ലാവലിന്‍ കേസ് പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടിവെക്കണമെന്ന് സി.ബി.ഐ 

Published on 15 October 2020 3:29 pm IST
×

ന്യൂഡല്‍ഹി: എസ്.എന്‍.സി ലാവലിനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നത് രണ്ടാഴ്ചത്തേക്ക് നീട്ടി വെക്കണമെന്ന് ആവശ്യപ്പെട്ട് സി.ബി.ഐ അഭിഭാഷകന്‍ സുപ്രീംകോടതിക്ക് കത്ത് നല്‍കി. സി.ബി.ഐക്ക് വേണ്ടി അഭിഭാഷകന്‍ അരവിന്ദ് കുമാര്‍ ശര്‍മയാണ് കത്ത് നല്‍കിയത്. മുഖ്യമന്ത്രി പിണറായി വിജയനെ ഉള്‍പ്പെടെ വെറുതെ വിട്ട ഹൈക്കോടതി വിധിക്കെതിരെ സുപ്രീംകോടതിയില്‍ നല്‍കിയ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നത് താല്‍ക്കാലികമായി മാറ്റി വയ്ക്കണമെന്നാണ് ആവശ്യം. നാളെ കേസ് പരിഗണിക്കാനിരിക്കെയാണ് സി.ബി.ഐയുടെ നിര്‍ണായക നീക്കം.

കേസുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കാനാണ് കൂടുതല്‍ സമയം സി.ബി.ഐ തേടിയത്. കേസിന്റെ വസ്തുതകള്‍ അടങ്ങിയ സമഗ്രമായ നോട്ട് സമര്‍പ്പിക്കാന്‍ സി.ബി.ഐയോട് നേരത്തെ കോടതി നിര്‍ദേശിച്ചിരുന്നു. ഈ നോട്ട് സമര്‍പ്പിക്കാനാണ് കൂടുതല്‍ സമയം സി.ബി.ഐ തേടിയിരിക്കുന്നത്. ഒക്ടോബര്‍ എട്ടിന് കേസില്‍ വാദം കേട്ടപ്പോള്‍, സി.ബി.ഐയ്ക്ക് പറയാനുള്ളതെല്ലാം ഒരു കുറിപ്പായി സമര്‍പ്പിക്കണമെന്ന് ജസ്റ്റിസ് യു.യു ലളിത് അധ്യക്ഷനായ ബെഞ്ച് ആവശ്യപ്പെട്ടിരുന്നു. രണ്ട് കോടതികള്‍ വെറുതെ വിട്ട കേസായതിനാല്‍, ഇനി കേസില്‍ വാദം കേള്‍ക്കുമ്പോള്‍ ശക്തമായ വാദമുഖങ്ങളുമായി വരണമെന്ന് സി.ബി.ഐയോട് കോടതി പറയുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് രണ്ടാഴ്ചത്തേക്ക് കൂടി കേസില്‍ വാദം കേള്‍ക്കുന്നത് നീട്ടിവച്ച്, കൂടുതല്‍ സമയം നല്‍കണമെന്ന് കോടതിയില്‍ സി.ബി.ഐ അപേക്ഷ നല്‍കുന്നത്. 

നാളെ ജസ്റ്റിസുമാരായ യു.യു. ലളിത്, ആര്‍. സുബാഷ് റെഡ്ഡി, എസ്. രവീന്ദ്ര ഭട്ട് എന്നിവര്‍ അടങ്ങിയ ബെഞ്ച് പരിഗണിക്കേണ്ട 23-ാമത്തെ കേസാണ് ലാവലിനുമായി ബന്ധപ്പെട്ട വിവിധ ഹര്‍ജികള്‍. ഹര്‍ജികള്‍ നീട്ടിവെക്കണമെന്ന സി.ബി.ഐയുടെ ആവശ്യം കോടതി അംഗീകരിച്ചാല്‍ ലാവലിന്‍ കേസ് ദീപാവലി അവധിക്ക് ശേഷം നവംബര്‍ പകുതിക്ക് ശേഷമേ ഇനി കോടതിയില്‍ വരാന്‍ സാധ്യതയുള്ളൂ.

ലാവലിന്‍ കേസില്‍ പിണറായി വിജയന്‍ ഉള്‍പ്പടെ ഉള്ളവരെ പ്രതിപട്ടികയില്‍ നിന്ന് ഒഴിവാക്കിയ ഹൈക്കോടതി വിധിയില്‍ ഇടപെടണമെങ്കില്‍ സി.ബി.ഐ ശക്തമായ വസ്തുതകള്‍ നിരത്തണമെന്ന് സുപ്രീംകോടതി നേരത്തെ വ്യക്തമാക്കിയിരുന്നു. കേസില്‍ വിചാരണ കോടതിയും, ഹൈക്കോടതിയും ചിലരെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. രണ്ട് കോടതികള്‍ ഒരേ വിധി പ്രസ്താവിച്ച സാഹചര്യത്തില്‍ തങ്ങളുടെ ഇടപെല്‍ ഉണ്ടാകണമെങ്കില്‍ ശക്തമായ വസ്തുതകള്‍ വേണമെന്നും ബെഞ്ചിന് നേതൃത്വം നല്‍കുന്ന ജസ്റ്റിസ് യു.യു  ലളിത് ചൂണ്ടിക്കാട്ടിയിരുന്നു.

2017 ലാണ് പിണറായി വിജയന്‍, കെ. മോഹനചന്ദ്രന്‍, എ. ഫ്രാന്‍സിസ് എന്നിവരെ കേരള ഹൈക്കോടതി കുറ്റവിമുക്തരാക്കിയത്. വ്യക്തമായ രേഖകള്‍ ഇല്ലാതെ ഹൈക്കോടതി വിധിയില്‍ ഇടപെടില്ല എന്ന സൂചന കൂടിയാണ് ആ പരാമര്‍ശത്തിലൂടെ സുപ്രീംകോടതി നല്‍കിയത്. ഹൈക്കോടതി വിവേചനപരമെന്ന് ചൂണ്ടിക്കാട്ടി ഇപ്പോഴും പ്രതിപ്പട്ടികയില്‍ തുടരുന്ന കസ്തൂരി രങ്കഅയ്യര്‍, ആര്‍. ശിവദാസന്‍, കെ.ജി രാജശേഖരന്‍ എന്നിവര്‍ നല്‍കിയ ഹര്‍ജിയും സുപ്രീംകോടതിയിലുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait