ചെടികള്‍ക്കൊപ്പം വാര്‍ധക്യം ആന്ദമാക്കി പ്രിയപ്പന്‍ മാഷും പത്‌നിയും 

നിങ്ങള്‍ നിങ്ങളുടെ വാര്‍ധക്യം എവിടെ കഴിച്ചുമൂടും ? ഈ മണ്ണില്‍, ഈ ചെടികള്‍ക്കൊപ്പം.. അവ തളിര്‍ക്കുമ്പോള്‍ ഞങ്ങള്‍ വീണ്ടും ജനിക്കും.. ഇലകള്‍ വളരുമ്പോള്‍ ഞാനെന്റെ ബാല്യം തൊട്ടറിയും അത് പൂവിടുമ്പോള്‍ ഞങ്ങള്‍ യൗവ്വനത്തിലേക്ക് നടന്നു കയറും ഈ പൂന്തോട്ടം നമ്മുടെ പ്രായത്തെ മായിച്ചു കളയുന്നു.. 'സൗഭാഗ്യ'ത്തില്‍ നിന്നും മടങ്ങുന്നവര്‍ക്കുള്ള ഉത്തരങ്ങള്‍ ഇങ്ങനെ പലതുമായിരിക്കും.. 
Published on 09 October 2020 4:29 pm IST
×

തളിപ്പറമ്പ് പുഷ്പഗിരിയില്‍ ഗാന്ധിനഗര്‍ റോഡിലെ 'സൗഭാഗ്യ'ത്തില്‍ മുറ്റം നിറയെ ചെടികളാണ്. രണ്ട് മനുഷ്യര്‍ രാവും പകലുമെടുത്ത് പരിപാലിച്ചുപോരുന്ന മനോഹരമായ ചെടികള്‍. 75 വയസുള്ള പ്രീയപ്പന്‍ മാഷിനും 65 വയസുള്ള നൈന ടീച്ചര്‍ക്കും അലങ്കാരത്തിനപ്പുറം അവയൊക്കെ അവരുടെ പൊന്നോമനകളാണ്. വാര്‍ധക്യം ആന്ദമാക്കി വാടാതെ തളരാതെ അടുക്കും ചിട്ടയില്‍ 73 ഇനം അലങ്കാരച്ചെടികള്‍ ഇപ്പോള്‍ ഈ മുറ്റത്തുണ്ട്. 

തളിപ്പറമ്പ് ടാഗൂര്‍ വിദ്യാനികേതന്‍ സ്‌കൂളില്‍ നിന്നും പ്രധാനാധ്യാപകനായി വിരമിച്ച പ്രീയപ്പന്‍ മാഷിനും കണിയഞ്ചാല്‍ സ്‌കൂളില്‍ നിന്ന് പ്രിന്‍സിപ്പലായി വിരമിച്ച നൈന ടീച്ചറും കൂടുതല്‍ സമയവും ചെലവഴിക്കുന്നത് പൂന്തോട്ടത്തിലാണ്. നീണ്ടകാലത്തെ അധ്യാപന ജീവിതത്തില്‍ നിന്നും പടിയിറങ്ങിയപ്പോള്‍ ഒരു കൗതുകത്തിനു വേണ്ടിയാണ് ഇരുവരും ചെടികള്‍ വച്ചുപിടിച്ചു തുടങ്ങിയത്. പിന്നീടത് പറിച്ചെറിയാന്‍ പറ്റാത്ത ദൈനംദിന ജീവിതത്തിന്റെ ഭാഗമായി. എവിടെയെങ്കിലും പോയാല്‍ ചെടികളിലേക്കുള്ള നോട്ടം കൂടിക്കൂടി വന്നപ്പോള്‍ മടികൂടാതെ ചോദിച്ചു വാങ്ങി. നഴ്‌സറികളില്‍ നിന്നും എത്തിച്ചും സുഹൃത്തുക്കള്‍ നല്‍കിയും 'സൗഭാഗ്യ'യില്‍ ചെടികള്‍ നിറഞ്ഞു തുടങ്ങി. മണ്ണ് നിറക്കാനും വെള്ളം നനയ്ക്കാനും തൊട്ട് ചെടിച്ചട്ടികള്‍ക്ക് പെയിന്റടിക്കാന്‍ വരെ ടീച്ചറും മാഷും സമയം കണ്ടെത്തിയപ്പോള്‍ മുറ്റത്തെ ചെടി ശേഖരം കളര്‍ഫുള്ളായി.

20 വര്‍ഷം മുമ്പ് അധ്യാപന ജീവിതം അവസാനിപ്പിച്ചപ്പോള്‍ വായനയും ഗ്രന്ഥശാല പ്രവര്‍ത്തനവുമായി സജീവമായിരുന്നു. ഇതിനിടയില്‍ ചെടികള്‍ പരിപാലിക്കുന്നതുപോലെ കൃഷിയിലും ഒരുകൈ നോക്കാനായി വീടിനോട് ചേര്‍ന്ന് 32 സെന്റ് ഭൂമി വാങ്ങി. പാറകള്‍ നിറഞ്ഞ സ്ഥലത്ത് മണ്ണിട്ട് കൃഷി യോഗ്യമാക്കി ഇടവിളയായി കൃഷിയിറക്കി. തുടക്കത്തില്‍ വലിയ വിളവൊന്നും ലഭിച്ചില്ലെങ്കിലും പിന്നീട് മാറ്റം കണ്ടുതുടങ്ങി. ഇപ്പോള്‍ ഒരു വീട്ടിലേക്കല്ല നിരവധി വീട്ടിലേക്കുള്ള പച്ചക്കറികളും പഴങ്ങളും കിഴങ്ങുകളും പ്രീയപ്പന്‍ മാഷ് നട്ടുനനച്ചുണ്ടാക്കി. പറമ്പിലെ കിണറ്റില്‍ നിന്ന് ചെറിയ പൈപ്പുകള്‍ വഴി വെള്ളം ചെടികളുടെ ചുവട്ടിലേക്കെത്തിച്ചും രാസവളം പടിക്ക് പുറത്തു നിര്‍ത്തി ചാണകവും വേപ്പിന്‍ പൊടിയും കടലപ്പിണ്ണാക്കും ഉപയോഗിച്ചും
സമൃദ്ധമായി കൃഷിയിടം. വെള്ളവും വളവും കൂടാതെ മാഷിന്റെ ശ്രദ്ധയോടെയുള്ള പരിപാലനവും കൊണ്ടും എല്ലാം തളിര്‍ത്തു കായിച്ചു. വാഴ, ചീര, വെണ്ട, വഴുതന, ചേന, ചേമ്പ്, കപ്പ, കാച്ചില്‍, കാന്താരി, പച്ചമുളക്, തക്കാളി, മഞ്ഞള്‍, പപ്പായ, കറിവേപ്പില, ഫാഷന്‍ ഫ്രൂട്, പേരക്ക തുടങ്ങി പറ്റാവുന്നതൊക്കെ കൃഷിയിറക്കി. ഇതിനു പുറമേ താറാവിനും കോഴികള്‍ക്കും കൃഷിയിടത്തില്‍ തന്നെ കൂടൊരുക്കി. കാലത്ത് അഞ്ചുമണിക്ക് എണീറ്റുള്ള നടത്തത്തിനു ശേഷം മാഷ് കൃഷിയിടത്തിലെത്തും. അടിക്കാട് വെട്ടുന്ന ജോലിക്ക് മാത്രം പുറത്തു നിന്നും ആളെ വിളിച്ച് ബാക്കിയൊക്കെ സ്വന്തം അധ്വാനം തന്നെ. ഓരോ ചെടിയേയും കുട്ടികളെ പോലെ പരിപാലിച്ചാല്‍ അവ നല്ല വിളവു തന്ന് സന്തോഷിപ്പിക്കുമെന്ന് ജീവിത പാതിവരെ വിദ്യാര്‍ഥികള്‍ക്കൊപ്പം ചെലവഴിച്ച പ്രീയപ്പന്‍ മാഷ് പറയുമ്പോള്‍ അതില്‍ അദ്ഭുതപ്പെടാന്‍ ഒന്നുമില്ല. കൂടെ നൈന ടീച്ചറുടെ പിന്തുണയും കൂടിയാകുമ്പോള്‍ എല്ലാറ്റിനും ഇരട്ടി മധുരം. 

കുട്ടനാട് രാമങ്കര സ്വദേശിയായ എന്‍.പി പ്രീയപ്പന്‍ മാഷ് ചപ്പാരപ്പടവിലെ ഒരു പ്രൈവറ്റ് സ്‌കൂളില്‍ അധ്യാപകനായി കണ്ണൂരിലെത്തുകയായിരുന്നു. ഇതേ സ്‌കൂളില്‍ അധ്യാപികയായിരുന്ന നൈന ടീച്ചറെ വിവാഹം ചെയ്തതോടെ പുഷ്പഗിരിയില്‍ വീട് വച്ച് താമസം തുടങ്ങി. സര്‍ക്കാര്‍ തലത്തില്‍ പ്രവേശനം ലഭിച്ച് കാസര്‍കോട്, കൊട്ടില, കല്ല്യാശ്ശേരി എന്നിവിടങ്ങളിലെല്ലാം അധ്യാപകനായി പ്രീയപ്പന്‍ മാഷ് സേവനമനുഷ്ടിച്ചു. പിന്നീട് തളിപ്പറമ്പ് ടാഗൂര്‍ വിദ്യാനികേതനില്‍ 13 വര്‍ഷത്തെ സേവനത്തിനു ശേഷം പ്രിന്‍സിപ്പലായി വിരമിക്കുകയായിരുന്നു. കണിയഞ്ചാല്‍ സ്‌കൂളില്‍ നിന്ന് പ്രിന്‍സിപ്പലായാണ് നൈന ടീച്ചര്‍ വിരമിച്ചത്. സരില്‍(യു.കെ), ഷമില്‍ (ബിസിനസ്), സേതുലക്ഷ്മി (കുവൈറ്റ്), സീതാലക്ഷ്മി (യു.എസ്.എ) എന്നിവരാണ് മക്കള്‍.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait