കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ നവംബര്‍ ഒന്നുമുതല്‍ തുറക്കും 

Published on 30 September 2020 11:22 pm IST
×

കണ്ണൂര്‍: കോവിഡ് 19 മഹാമാരിയില്‍ നിശ്ചലമായ കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഭാഗിക നിയന്ത്രണങ്ങളോടെ തുറന്നു പ്രവര്‍ത്തിക്കാന്‍ തീരുമാനിച്ചു. നവംബര്‍ ഒന്നുമുതലാണ് ജില്ലയിലെ പ്രധാന വിനോദസഞ്ചാര കേന്ദ്രങ്ങള്‍ തുറക്കുക.

മുഴപ്പിലങ്ങാട് ബീച്ച്, തലശ്ശേരി പാര്‍ക്ക്, പാലക്കയംതട്ട്, വയലപ്രം പാര്‍ക്ക് എന്നിവയാണ് ആദ്യഘട്ടത്തില്‍ തുറക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങള്‍. പയ്യാമ്പലം ബീച്ച്, ചാല്‍ ബീച്ച് എന്നിവയും ഇതോടൊപ്പം തുറക്കും. കണ്ണൂര്‍ കോട്ടയും തുറക്കുന്നതോടെ കണ്ണൂരിലെ വിനോദസഞ്ചാര മേഖല സജീവമാകും. കൂടുതല്‍ ടൂറിസ്റ്റുകളെ ആകര്‍ഷിക്കാനുമാകും. അനുബന്ധ മേഖലയും പ്രവര്‍ത്തിച്ചു തുടങ്ങുന്നതോടെ നൂറുകണക്കിനാളുകളുടെ ജീവിതവും പച്ചപിടിക്കും. ഇക്കാര്യം ആലോചിക്കാന്‍ വിനോദസഞ്ചാര വകുപ്പും പോലീസും തദ്ദേശ സ്ഥാപനങ്ങളും യോഗം ചേരും. അടുത്തയാഴ്ചയോടെ യോഗം ചേരാനാണ് തീരുമാനം. ഇതോടെ സഞ്ചാരികളെ ടൂറിസ്റ്റ് കേന്ദ്രങ്ങളിലേക്ക് പ്രവേശിപ്പിക്കുന്നതിന് മാര്‍ഗരേഖയാകും. 

കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സഞ്ചാരികളെ പ്രവേശിപ്പിക്കുക. ആറുമാസത്തെ സ്തംഭനാവസ്ഥ സൃഷ്ടിച്ച കടുത്ത പ്രതിസന്ധി അതിജീവിക്കുന്നതിനായി പ്രവേശന നിരക്ക് കുറച്ചും കൂടുതല്‍ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കിയും സഞ്ചാരികളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുകയാണ് ടൂറിസം വകുപ്പ്. വടക്കന്‍ ജില്ലകളിലെ ഏറ്റവും പ്രധാനപ്പെട്ട ബീച്ചുകള്‍ കണ്ണൂര്‍ ജില്ലയിലാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait