വി.പ്രശാന്ത് മാസ്റ്റർ തളങ്കര എം.ഐ.എ.എൽ.പി.സ്കൂളിൻ്റെ പടികളിറങ്ങി

kannur metro
Published on 16 October 2020 10:57 am IST
×

കാസർകോട്: വേറിട്ട തനതു പഠന പ്രവർത്തനങ്ങൾ നടപ്പിലാക്കി ശ്രദ്ധേയനായ വി.പ്രശാന്ത് മാസ്റ്റർ തളങ്കര എം.ഐ.എ.എൽ.പി.സ്കൂളിൻ്റെ പടികളിറങ്ങി. 1990 ൽ അദ്ധ്യാപകനായി ജോലിയിൽ പ്രവേശിച്ച അദ്ദേഹം ഹെഡ്മാസ്റ്ററായി വിരമിച്ചു.സ്വന്തം വിദ്യാലയത്തിൽ മലയാള ഭാഷയുടെ പ്രയോഗ വ്യവസ്ഥ മെച്ചപ്പെടുത്തുന്നതിനു വേണ്ടി  'വായിക്കൂ സമ്മാനം നേടൂ' എന്ന പേരിൽ ഒരു പദ്ധതി അദ്ദേഹം നടപ്പിലാക്കി. ഭാഷാ പഠന സാമഗ്രിയായി ദിനപത്രങ്ങളേയും ആനുകാലിക പ്രസിദ്ധീകരണങ്ങളേയും പ്രയോജനപ്പെടുത്തിയ ഒരു നൂതന പ്രവർത്തനമായിരുന്നു ആ പദ്ധതി. പത്രവാർത്തകൾ തയ്യാറാക്കുക ,വാർത്തകൾക്ക് തലക്കെട്ട് നൽകുക, ചിത്രങ്ങൾക്ക് അടിക്കുറിപ്പ് നൽകുക, വാർത്തയെ നോട്ടീസായും കഥയായും മാറ്റുക, പരസ്യം തയാറാക്കുക തുടങ്ങിയ നിരവധി പ്രവർത്തനങ്ങൾ കുട്ടികൾ ഏറ്റെടുത്തു.2010 ൽ 'രക്ഷിതാവിനെ അറിയാൻ' എന്ന പേരിൽ മറ്റൊരു പദ്ധതിയും നടപ്പിലാക്കി.നൂറ് ശതമാനം രക്ഷിതാക്കളേയും വിദ്യാലയവുമായി സജീവമായി ബന്ധിപ്പിക്കുക എന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. അധ്യാപകർ വിദ്യാർത്ഥികളുടെ വീടുകൾ സന്ദർശിച്ച് അവരുടെ കുടുംബം, ചുറ്റുപാടുകൾ, പരിമിതികൾ എന്നിവ മനസിലാക്കുക, മികവുകൾ പങ്കുവെക്കുക, പാഠ്യപാഠ്യേതര പ്രവർത്തനങ്ങളിൽ കുട്ടികളുടെ സഹായിയായി മാറാൻ വേണ്ട നിർദ്ദേശങ്ങൾ രക്ഷിതാക്കൾക്ക് നൽകുക തുടങ്ങിയ പ്രവർത്തനങ്ങൾ ഇതിൻ്റെ ഭാഗമായി നടത്തി.കുട്ടികൾക്കായി വായനാ കാർഡുകൾ നിർമ്മിച്ചു.വർണ്ണചിത്രങ്ങളോടുകൂടിയ വലിയ അക്ഷരങ്ങളിലുള്ള വായനാ കാർഡുകൾ കുട്ടികളിൽ വായനാശീലം വളർത്തി.തൻ്റെ വിദ്യാലത്തിൻ്റെ പുറത്തും വിദ്യാഭ്യാസ പുരോഗതിക്കായി അദ്ദേഹം നിരവധി പ്രവർത്തനങ്ങൾക്ക് നേതത്വം നൽകി.20 വർഷങ്ങൾക്ക് മുമ്പ് ജില്ലയിലെ ചില പ്രദേശങ്ങളിൽ മലയാളം മാധ്യമത്തിലുള്ള പഠനത്തിന് സൗകര്യം കുറവായിരുന്നു. കന്നട മീഡിയം സ്കൂളുകളിൽ മലയാളം സമാന്തര ഡിവിഷനുകൾക്ക് അംഗീകാരം നൽകാത്തതുമൂലമായിരുന്നു ഇത്. മലയാള പഠനത്തിന് കുട്ടികൾക്ക് അവസരം നേടിക്കൊടുക്കാൻ രൂപീകരിച്ച ജില്ലാതല കർമ്മസമിതിയുടെ ജനറൽ കൺവീനറായി അദ്ദേഹം പ്രവർത്തിച്ചു.നീണ്ട പ്രക്ഷോഭങ്ങൾക്കൊടുവിൽ കന്നട മീഡിയം സ്കൂളുകളിലെ മലയാളം സമാന്തര ഡിവിഷനുകൾക്ക് അംഗീകാരം നൽകാൻ പൊതു വിദ്യാഭാസ ഡയരക്ടർ ഉത്തരവിട്ടു. കണ്ണൂർ ജില്ലയിലെ കൊട്ടില സ്വദേശിയായ പ്രശാന്ത് മാസ്റ്റർ ദീർഘകാലം കെ എ പി ടി  യൂണിയന്റെ കാസർകോട് ജില്ലാ പ്രെസിഡന്റായി പ്രവർത്തിച്ചിട്ടുണ്ട്.കണ്ണൂർ പന്നേൻപാറ സ്വദേശിനി എം പ്രീതയാണ് ഭാര്യ.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait