യു.ഡി.എഫ് പ്രത്യക്ഷ സമരങ്ങള്‍ നിര്‍ത്തുന്നു; ഇനി പ്രതിഷേധം മാത്രം: രമേശ് ചെന്നിത്തല

Published on 28 September 2020 2:59 pm IST
×

തിരുവനന്തപുരം: യു.ഡി.എഫ് പ്രത്യക്ഷ സമരങ്ങള്‍ നിര്‍ത്തുന്നതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സംസ്ഥാനത്ത് കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിലാണ് ആള്‍ക്കൂട്ട സമരങ്ങള്‍ താത്കാലികമായി നിര്‍ത്തിവയ്ക്കുന്നതെന്നും സര്‍ക്കാരിനെതിരായ പ്രതിഷേധം ഇനിയും തുടരുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു. 

ഇന്ന് രാവിലെ യു.ഡി.എഫ് നേതക്കാള്‍ തമ്മില്‍ അനൗദ്യോഗികമായി നടത്തിയ ചര്‍ച്ചയിലാണ് ആള്‍ക്കൂട്ട സമരം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ ധാരണയായത്. സംസ്ഥാനത്തെ എല്ലാ ജില്ലകളിലും സെക്രട്ടേറിയറ്റ് കേന്ദ്രീകരിച്ച് പ്രത്യേകിച്ചും യു.ഡി.എഫ് അതിശക്തമായ സമരമാണ് കഴിഞ്ഞ ആഴ്ചകളില്‍ നടത്തിയത്. പലപ്പോഴും ഈ സമരങ്ങള്‍ പോലീസ് നടപടിയിലും സംഘര്‍ഷത്തിലുമാണ് അവസാനിക്കാറുള്ളത്.

സ്വര്‍ണക്കടത്ത്, ലൈഫ് മിഷന്‍, സ്പ്രിംഗ്‌ളര്‍ തുടങ്ങി വിവിധ വിഷയങ്ങളില്‍ സര്‍ക്കാരിനെ കടന്നാക്രമിച്ചു കൊണ്ട് യു.ഡി.എഫ് സമരം നടത്തിയിരുന്നു. യു.ഡി.എഫും ബി.ജെ.പിയും സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സമരങ്ങള്‍ സംസ്ഥാനത്തെ കോവിഡ് വ്യാപനത്തിന് കാരണമാകുന്നതായി മുഖ്യമന്ത്രിയും സി.പി.എമ്മും നിരന്തരം വിമര്‍ശിച്ചിരുന്നു. 

കൊവിഡ് വ്യാപനം മുന്‍നിര്‍ത്തി സര്‍ക്കാര്‍ സമരങ്ങള്‍ക്കെതിരെ പ്രചരണം ശക്തമായതും തിരുവനന്തപുരത്തെ പ്രതിദിന കൊവിഡ് കേസുകള്‍ ആയിരം കടക്കുകയും ചെയ്ത സാഹചര്യത്തിലാണ് സമരം നിര്‍ത്തിവയ്ക്കുക എന്ന തീരുമാനത്തിലേക്ക് യുഡിഎഫ് എത്തിയത്. കെ.എസ്.യു സംസ്ഥാന അധ്യക്ഷന്‍ കെ.എം അഭിജിത്തിന്റെ കൊവിഡ് പരിശോധനയുമായി ബന്ധപ്പെട്ടുണ്ടായ വിവാദങ്ങളും ഈ തീരുമാനത്തിലേക്ക് യു.ഡി.എഫിനെ എത്തിക്കുകയായിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait