ശബരിമല ദര്‍ശനത്തിന് കൊവിഡ് നെഗറ്റീവ്, ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റുകള്‍ നിര്‍ബന്ധം

Published on 15 October 2020 7:19 pm IST
×

തിരുവനന്തപുരം: തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്രം നാളെ തുറക്കും. സുഗമമായ ദര്‍ശനം ഉറപ്പാക്കാനുള്ള എല്ലാ ക്രമീകരണങ്ങളും ഒരുക്കിയിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഒരു എസ്.പിയുടെ നേതൃത്വത്തിലുള്ള പൊലിസ് സംഘത്തെ ഇതിനോടകം സന്നിധാനത്ത് വിന്യസിച്ചു കഴിഞ്ഞു. വിര്‍ച്വല്‍ ക്യൂ വഴി ബുക്ക് ചെയ്ത 250  പേര്‍ക്കാണ് നാളെ സന്നിധാനത്ത് പ്രവേശനം അനുവദിക്കുക. 

ശബരിമലയില്‍ എത്തുന്നതിന് 48 മണിക്കൂറിനകം ലഭിച്ച കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റും മലകയറാന്‍ പ്രാപ്തരാണെന്ന് തെളിയിക്കുന്ന മെഡിക്കല്‍ ഫിറ്റ്‌നസ് സര്‍ട്ടിഫിക്കറ്റും ദര്‍ശനത്തിനെത്തുന്ന ഭക്തര്‍ കൊണ്ടുവരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. കൊവിഡ് മുക്തി നേടിയ പലര്‍ക്കും പലതരത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങളുണ്ടെന്നും മല കയറുമ്പോള്‍ അത്തരം പ്രശ്‌നങ്ങളുണ്ടാവാനുള്ള സാധ്യതയുണ്ട് എന്നതിനാലാണ് ആരോഗ്യക്ഷമത തെളിയിക്കുന്ന മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. ലോക്ക്ഡൗണും കൊവിഡും മൂലം മാസങ്ങളായി ആളുകള്‍ വീടുകളില്‍ തന്നെയിരിക്കുന്ന അവസ്ഥയുണ്ട്. അങ്ങനെയുള്ള ആളുകള്‍ പെട്ടെന്ന് മല കയറാന്‍ ചെല്ലുമ്പോള്‍ ശാരീരിക പ്രശ്‌നങ്ങളുണ്ടാവാനുള്ള സാധ്യതയും സര്‍ക്കാര്‍ പരിഗണിച്ചു. ഭക്തരുടെ സുരക്ഷ മുന്നില്‍ കണ്ട് മാത്രമാണ് മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സംവിധാനം സജ്ജമാക്കുന്നതെന്നും ഭക്തജനങ്ങള്‍ ഇതുമായി സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.  

പത്തിനും അറുപതിനും ഇടയില്‍ പ്രായമുള്ളവര്‍ക്കാണ് ദര്‍ശനത്തിന് അനുമതി നല്‍കുന്നത്. വിര്‍ച്വല്‍ ക്യൂ ടിക്കറ്റില്‍ നിര്‍ദേശിച്ച അതേസമയത്ത് തന്നെ നിലയ്ക്കലില്‍ എത്താന്‍ ഭക്തര്‍ ശ്രദ്ധിക്കണമെന്നും മാസ്‌കും സാനിറ്റൈസറും കൈയുറകളും എല്ലാവരും കൈയില്‍ കരുതണമെന്നും മുഖ്യമന്ത്രി അറിയിച്ചു. 

മല കയറുമ്പോള്‍ കൂട്ടം ചേര്‍ന്ന് സഞ്ചരിക്കാന്‍ പാടില്ലെന്നും നിശ്ചിത അകലം പാലിച്ച് വേണം മല കയറാനെന്നും മുഖ്യമന്ത്രി നിര്‍ദേശിച്ചു. വടശ്ശേരിക്കര, എരുമേലി എന്നീ വഴികളിലൂടെ മാത്രമേ ശബരിമലയിലേക്ക് പ്രവേശനം അനുവദിക്കൂ എന്നും മുഖ്യമന്ത്രി അറിയിച്ചു. എല്ലാവരും പൊലീസ് നിര്‍ദേശങ്ങള്‍ പാലിക്കണമെന്നും നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവിടങ്ങളില്‍ ആശുപത്രികള്‍ സജ്ജമാണെന്നും മുഖ്യമന്ത്രി വിശദീകരിച്ചു. പമ്പ ത്രിവേണിയില്‍ കുളിക്കാന്‍ ആരേയും അനുവദിക്കില്ലെന്നും എന്നാല്‍ ഭക്തര്‍ക്ക് കുളിക്കാനായി ഷവര്‍ സംവിധാനം ഒരുക്കിയിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait