അഴീക്കോട് സ്‌കൂളിനായി കോഴ: കെ.എം ഷാജി എം.എല്‍.എയ്ക്ക് ഇ.ഡി നോട്ടീസ് 

ചോദ്യം ചെയ്യലിനു ഹാജരാകാന്‍ 30 പേര്‍ക്ക് നോട്ടീസ്
Published on 20 October 2020 10:55 am IST
×

കണ്ണൂര്‍: അഴീക്കോട് സ്‌കൂളില്‍ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കുന്നതിന് കെ.എം ഷാജി എം.എല്‍.എ കോഴ വാങ്ങിയെന്ന പരാതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി) അന്വേഷണം തുടങ്ങി. 2014ല്‍ കണ്ണൂര്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പത്മനാഭന്‍ നല്‍കിയ പരാതിയിലാണ് ഇ.ഡി അന്വേഷണം. ചോദ്യം ചെയ്യലിനും മൊഴിയെടുക്കുന്നതിനുമായി കെ.എം ഷാജി ഉള്‍പ്പെടെ 30ലധികം പേര്‍ക്ക് നോട്ടീസ് നല്‍കി. 

ഇ.ഡി കോഴിക്കോട് സബ് സോണല്‍ ഉദ്യോഗസ്ഥരാണ് കേസ് അന്വേഷിക്കുന്നത്. അഴീക്കോട് സ്‌കൂളിലെ ഹയര്‍ സെക്കന്‍ഡറി ബാച്ച് അനുവദിക്കാന്‍ കെ.എം ഷാജിക്ക് 25 ലക്ഷം രൂപ കൈമാറിയെന്നാണ് പത്മനാഭന്‍ ആരോപിച്ചത്. താന്‍ പണം വാങ്ങിയില്ലെന്നും സംഭവത്തിനു പിന്നില്‍ രാഷ്ട്രീയ പകപോക്കലാണെന്നും ഷാജി പ്രതികരിച്ചിരുന്നു. കേസുമായി ബന്ധപ്പെട്ട നടപടിക്രമങ്ങള്‍ ഇപ്പോള്‍ തലശ്ശേരി വിജിലന്‍സ് കോടതിയുടെ പരിഗണനയിലാണ്. പണം കൈമാറിയതായിപ്പറയുന്നവരും ചര്‍ച്ചകളില്‍ പങ്കെടുത്തവരും ഇ.ഡിയുടെ അന്വേഷണ പരിധിയിലുണ്ട്. പണത്തിന്റെ ഉറവിടം, കൈമാറിയ രീതി, ചെലവഴിച്ച വഴികള്‍ തുടങ്ങിയ കാര്യങ്ങള്‍ ഇ.ഡിയുടെ അന്വേഷണ പരിധിയിലുണ്ടാവും. 

പരാതിക്കാരുടെയും കെ.എം ഷാജിയുടെയും ഇടപാടുകള്‍ സംബന്ധിച്ച വിവരം ഇ.ഡി ശേഖരിച്ചിട്ടുണ്ട്. നോട്ടീസ് കൈപ്പറ്റിയവര്‍ അടുത്ത ദിവസം മുതല്‍ കോഴിക്കോട് സബ് സോണല്‍ ഓഫീസിലെത്താന്‍ അറിയിച്ചിട്ടുണ്ട്. രണ്ടു മാസത്തിനുള്ളില്‍ അന്വേഷണം പൂര്‍ത്തിയാക്കാനാണ് തീരുമാനം.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait