യുവതിയെ തട്ടിക്കൊണ്ടുപോയി പീഡനം; രണ്ടാംപ്രതി അറസ്റ്റില്‍

Published on 28 September 2020 11:27 am IST
×

ആലക്കോട്: യുവതിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്ത സംഭവത്തില്‍ രണ്ടാംപ്രതി അറസ്റ്റില്‍. രയരോരത്തെ കൊട്ടാരത്തില്‍ പ്രകാശ് കുര്യന്‍ (35) ആണ് അറസ്റ്റിലായത്. ഇയാള്‍ക്കൊപ്പമുണ്ടായിരുന്നയാളും കേസിലെ ഒന്നാംപ്രതിയുമായ ആലക്കോട് നെല്ലിപ്പാറ സ്വദേശിയായ യുവാവ് ഒളിവിലാണ്. ഇയാള്‍ സംസ്ഥാനം വട്ടതായും സൂചനയുണ്ട്. പ്രതികള്‍ സഞ്ചരിച്ച കാറിനെ കുറിച്ചും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. 

ഇക്കഴിഞ്ഞ 25നാണ് കേസിനാസ്പദമായ സംഭവം. കാര്‍ത്തികപുരത്തെ ഭര്‍ത്തു വീട്ടില്‍ താമസിച്ചുവരുന്ന യുവതിയെയാണ് പീഡനത്തിനിരയാക്കിയത്. ഫോണില്‍ ബന്ധം സ്ഥാപിച്ച ശേഷമാണ് യുവാക്കള്‍ ചതിയില്‍ വീഴ്ത്തിയത്. 25ന് വീട്ടില്‍ നിന്നും പുറത്തേക്ക് പോയ യുവതിയെ പിന്നാലെ കാറില്‍ എത്തിയ ഇരുവരും തട്ടിക്കൊണ്ടുപോയ ശേഷം നെല്ലിപ്പാറയിലെ ആളൊഴിഞ്ഞ വീട്ടിലെത്തിച്ച് പീഡനത്തിന് ഇരയാക്കിയെന്നാണ് പരാതി. വൈകുന്നേരത്തോടെയാണ് ഇവര്‍ യുവതിയെ വിട്ടയച്ചത്. തുടര്‍ന്ന് തളിപ്പറമ്പ് പോലീസില്‍ എത്തി പരാതി നല്‍കുകയായിരുന്നു. കൂട്ടബലാത്സംഗ കുറ്റം ചുമത്തി തളിപ്പറമ്പ് ഡിവൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ചത്. പീഡനം നടന്ന സ്ഥലത്തെത്തി തെരച്ചില്‍ നടത്തിയെങ്കിലും പ്രതികള്‍ സ്ഥലം വിട്ടിരുന്നു. തുടര്‍ന്ന് ആലക്കോട് ടൗണ്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഇന്നലെ രാത്രിയോടെ പ്രതിയെ പിടികൂടിയത്. 

സി.ഐയുടെ സംഘത്തിലുള്ള എസ്.ഐ എന്‍.കെ ഗിരീഷ്, എ.എസ്.ഐ കെ. സത്യന്‍, സീനിയര്‍ സി.പി.ഒമാരായ സുരേഷ് കക്കറ, ടി.കെ ഗിരീഷ്, സിന്ധു എന്നിവരാണ് സമര്‍ത്ഥമായ നീക്കത്തിലൂടെ പ്രതിയെ വലയിലാക്കിയത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait