ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി

വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി
Published on 28 September 2020 3:15 pm IST
×

തിരുവനന്തപുരം: കോഴിക്കോട് ഇരട്ടക്കുട്ടികള്‍ മരിച്ച സംഭവത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ട് ആരോഗ്യമന്ത്രി കെ.കെ ശൈലജ. സംഭവത്തെക്കുറിച്ച് അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ആരോഗ്യവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയോടാണ് ആരോഗ്യമന്ത്രി ആവശ്യപ്പെട്ടത്. എത്രയും വേഗം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് നല്‍കണമെന്നാണ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ആരോഗ്യമന്ത്രി നല്‍കിയ നിര്‍ദേശം. വളരെ വേദനാജനകമായ സംഭവമാണിതെന്നും കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ആരോഗ്യമന്ത്രി വ്യക്തമാക്കി.

കൊവിഡ് മുക്തയായ ഗര്‍ഭിണിക്ക് മഞ്ചേരി മെഡിക്കല്‍ കോളേജ് ഉള്‍പ്പെടെ അഞ്ച് ആശുപത്രികളാണ് ചികിത്സ നിഷേധിച്ചത്. മലപ്പുറം കിഴിശേരിയിലെ യുവതിക്കാണ് ചികിത്സ നിഷേധിച്ചത്. ഇതേ തുടര്‍ന്ന് യുവതിയുടെ ഇരട്ടക്കുട്ടികള്‍ പ്രസവത്തിനിടെ മരിച്ചു. എന്‍.സി ഷെരീഫ്-സഹല ദമ്പതികള്‍ക്കാണ് ഈ ദുരവസ്ഥയുണ്ടായത്. സ്വകാര്യ ആശുപത്രികള്‍ ആര്‍.ടി പി.സി.ആര്‍ ഫലം വേണമെന്ന് നിര്‍ബന്ധം പിടിച്ചെന്ന് ഭര്‍ത്താവ് ഷെരീഫ് പറയുന്നു. 

മഞ്ചേരി മെഡിക്കല്‍ കോളേജില്‍ നിന്ന് കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കി രണ്ട് ദിവസം മുമ്പാണ് സഹല വീട്ടിലേക്ക് പോയത്. തുടര്‍ന്ന് കടുത്ത വേദനയെ തുടര്‍ന്നാണ് പുലര്‍ച്ചെ തിരികെ ആശുപത്രിയില്‍ എത്തിയത്. എന്നാല്‍ കൊവിഡ് ചികിത്സ പൂര്‍ത്തിയാക്കിയതിനാല്‍ കൊവിഡ് ആശുപത്രിയായ മഞ്ചേരിയില്‍ പ്രവേശിപ്പിക്കാനാകില്ലെന്ന നിലപാടാണ് അധികൃതര്‍ സ്വീകരിച്ചത്. പിന്നീട് അഞ്ച് ആശുപത്രികള്‍ കയറിയിറങ്ങി. കൊവിഡിന്റെ ആര്‍.ടി പി.സി.ആര്‍ ഫലം വേണമെന്ന് ആശുപത്രികളില്‍ നിന്ന് നിര്‍ബന്ധം പിടിച്ചുവെന്ന് കുടുംബം പറയുന്നു.

കോട്ടപ്പറമ്പ് സര്‍ക്കാര്‍ ആശുപത്രിയിലും ഗര്‍ഭിണിക്ക് ചികിത്സ നല്‍കിയില്ല. കോട്ടപ്പറമ്പ് ആശുപത്രിയില്‍ ഡോക്ടര്‍മാരില്ലായിരുന്നു. 14 മണിക്കൂറോളം ചികിത്സ കിട്ടിയില്ല. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ എത്തിയപ്പോഴേക്കും 14 മണിക്കൂര്‍ കഴിഞ്ഞു. പ്രസവത്തില്‍ രണ്ട് കുട്ടികളും മരിച്ചു. വീഴ്ചയുണ്ടായോയെന്ന്  പരിശോധിക്കുമെന്ന് മഞ്ചേരി മെഡിക്കല്‍ കോളേജ് സൂപ്രണ്ട് പറഞ്ഞു. നാളെ വിശദമായ അന്വേഷണം നടത്തുമെന്നും സൂപ്രണ്ട് അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait