കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ പെട്രോള്‍ പമ്പ് അടഞ്ഞുതന്നെ

Published on 17 October 2020 12:48 pm IST
×

കണ്ണൂര്‍: മണ്ണിടിച്ചില്‍ മൂലം നിര്‍മാണം തടസ്സപ്പെട്ട കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലെ പെട്രോള്‍ പമ്പിന്റെ പ്രവര്‍ത്തനം ഇതുവരെ ആരംഭിച്ചില്ല. പെട്രോള്‍ പമ്പിന്റെ ഔട്ടലെറ്റ് പ്രവര്‍ത്തനോദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ജൂലായ് 30 നാണ് വീഡിയോ കോണ്‍ഫറന്‍സ് വഴി ഉദ്ഘാടനം ചെയ്തത്. എന്നാല്‍ പണി പൂര്‍ത്തിയാകാത്തതിനാല്‍ പ്രവര്‍ത്തനം തുടങ്ങിയിരുന്നില്ല. 

കണ്ണൂര്‍ കൂടാതെ പൂജപുര സെന്‍ട്രല്‍ ജയില്‍, വിയ്യൂര്‍ സെന്‍ട്രല്‍ ജയില്‍, ചീമേനി എന്നിവിടങ്ങളിലാണ് പെട്രോള്‍ പമ്പ് സ്ഥാപിച്ചത്. ഇതില്‍ മൂന്നിടത്തും പമ്പിന്റെ നിര്‍മാണം പൂര്‍ത്തിയായി പ്രവര്‍ത്തനം ആരംഭിച്ചു. ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്റെ സഹകരണത്തോടെയാണ് പെട്രോള്‍ പമ്പ് നിര്‍മിച്ചത്. തടവുകാരുടെ പുനരധിവാസം ലക്ഷ്യമാക്കിയാണ് ജയിലുകളില്‍ പെട്രോള്‍ പമ്പ് തുടങ്ങിയത്. തമിഴ്നാട്, പഞ്ചാബ് എന്നീ സംസ്ഥാനങ്ങളിലെ ജയിലുകളില്‍ പെട്രോള്‍ പമ്പ് പ്രവര്‍ത്തനം തുടങ്ങിയിരുന്നു. ഇവിടങ്ങളിലെ വിജയം മാതൃകയാക്കിയാണ് കേരള ജയില്‍വകുപ്പും പെട്രോള്‍ വിതരണത്തിന് തീരുമാനമെടുത്തത്. പദ്ധതിക്കായി 10 കോടി രൂപയാണ് ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ മുടക്കിയത്. 

പമ്പ് സ്ഥാപിക്കുന്ന നാല് സ്ഥലങ്ങളില്‍ നിന്നായി പ്രതിമാസം അഞ്ച് ലക്ഷത്തി തൊണ്ണൂറായിരം രൂപ വാടക ഇനത്തില്‍ സര്‍ക്കാരിന് ലഭിക്കും. ജയിലില്‍ ഒരു പമ്പില്‍ 15 അന്തേവാസികള്‍ക്ക് തൊഴില്‍ ലഭിക്കും. ഷിഫ്റ്റ് അടിസ്ഥാനത്തിലാണ് തൊഴില്‍ ക്രമീകരണം. ജയില്‍ നിയമപ്രകാരം ഒരു ദിവസം 160 മുതല്‍ 180 രൂപ വരെ വേതനവും ലഭിക്കും. രാവിലെ 6 മുതല്‍  രാത്രി 10 വരെയാണ് പമ്പിന്റെ പ്രവര്‍ത്തനസമയം. പമ്പിന്റെ പ്രവര്‍ത്തനം പൂര്‍ത്തിയാകാതെ ഉദ്ഘാടനം നടത്തിയതിനെതിരെ വിമര്‍ശനമുയര്‍ന്നിരുന്നു. എന്നാല്‍ നാല് ജില്ലകളിലെയും പെട്രോള്‍ പമ്പുകളുടെ ഉദ്ഘാടനം ഒരുമിച്ച് വേണമെന്ന നിര്‍ബന്ധമാണ് കണ്ണൂരില്‍ പണി കഴിയുന്നതിന് മുമ്പ് ഉദ്ഘാടനം നടത്താന്‍ തീരുമാനിച്ചത്. എന്നാല്‍ പണി മുഴുവനായും പൂര്‍ത്തിയാക്കി ഈ മാസത്തിനുള്ളില്‍ പമ്പിന്റെ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് ജയില്‍ സൂപ്രണ്ട് ടി. ബാബുരാജ് പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait