‍തൈകളും നശിപ്പിച്ചു. 

ഒരു കുട്ടിയാന ഉള്‍പ്പെടെ അഞ്ച് ആനകളാണ് നഴ്സറിക്കുള്ളിലേക്ക് പ്രവേശിച്ചത്. മാതൃ സസ്യങ്ങള്‍ ഉള്‍പ്പെടെ വളര്‍ത്തി നഴ്സറിയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരാനുള്ള ശ്രമത്തിനിടയിലാണ് ഈ തിരിച്ചടി. ഫാമില്‍ നിന്നുള്ള നടീല്‍വസ്തുക്കള്‍ ആവശ്യക്കാര്‍ക്ക് എളുപ്പത്തില്‍ ലഭ്യമാക്കുന്നതിനായി ഇരിട്ടിയില്‍ തണല്‍ എന്ന പേരില്‍ മിനി സൂപ്പര്‍ മാര്‍ക്കറ്റ് കഴിഞ്ഞ ദിവസം മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്തിരുന്നു. ചെറിയ ദിവസം കൊണ്ടുതന്നെ ലക്ഷങ്ങളുടെ വില്പനയാണ് നടന്നത്. 

ഫാമിന്റെ മൂന്ന്, നാല് ബ്ലോക്കുകളില്‍ കഴിഞ്ഞ രാത്രി മാത്രം അറുപതോളം നിറയെ കായ്ഫലമുള്ള തെങ്ങുകള്‍ ആനക്കൂട്ടം കുത്തിവീഴ്ത്തി. ഇതോടൊപ്പം കശുമാവും കമുകും എല്ലാം വ്യാപകമായി നശിപ്പിച്ചു. ഫാമിന്റെ ബ്ലോക്ക് മൂന്നില്‍ മാത്രം ഒരാഴ്ചയ്ക്കിടയില്‍ നശിപ്പിച്ചത് 200 ഓളം തെങ്ങുകളാണ്. മുപ്പതോളം അത്യുത്പാദന ശേഷിയുള്ള കശുമാവും നശിപ്പിച്ചു. മറ്റ് ബ്ലോക്കുകളില്‍ എല്ലാം കൂടി നൂറോളം തെങ്ങുകളും നിരവധി കശുമാവും കമുകും നശിപ്പിച്ചു. 

അഞ്ചുമാസം മുന്‍പാണ് മൂന്നുദിവസം നീണ്ട ശ്രമത്തിനൊടുവില്‍ ഫാമില്‍ നിന്ന് 18 ഓളം ആനകളെ വനത്തിലേക്ക് തുരത്തിയത്. വനാതിര്‍ത്തിയില്‍ നിരീക്ഷണം നടക്കുന്നതിനിടെയാണ് ആനക്കൂട്ടം വീണ്ടും ഫാമിലേക്ക് തിരികെയെത്തിയിരിക്കുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait