ഹാന്റ്‌വീവിലെ ജീവനക്കാരുടെയും തൊഴിലാളികളുടെയും വേതനം നല്കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം: കെ. സുധാകരന്‍ എം.പി

Published on 17 October 2020 10:36 pm IST
×

കണ്ണൂര്‍: ഹാന്റ്‌വീവിലെ ഇരുന്നൂറ്റി പത്തോളം ജീവനക്കാര്‍ക്കും രണ്ടായിരത്തിലധികം വരുന്ന തൊഴിലാളികള്‍ക്കും കഴിഞ്ഞ ജൂണ്‍ മാസത്തിനു ശേഷം വേതനം ലഭിക്കാത്ത ഗുരുതരമായ സാഹചര്യത്തില്‍ സര്‍ക്കാര്‍ നിസംഗത മാറ്റി ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും ശമ്പളം നല്കുന്നതിന് വേണ്ടി അടിയന്തര നടപടി സ്വീകരിക്കണമെന്ന് കെ. സുധാകരന്‍ എം.പി ആവശ്യപ്പെട്ടു. 

ഓണം സീസണിലെ വില്പന നടന്നിട്ട് പോലും ജീവനക്കാര്‍ക്കും തൊഴിലാളികള്‍ക്കും വേതനം നല്‍കാത്തത് പ്രതിഷേധാര്‍ഹമാണ്. 2019 ജനവരിക്ക് ശേഷം സര്‍വ്വീസില്‍ നിന്ന് വിരമിച്ച ജീവനക്കാര്‍ക്ക് വിരമിക്കല്‍ ആനുകൂല്യങ്ങള്‍ ഒന്നും തന്നെ നല്‍കിയിട്ടില്ല. വിരമിക്കല്‍ ആനുകൂല്യം പ്രതീക്ഷിച്ച് ധനകാര്യ സ്ഥാപനത്തില്‍ നിന്നും ലോണെടുത്ത് മക്കളുടെ വിവാഹം ഉള്‍പ്പെടെയുള്ള കുടുംബ കാര്യങ്ങള്‍ നിര്‍വ്വഹിച്ചവര്‍ കടക്കെണിയിലായിരിക്കുകയാണ്. പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം ഹാന്‍വീവില്‍ 10 മാസം മാത്രമാണ് സ്ഥിരമായി ഒരു എം.ഡി ഉണ്ടായിരുന്നത്. ചെയര്‍മാന്റെ ഏകാധിപത്യ ഭരണവും സാമ്പത്തിക വിഭാഗത്തിന്റെ കെടുകാര്യസ്ഥതയുമാണ് ഇപ്പോഴത്തെ പ്രതിസന്ധിയുടെ പ്രധാനകാരണം. സര്‍ക്കാരില്‍ നിന്നും ലഭിക്കുവാനുള്ള ഫണ്ട് വാങ്ങിക്കുന്നതില്‍ ചെയര്‍മാന്‍ പരാജയപ്പെട്ടിരിക്കുകയാണ്. സ്ഥാപനത്തില്‍ അത്യാവശ്യം വേണ്ടുന്ന മാര്‍ക്കറ്റിംഗ് മാനേജര്‍ തസ്തിക ഒഴിച്ചിട്ടിരിക്കയാണ്. ചിറക്കലിലെ എച്ച്.പി.എച്ച് ഡൈ ഹൗസില്‍ ലക്ഷം രൂപ ശമ്പളം നല്‍കി പ്രൊഡക്ഷന്‍ മാനേജര്‍ക്ക് ആവശ്യമായ യോഗ്യതയില്ലാത്തയാളെ നിയമിച്ചിരിക്കുന്നു. 

ഹാന്‍വീവിലെ ജീവനക്കാരുടെ പ്രശ്‌നങ്ങള്‍ സംബന്ധിച്ചും, അവര്‍ക്ക് ലഭിക്കേണ്ട ശമ്പള കുടിശ്ശിക അടക്കുള്ള കാര്യങ്ങള്‍ പരിഹരിക്കണമെന്ന്  ആവശ്യപ്പെട്ടും വകുപ്പ് മന്ത്രി അടക്കുള്ളവര്‍ക്ക് രണ്ട് തവണ കത്തുകള്‍ നല്‍കിയിരുന്നുവെങ്കിലും, അതില്‍ കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നും വകുപ്പ് മന്ത്രി അടക്കമുള്ളവര്‍ അടിയന്തിരമായി ഈ വിഷയത്തില്‍ ഇടപ്പെട്ട് ഹാന്‍വീവ് ജിവനക്കാര്‍ക്കും, നെയ്ത്ത് തൊഴിലാളികള്‍ക്കും  അര്‍ഹതപ്പെട്ട കുടിശ്ശിക അടക്കമുള്ള സാമ്പത്തിക ആനുകൂല്യങ്ങള്‍ അടിയന്തിരമായി അനുവദിക്കണമെന്നും കേരളത്തില്‍ പ്രൗഡിയോടെ നിലനിന്നിരുന്ന ഈ സ്ഥാപനത്തെ ചരിത്രത്തിലെ വെറുമൊരു ഓര്‍മ്മയായി മാത്രം അവശേഷിപ്പിക്കരുതെന്നും കെ. സുധാകരന്‍ എം.പി പ്രസ്താവനയില്‍ പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait