ഗവ. വൃദ്ധസദനത്തിലെ മേട്രന്‍ ജ്യോസ്‌നയുടെ മരണത്തില്‍ ഉന്നതതല അന്വേഷണം നടത്തണം: സതീശന്‍ പാച്ചേനി 

Published on 16 October 2020 7:48 pm IST
×

കണ്ണൂര്‍: അഴീക്കോട് പ്രവര്‍ത്തിക്കുന്ന ഗവ. വൃദ്ധസദനത്തിലെ മേട്രന്‍ പാപ്പിനിശ്ശേരി പാംപാലയിലെ വി. ജ്യോസ്‌ന സര്‍വ്വീസില്‍ നിന്നും സസ്‌പെന്‍ഷനില്‍ കഴിയവെ ആത്മഹത്യ ചെയ്ത സംഭവത്തില്‍ സര്‍ക്കാര്‍ തലത്തില്‍ ഉന്നതതല അന്വേഷണം നടത്തണമെന്ന് ഡി.സി.സി പ്രസിഡന്റ് സതീശന്‍ പാച്ചേനി ആവശ്യപ്പെട്ടു.

മേലുദ്യോഗസ്ഥരുടെ മാനസിക പീഡനത്തെ തുടര്‍ന്നുള്ള സമ്മര്‍ദ്ദത്തില്‍ ജ്യോസ്‌ന ആത്മഹത്യ ചെയ്യുകയായിരുന്നെന്ന് ബന്ധുക്കള്‍ പറയുന്നുണ്ട്. ജ്യോസ്‌നയുടെ ഭര്‍ത്താവ് ആരോഗ്യവകുപ്പ് മന്ത്രിക്ക് നല്‍കിയ പരാതിയില്‍ തന്റെ ഭാര്യയുടെ മരണത്തിനു കാരണമാകുന്ന വിധത്തില്‍ ജില്ലാ സാമൂഹ്യനീതി ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടി ജ്യോസ്‌നയോടുള്ള മുന്‍വൈരാഗ്യം കൊണ്ട് തന്റെ അധികാരം ദുരുപയോഗിച്ച് കൂടെ ജോലി ചെയ്യുന്നവരെ ഉപയോഗിച്ച് അടിസ്ഥാനരഹിതമായ പരാതി സൃഷ്ടിച്ച് സമ്മര്‍ദ്ദത്തിലാക്കിയതായി ആരോപിച്ചിട്ടുണ്ട്. ജ്യോസ്‌നക്കെതിരെയുള്ള പരാതികളോ ആ പരാതിയിന്മേലുള്ള തുടര്‍നടപടികളോ ആ സ്ഥാപനത്തിലെ നിലവിലുള്ള സൂപ്രണ്ട് പോലും അറിഞ്ഞിട്ടുണ്ടായിരുന്നില്ല എന്നത് സസ്പെന്‍ഷന് പിറകില്‍ ജില്ലാ ഓഫീസറുടെ നിഗൂഢ അജണ്ടയുണ്ടെന്ന സംശയം ബലപ്പെടുകയാണ്.

ജ്യോസ്‌നയുടെ ആത്മഹത്യയ്ക്ക് കാരണക്കാരായി കുടുംബാംഗങ്ങള്‍ ആരോപിക്കുന്ന ജില്ലാ ഓഫീസര്‍ക്കെതിരെ ശിക്ഷണ നടപടി സ്വീകരിക്കാതെ സ്ഥലംമാറ്റല്‍ നടപടി സ്വീകരിച്ച് വിഷയത്തെ ലഘൂകരിക്കാനാണ് ഔദ്യോഗിക സംവിധാനത്തിന്റെ ശ്രമം. ആത്മഹത്യയ്ക്ക് കാരണക്കാരായ അവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കണമെന്നും ജ്യോസ്‌നയുടെ കുടുംബത്തിന് നീതി നല്‍കുന്നതിനുവേണ്ടി സര്‍ക്കാര്‍തലത്തില്‍ ഇടപെടല്‍ നടത്തിയില്ലെങ്കില്‍ ശക്തമായ ജനകീയ പ്രക്ഷോഭത്തിന് കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും സതീശന്‍ പാച്ചേനി പ്രസ്താവനയില്‍ പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait