കണ്ണൂര്‍ ജില്ലയില്‍ ഇന്ന് 337 പേര്‍ക്ക് കൂടി കൊവിഡ്; 320 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെ       ജില്ലാ കലക്ടര്‍ ഉത്തരവിറക്കി: കെട്ടിടങ്ങള്‍ക്കകത്തെ ഒത്തുചേരലുകളില്‍ പരമാവധി 20 പേര്‍        സംസ്ഥാനത്ത് ഇന്ന് 7983 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു; കണ്ണൂര്‍ ജില്ലയില്‍ 337 പേര്‍ക്ക്       ചന്ദനം മുറിച്ചുകടത്താന്‍ ശ്രമം: രണ്ടുപേര്‍ അറസ്റ്റില്‍      മട്ടന്നൂര്‍ ചാലോട് കാറും ലോറിയും കൂട്ടിയിടിച്ചു; കാര്‍ യാത്രികര്‍ക്ക് പരിക്ക്         മകന് മൗനാനുവാദം നല്‍കുന്ന പിതാവിന് പൊതുരംഗത്ത് തുടരാന്‍ അര്‍ഹതയില്ല: കെ.കെ രമ      കണ്ണൂര്‍ ജില്ലയില്‍ നിരോധനാജ്ഞ നീട്ടി       പെരിങ്ങോം പീഡനം: രണ്ടുപേര്‍ കൂടി അറസ്റ്റില്‍      കോടിയേരി സ്ഥാനം ഒഴിയേണ്ടതില്ല; സംസ്ഥാന സെക്രട്ടറിക്ക് പിന്തുണയുമായി സി.പി.എം കേന്ദ്ര നേതൃത്വം

എട്ടുപതിറ്റാണ്ട് നീണ്ട കാവ്യജീവിതം : ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസകാരൻ ഓർമ

kannur metro
Published on 15 October 2020 10:05 am IST
×

തൃശ്ശൂർ:  എട്ടുപതിറ്റാണ്ട് നീണ്ട കാവ്യജീവിതത്തിന് ശേഷം ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസകാരൻ അങ്ങനെ ഓർമയാവുകയാണ്.
1926 മാർച്ച് 18-ന് അമേറ്റൂർ അക്കിത്തത്ത് മനയിലാണ് കവിയുടെ ജനനം. അച്ഛൻ വാസുദേവൻ നമ്പൂതിരി. അമ്മ ചേകൂർ മനയ്ക്കൽ പാർവതി അന്തർജനം. പ്രസിദ്ധചിത്രകാരനായ അക്കിത്തം നാരായണൻ സഹോദരനാണ്. മകൻ അക്കിത്തം വാസുദേവനും ചിത്രകാരൻ തന്നെ. ഭാര്യ ശ്രീദേവി അന്തർജനം.
2019 നവംബറിൽ രാജ്യം അക്കിത്തത്തിന് ജ്ഞാനപീഠപുരസ്കാരം നൽകി ആദരിച്ചിരുന്നു. 2017-ൽ പദ്മശ്രീ പുരസ്കാരവും, 2012-ൽ വയലാർ പുരസ്കാരവും, 2008-ൽ എഴുത്തച്ഛൻ പുരസ്കാരവും 1974-ൽ ഓടക്കുഴൽ അവാർഡും, 1972-ലും 73-ലുമായി കേരള, കേന്ദ്രസാഹിത്യ അക്കാദമി അവാർഡുകളും അക്കിത്തത്തിന് ലഭിച്ചു.
1930-കളിൽ പുരോഗമനപരമായി ചിന്തിച്ച മറ്റേതൊരു നമ്പൂതിരി യുവാവിനെയും പോലെ, സാമുദായിക നവീകരണപ്രസ്ഥാനങ്ങളിലൂടെയാണ് അക്കിത്തം പൊതുരംഗത്തേക്ക് പ്രവേശിക്കുന്നത്. അന്ന് വി ടി ഭട്ടതിരിപ്പാടായിരുന്നു അക്കിത്തത്തിന്‍റെ ഗുരു. നമ്പൂതിരിയെ മനുഷ്യനാക്കാനുള്ള ആ പ്രക്ഷോഭത്തിൽ, പഴകിയ ആചാരങ്ങളുടെ പായൽ പിടിച്ച തറവാട്ടകങ്ങളിൽ നിന്ന് പുരോഗമനപ്രസ്ഥാനങ്ങളിലേക്ക് ഇറങ്ങി നടന്നു അദ്ദേഹമുൾപ്പടെയുള്ള തലമുറ. സംസ്കൃതവും വേദവുമല്ലാതെ, മലയാളം പഠിച്ചു. ഇംഗ്ലീഷ് പഠിച്ചു. 1946 മുതൽ മൂന്ന് വർഷം ഉണ്ണിനമ്പൂതിരിയുടെ പ്രസാധകനായിരുന്നു അദ്ദേഹം. മംഗളോദയം, യോഗക്ഷേമം എന്നിവയുടെ സഹപത്രാധിപരായി.
ഇടശ്ശേരിയുടെ നേതൃത്വത്തിൽ പൊന്നാനിയിലുരുവം കൊണ്ട ഒരു സാംസ്കാരികപരിസരം അക്കിത്തത്തിലെ കവിയെ വളർത്തി. മാനവികയിലൂന്നി വളർന്ന കൂട്ടായ്മയായിരുന്നു അത്. എം ഗോവിന്ദന്‍റെ മാനവികയിലൂന്നി നിൽക്കുന്ന ആശയങ്ങൾ അക്കിത്തത്തിൽ വലിയ സ്വാധീനം ചെലുത്തി. എം എൻ റോയിയെ നേരിട്ട് പരിചയമൊന്നുമുണ്ടായിരുന്നില്ലെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ 'പാദമുദ്ര' എന്ന പരിപാടിയിൽ അക്കിത്തം പറയുന്നുണ്ട്. എം ഗോവിന്ദനുമായി കുനുകുനാ എഴുതിയിരുന്ന ഇൻലൻഡ് കത്തുകളിലൂടെ മാനവികദർശനം വായിച്ച് സംവദിച്ചു അദ്ദേഹം.

''കവിതയുടെ മർമ്മം സ്നേഹവും ജീവാനുകമ്പയുമൊക്കെയാണല്ലോ. എന്നെ സംബന്ധിച്ചിടത്തോളം ഈ പശ്ചാത്തലത്തിൽ നിന്നുണ്ടായ അഗ്നിയാകാം എന്നിലും സ്വാധീനം ചെലുത്തിയിട്ടുണ്ടാകുക'', എന്ന് പറയുന്നു കവി.
ആദ്യഘട്ടത്തിൽ ഇടതുസംഘടനകളുമായി സജീവബന്ധം പുലർത്തി അദ്ദേഹം. ഇഎംഎസ്സുമായി അടുത്ത വ്യക്തിബന്ധമുണ്ടായിരുന്നു അക്കിത്തത്തിന്.

''ഒരു കണ്ണീർക്കണം മറ്റു
ള്ളവർക്കായ് ഞാൻ പൊഴിക്കവേ
ഉദിക്കയാണെന്നാത്മാവി-
ലായിരം സൗരമണ്ഡലം
ഒരു പുഞ്ചിരി ഞാൻ മറ്റു
ള്ളവർക്കായ്‍ച്ചെലവാക്കവേ
ഹൃദയത്തിലുലാവുന്നു
നിത്യനിർമലപൗർണമി'', എന്ന് കവി ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസത്തിലൂടെ കവി ബോധോദയമാർന്നത് ആ ആശയധാര ചെലുത്തിയ സ്വാധീനത്തിന്‍റെ പിൻബലം കൊണ്ടുതന്നെയാണ്.
വെറും ഇരുപത്തിയാറാം വയസ്സിലാണ് കവി ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം എഴുതിയത്. ഹിംസാത്മകമായ സമരങ്ങളെ, ഇടതുപക്ഷമുന്നേറ്റം നടന്ന കാലഘട്ടത്തിൽ എതിർത്തതോടെ, അക്കിത്തത്തെ ഇടതുപക്ഷവിരുദ്ധനായി മുദ്രകുത്തിയവരുണ്ടായി. കമ്മ്യൂണിസത്തിനെതിരായിരുന്നില്ല, ആ കവിത ഹിംസയ്ക്ക് എതിരായിരുന്നുവെന്ന് അക്കിത്തം പിന്നീട് പറ‌ഞ്ഞിട്ടുണ്ട്.
മൂന്ന് പതിറ്റാണ്ട് ആകാശവാണിയിൽ ജോലി ചെയ്തു അദ്ദേഹം. 1956-ൽ കോഴിക്കോട് ആകാശവാണി നിലയത്തിൽ സ്ക്രിപ്റ്റ് എഴുത്തുകാരനായിട്ടായിരുന്നു തുടക്കം. പിന്നീട് 1975-ഓടെ തൃശ്ശൂർ ആകാശവാണിയിൽ എഡിറ്ററായി. 1985-ൽ വിരമിച്ചു.
'ജലകാമനയുടെ വേദാന്തം' എന്ന് ആർ വിശ്വനാഥൻ അക്കിത്തത്തിന്‍റെ കവിതകളെ വിശേഷിപ്പിച്ചിട്ടുണ്ട്. ഒരു കണ്ണീർക്കണമില്ലാതെ കവിയുടെ കവിതകളവസാനിക്കുന്നില്ല. കണ്ണീരും ചിരിയും ഒരേ സത്യബോധത്തിന്‍റെ സ്നേഹാനുഭവമാണെന്ന് നമ്മളോട് പറഞ്ഞ്, ഇരുപതാംനൂറ്റാണ്ടിന്‍റെ ഇതിഹാസമെഴുതിവച്ച്, മടങ്ങുന്നു കവി.
''അതുകൊണ്ടും മതിവരില്ലെന്ന് കാണ്മൂ
പതുക്കെ ഞാൻ
എണ്ണിത്തീർക്കാവതല്ലല്ലോ തിര, താരം, മണൽത്തരി....''
അക്കിത്തത്തിന്‍റെ പ്രധാനകൃതികൾ: ഇരുപതാം നൂറ്റാണ്ടിന്‍റെ ഇതിഹാസം, വെണ്ണക്കല്ലിന്‍റെ കഥ, ബലിദർശനം, വളക്കിലുക്കം, മനഃസ്സാക്ഷിയുടെ പൂക്കൾ, നിമിഷക്ഷേത്രം, പഞ്ചവർണ്ണക്കിളി, ഇടിഞ്ഞു പൊളിഞ്ഞ ലോകം, അമൃതഗാഥിക, ആലഞ്ഞാട്ടമ്മ, കരതലാമലകം, കളിക്കൊട്ടിലിൽ, സമത്വത്തിന്‍റെ ആകാശം. വിവർത്തനം: ശ്രീമദ്ഭാഗവതം - വിവർത്തനത്തിന്‍റെ മൂന്ന് വാല്യങ്ങൾ. മലയാള കവിതയുടെ ഒരു കാലഘട്ടമാണ് അവസാനിക്കുന്നത് 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait