വൃദ്ധസദനത്തിലെ മേട്രന്റെ ആത്മഹത്യ: ജില്ലാ ഓഫീസറെ സ്ഥലം മാറ്റി

മേട്രനെതിരായ പരാതി വ്യാജമായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം മറ്റ് ജീവനക്കാരുടെ മേല്‍ നടപടി വേണോ എന്ന് തീരുമാനിക്കും.
Published on 16 October 2020 10:28 am IST
×

കണ്ണൂര്‍: അഴീക്കോട് വൃദ്ധസദനത്തിലെ മേട്രന്‍ ജ്യോസ്‌നയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് ആരോപണവിധേയനായ ഉദ്യോഗസ്ഥനെ സ്ഥലം മാറ്റി. ജില്ലാ ഓഫീസര്‍ പവിത്രന്‍ തൈക്കണ്ടിയെയാണ് കോഴിക്കോടേക്ക് സ്ഥലം മാറ്റിയത്. അഴീക്കോട് വൃദ്ധസദനം സൂപ്രണ്ട് മോഹനനെയും സ്ഥലം മാറ്റാന്‍ സാധ്യതയുണ്ട്. വകുപ്പ് സെക്രട്ടറി ബിജു പ്രഭാകര്‍ ഐ.എ.എസിന്റെ മേല്‍നോട്ടത്തിലാണ് പ്രാഥമിക അന്വേഷണം നടത്തി നടപടി സ്വീകരിച്ചത്. മേട്രനെതിരായ പരാതി വ്യാജമായിരുന്നോ എന്ന് അന്വേഷിക്കുന്നുണ്ട്. റിപ്പോര്‍ട്ട് കിട്ടിയ ശേഷം മറ്റ് ജീവനക്കാരുടെ മേല്‍ നടപടി വേണോ എന്ന് തീരുമാനിക്കും.

ജ്യോസ്‌ന ആത്മഹത്യ ചെയ്തതത് മേലുദ്യോഗസ്ഥന്റെ മാനസിക പീഡനത്തെ തുടര്‍ന്നായിരുന്നുവെന്ന് കുടുംബം ആരോപിച്ചിരുന്നു. വൃദ്ധസദനത്തിലെ നേഴ്‌സ് നല്‍കിയ പരാതിയില്‍ സസ്‌പെന്‍ഷനിലായി നാല് ദിവസത്തിന് ശേഷമാണ് ജ്യോസ്‌ന ജീവനൊടുക്കിയത്. ഈ പരാതി വ്യാജമാണോയെന്നും അന്വേഷിക്കുന്നുണ്ട്. നഴ്‌സിനെക്കൊണ്ട് വൃദ്ധസദനത്തിലെ പുരുഷ അന്തേവാസിയെ കുളിപ്പിക്കാന്‍ നിര്‍ബന്ധിച്ചു എന്നതായിരുന്നു പരാതി. വൃദ്ധസദനത്തിലെ സൂപ്രണ്ടിനേയോ മറ്റ് മുതിര്‍ന്ന ഉദ്യോഗസ്ഥരെയോ അറിയിക്കാതെയായിരുന്നു താല്‍ക്കാലിക ജീവനക്കാരിയായ നഴ്‌സ് പരാതി തിരുവന്തപുരത്തേക്ക് അയച്ചത്. ആറാം തീയതി പരാതി അയച്ചതിന് പിന്നാലെ എട്ടാം തീയതി മേട്രനെ സസ്‌പെന്റ് ചെയ്ത് അന്വേഷണം നടത്താന്‍ സാമൂഹിക നീതിവകുപ്പ് ഡയരക്ടര്‍ ഷീബാ ജോര്‍ജ് ഐ.എ.എസ് ഉത്തരവിട്ടു.

ജീവനക്കാരിയെ സ്വാധീനിച്ച് തിരുവനന്തപുരത്തേക്ക് പരാതി അയപ്പിച്ചത് സാമൂഹൂക നീതിവകുപ്പ് ജില്ലാ ഓഫിസര്‍ പവിത്രന്‍ തൈക്കണ്ടിയാണെന്ന് ജ്യോസ്‌നയുടെ ഭര്‍ത്താവ് ആരോപിച്ചിരുന്നു. മൂന്നു കൊല്ലം മുമ്പ് ഇതേ വൃദ്ധസദനത്തിലെ സൂപ്രണ്ടായിരുന്ന പവിത്രന്‍ ജ്യോസ്‌നയുമായി നിരന്തരം തര്‍ക്കത്തിലായിരുന്നു. ആ പ്രതികാരമാണ് മൂന്ന് വര്‍ഷമിപ്പുറം ജില്ലാ ഓഫിസറായി എത്തിയപ്പോള്‍ തീര്‍ത്തതെന്നാണ് ആരോപണം.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait