ഇറ്റലിയില്‍ ഒറ്റ ദിവസം 10,000 ലേറെ പേര്‍ക്ക് കോവിഡ് 

Published on 17 October 2020 10:11 am IST
×

റോം: കഴിഞ്ഞ 24 മണിക്കൂറിനിടെ 10,010 പേര്‍ക്ക് രോഗബാധ സ്ഥിരീകരിച്ചതോടെ ഇറ്റലിയില്‍ പ്രതിദിന കോവിഡ് രോഗികളുടെ എണ്ണം ആദ്യമായി പതിനായിരം കടന്നു. നേരത്തെ റിപ്പോര്‍ട്ട് ചെയ്ത ഏറ്റവും ഉയര്‍ന്ന പ്രതിദിനകണക്ക് 8,804 ആണ്. 

55 പേര്‍ കഴിഞ്ഞ ദിവസം കോവിഡ് മൂലം മരിച്ചതായാണ് ആരോഗ്യമന്ത്രാലയത്തിന്റെ റിപ്പോര്‍ട്ട്. മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ പ്രതിദിന മരണസംഖ്യ 900 ആയിരുന്നു. അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചവരുടെ എണ്ണം വെള്ളിയാഴ്ച 638 ആയി വര്‍ധിച്ചു. വ്യാഴാഴ്ചത്തേക്കാള്‍ 50 രോഗികള്‍ അധികമാണിത്. ആദ്യ ഘട്ടത്തെ അപേക്ഷിച്ച് രോഗവ്യാപനം തീവ്രമാണെങ്കിലും മരണം കുറവാണെന്നതാണ് ആശ്വാസം. രോഗവ്യാപനം നിയന്ത്രിക്കാന്‍ സാമൂഹിക ഒത്തുചേരലുകള്‍ക്ക് വ്യാഴാഴ്ച മുതല്‍ ഗവണ്‍മെന്റ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തി. റെസ്റ്റോറന്റുകള്‍, കായിക വിനോദം, സ്‌കൂള്‍ പ്രവര്‍ത്തനങ്ങള്‍ എന്നിവയ്ക്ക് നിയന്ത്രണങ്ങള്‍ ബാധകമാണ്.

നിയന്ത്രണങ്ങള്‍ പരിമിതമാണെന്ന വിദഗ്ധരുടെ അഭിപ്രായത്തെ തുടര്‍ന്ന് പ്രാദേശിക ഭരണാധികാരികള്‍ അവരുടെ മേഖലകളില്‍ നിയന്ത്രണങ്ങള്‍ കൂടുതല്‍ ശക്തമാക്കിയിട്ടുണ്ട്. ഹാലോവിയന്‍ ദിനമായ നവംബര്‍ ഒന്നിന് കര്‍ഫ്യൂ പ്രഖ്യാപിച്ചിട്ടുണ്ട്. കോവിഡ് പൊട്ടിപ്പുറപ്പെട്ടപ്പോള്‍ യൂറോപ്പില്‍ ഏറ്റവും കൂടുതല്‍ ബാധിച്ചത് ഇറ്റലിയിലായിരുന്നു. 36,427 പേര്‍ വൈറസ് ബാധ മൂലം മരിച്ചതോടെ ബ്രിട്ടന് പിന്നില്‍ യൂറോപ്യന്‍ രാജ്യങ്ങളില്‍ രണ്ടാമതായാണ് മരണസംഖ്യയില്‍ ഇറ്റലിയുടെ സ്ഥാനം. രാജ്യവ്യാപക ലോക്ഡൗണ്‍ വീണ്ടും ഏര്‍പ്പെടുത്തുന്ന കാര്യം തത്ക്കാലം ആലോചനയിലില്ലെന്ന് പ്രധാനമന്ത്രി ജുസെപ്പെ കോന്‍തെ വ്യക്തമാക്കി. 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait