ഫാന്‍സി നമ്പറിനായി പണം അടച്ചവര്‍ക്ക് തിരികെ കിട്ടുന്നില്ലെന്ന് പരാതി

Published on 16 October 2020 3:12 pm IST
×

 

കണ്ണൂര്‍: ഫാന്‍സി നമ്പറിനായി ആര്‍.ടി ഓഫിസില്‍ അടച്ച പണം തിരികെ കിട്ടുന്നില്ലെന്ന് വാഹന ഉടമകളുടെ പരാതി. കണ്ണൂര്‍ ആര്‍.ടി ഓഫിസില്‍ മാത്രം 20 ഓളം പേര്‍ക്ക് ഇത്തരത്തില്‍ പണം കിട്ടാനുണ്ട്. 2016ല്‍ അടച്ച പണം വരെ ഇക്കൂട്ടത്തിലുണ്ടെന്ന് ഉടമകള്‍ പറയുന്നു. ആര്‍.ടി ഓഫിസിലെത്തി ചോദിക്കുമ്പോള്‍ ട്രഷറിയിലേക്ക് പണം അയച്ചെന്ന് പറഞ്ഞു മടക്കും. ട്രഷറിയിലെത്തിയാല്‍ ആര്‍.ടി.ഒ വിഭാഗം ബില്ല് സമര്‍പ്പിച്ചില്ലെന്ന് പറഞ്ഞ് മടക്കും.

കഴിഞ്ഞ നാല് വര്‍ഷമായി ട്രഷറിയിലും ആര്‍.ടി.ഓഫിസിലും ഇതിനായി കയറിയിറങ്ങുകയാണ് പലരും. 3000 രൂപയാണ് ഫാന്‍സി നമ്പര്‍ ലഭിക്കുന്നതിന് മുന്‍കൂറായി അടക്കേണ്ടത്. നമ്പര്‍ ലഭിച്ചില്ലെങ്കില്‍ പണം തിരികെ ലഭിക്കാനുള്ള അപേക്ഷ നല്‍കിയാല്‍ മടക്കിക്കൊടുക്കേണ്ടതാണ്. എന്നാല്‍ കാലമിത്രയായിട്ടും ആര്‍ക്കും പണം ലഭിച്ചില്ല. കണ്ണൂരിലെ ഒരു വാഹന ഉടമ രണ്ട് തവണയായി ഫാന്‍സി നമ്പറിന് അപേക്ഷിച്ചിരുന്നു. ഈ രണ്ടു വര്‍ഷവും അയാള്‍ക്ക് ഫാന്‍സി നമ്പര്‍ ലഭിച്ചില്ല. പകരം അടച്ച പണം തിരികെ ലഭിക്കാന്‍ നിരവധി തവണയാണ് ഓഫിസുകള്‍ കയറിയിറങ്ങിയത്. ജില്ലയിലെ മറ്റ് ആര്‍.ടി ഓഫീസുകളിലും സമാനമായ രീതിയില്‍ പണം ലഭിക്കാത്ത സാഹചര്യമുണ്ടെന്നും ഉടമകള്‍ പറയുന്നു.

 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait