രാജ്യത്ത് 63,371 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു; 24 മണിക്കൂറിനിടെ 895 മരണം

Published on 16 October 2020 11:59 am IST
×

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 63,371 പേര്‍ക്കു കൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 73,70,469 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ മാത്രം 895 മരണം കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ രാജ്യത്തുടനീളം ഇതുവരെ 1,12,161 പേര്‍ രോഗബാധ മൂലം മരണമടഞ്ഞതായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. 1.52 ശതമാനമാണ് രാജ്യത്തെ കോവിഡ് മരണനിരക്ക്.

നിലവില്‍ വിവിധ സംസ്ഥാനങ്ങളിലായി 8,04,528 രോഗികള്‍ ചികിത്സയിലുണ്ട്. 64,53,780 പേര്‍ ഇതിനോടകം രോഗമുക്തി നേടി. ഇന്ത്യന്‍ മെഡിക്കല്‍ കൗണ്‍സിലിന്റെ കണക്ക് പ്രകാരം വ്യാഴാഴ്ച വരെ 9.2 കോടിയിലേറെ സാമ്പിളുകള്‍ രാജ്യത്ത് പരിശോധിച്ചു. കര്‍ണാടകയില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ 8,000 ത്തില്‍ അധികം വര്‍ധനവുണ്ടായി. പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണത്തിലും രോഗമുക്തി നിരക്കിലും മഹാരാഷ്ട്രയാണ് ഒന്നാമത്. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കേരളം മൂന്നാമതാണ്. മഹാരാഷ്ട്രയില്‍ പുതിയ 336 മരണങ്ങളും 10,226 പുതിയ കൊവിഡ് കേസുകളും റിപ്പോര്‍ട്ട് ചെയ്തു. ആന്ധ്രാപ്രദേശില്‍ 4,038 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. പശ്ചിമ ബംഗാളില്‍ കൊവിഡ് രോഗികളുടെ എണ്ണത്തില്‍ 3,720 പേരുടെ വര്‍ധനയുണ്ടായി. ദില്ലിയില്‍ പുതിയ 3,483 കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു.

കോവിഡ് ഏറ്റവും രൂക്ഷമായി ബാധിച്ച മഹാരാഷ്ട്രയില്‍ നിലവില്‍ 1,92,936 രോഗികള്‍ ചികിത്സയില്‍ തുടരുകയാണ്. കര്‍ണാടകയില്‍ 1,13,557 പേര്‍ ഇപ്പോഴും ചികിത്സയിലുണ്ട്. കേരളത്തില്‍ 94,609 പേരും തമിഴ്‌നാട്ടില്‍ 41,872 പേരും ആന്ധ്രയില്‍ 40,047 പേരും ചികിത്സയില്‍ കഴിയുന്നുണ്ട്.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait