പുള്ളിവാലന്‍ മുതല്‍ വിലാസിനി വരെ... ശലഭ വൈവിധ്യങ്ങള്‍ തൊട്ടറിഞ്ഞ് പാച്ചേനി ഹൈസ്‌കൂളിലെ വിദ്യാര്‍ത്ഥികള്‍

Published on 16 October 2020 10:50 am IST
×

പാച്ചേനി: ഇന്റര്‍നെറ്റിന്റെയും മൊബൈല്‍ ഗെയിമുകളുടെയും ലോകത്തു നിന്നും മാറി, തങ്ങളുടെ ചുറ്റുവട്ടത്തെ നിരീക്ഷിച്ചപ്പോള്‍ അവര്‍ കണ്ടെത്തിയത് 92 ഇനം ചിത്രശലഭങ്ങളെ. പാച്ചേനി ഗവ. ഹൈസ്‌കൂള്‍ ഇക്കോ ക്ലബ്ബിലെ അംഗങ്ങളാണ് 'ഐ നേച്വറലിസ്റ്റ്' എന്ന ഓണ്‍ലൈന്‍ സിറ്റിസണ്‍ സയന്‍സ് പോര്‍ട്ടലുമായി സഹകരിച്ച് 'ബിഗ് ബട്ടര്‍ഫ്‌ലൈ മന്ത് കേരള' യുടെ ഭാഗമായി സര്‍വ്വേ നടത്തിയത്. കോവിഡ് പ്രോട്ടോകോള്‍ പാലിച്ചുകൊണ്ട് സ്വന്തം വീട്ടുമുറ്റങ്ങളിലും പറമ്പുകളിലുമായി നടത്തിയ നിരീക്ഷണത്തിലാണ് അനേകം ശലഭ വൈവിധ്യങ്ങളെ കണ്ടെത്തിയത്. ഇവയില്‍ ഭൂരിഭാഗവും ഫോട്ടോ ഡോക്യുമെന്റേഷന്‍ നടത്തി ഐ നേച്ചറലിസ്റ്റ് പോര്‍ട്ടലില്‍ അപ്ലോഡ് ചെയ്തു.

ദേശീയ ചിത്രശലഭം പദവിയിലേക്ക് മത്സരിക്കുന്ന വിലാസിനി മുതല്‍ പുള്ളിവാലന്‍, വെള്ളിവാലന്‍, പുള്ളിച്ചാത്തന്‍, സുവര്‍ണ്ണ ഓക്കിലശലഭം, ചെഞ്ചിറകന്‍, ഒറ്റവരയന്‍ സര്‍ജന്റ്, ഇന്ത്യന്‍ നവാബ് തുടങ്ങീ ഒട്ടേറെ അപൂര്‍വ്വം ചിത്രശലഭങ്ങളെ കണ്ടെത്തി. ഇന്ത്യയിലെ ഏറ്റവും വലിയ ചിത്രശലഭമായ ഗരുഡ ശലഭത്തിന്റേതുള്‍പ്പെടെ മൂന്നിനം ശലഭങ്ങളുടെ പ്രജനന  സസ്യമായ ഗരുഡക്കൊടിയുടെ സാന്നിധ്യം വളരെ കുറഞ്ഞുവരുന്നതായി സര്‍വ്വേയില്‍ കണ്ടെത്തി. രക്ഷിതാക്കളില്‍ നിന്നും നാട്ടുകാരില്‍ നിന്നും മികച്ച പ്രതികരണമാണ് സര്‍വ്വേക്ക് ലഭിച്ചത്.

പ്രധാനാധ്യാപിക നിര്‍മല ടീച്ചര്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് കോ- ഓഡിനേറ്റര്‍ സി. റാഫി മാസ്റ്റര്‍ നേതൃത്വം നല്‍കി. വിവിധയിടങ്ങളില്‍ വിദ്യാര്‍ത്ഥികളായ അനയ്കൃഷ്ണ, പി.പി നന്ദന, ഫാത്തിമത്ത് സഫ്‌ന, വി.വി സൂര്യ , എന്‍.കെ സനിക, ഒ. മുഹമ്മദ് നിഹാല്‍, യു. ദേവിക, സന ഫാത്തിമ, സി. റസ്‌ല, ദശ്യ ഗണേഷ് എന്നിവര്‍ നേതൃത്വം നല്‍കി. ആയിഷ ഫിദ, എ.വി ദേവപ്രിയ, കെ.പി ഹാജറ, ജി. ചാരുത എന്നിവരെ മികച്ച നിരീക്ഷകരായി തെരഞ്ഞെടുക്കപ്പെട്ടു.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait