കേരളീയ ചികിത്സയിലൂടെ ആരോഗ്യം വീണ്ടെടുക്കാം

ഉഴിച്ചിലും പിഴിച്ചിലും മാത്രമല്ല പഞ്ചകര്‍മ്മ ചികിത്സ. ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ പഞ്ചകര്‍മ്മ ചികിത്സകള്‍ ചെയ്യാന്‍ പാടുള്ളൂ. ഈ ഉഴിച്ചിലും പിഴിച്ചിലും സ്വേദനവും വിയര്‍പ്പിക്കലും കിഴികളും ഒക്കെ പഞ്ചകര്‍മ്മ ചികിത്സകള്‍ ചെയ്യുന്നതിനുള്ള മുന്നോടിയായിട്ടുള്ള പൂര്‍വ്വ കര്‍മ്മങ്ങള്‍ മാത്രമാണ്
Published on 01 August 2023 IST


ഡോ.എസ്.സരിത
ഡെപ്യൂട്ടി മെഡി.സൂപ്രണ്ട്
എം.വി.ആര്‍ ആയുര്‍വേദ മെഡി.കോളജ് ഹോസ്പിറ്റല്‍


കര്‍ക്കിടകമാസത്തിലെ ആരോഗ്യം വളരെ പ്രധാനപ്പെട്ടതാണ്. കര്‍ക്കിടക മാസത്തിലെ കേരളീയ ചികിത്സയുടെ പ്രാധാന്യത്തെക്കുറിച്ച് അറിയാമല്ലോ. മഴയും രോഗവും ഒന്നിച്ചു വരുന്ന കാലഘട്ടം. കര്‍ക്കിടക മാസം പന്നമാസം എന്ന് പറയുന്നത് എല്ലാവരും കേട്ടിട്ടുണ്ട്. അങ്ങനെ നിങ്ങള്‍ക്ക് എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ, അതിന്റെ കാരണമെന്താണെന്ന് അറിയുമോ. ശക്തമായ മഴയും കാറ്റും ഉണ്ടാകുന്നതോടെ കൃഷി ചെയ്ത് അതിന്റെ ഉല്‍പ്പന്നങ്ങള്‍ നമ്മളിലേക്ക് എത്താന്‍ കഴിയാത്ത ഒരു കാലഘട്ടമാണിത്. അതുകൊണ്ട് ആഹാരങ്ങള്‍ കൃത്യമായി സൂക്ഷിച്ചുവച്ച് കഴിക്കണം. പണ്ടുകാലങ്ങളില്‍ നമുക്ക് കാണാന്‍ കഴിയും നല്ല കുമ്പളം, ചേന, ചേമ്പ് ഇതൊക്കെ പണ്ടുകാലത്തുള്ളവര്‍ സൂക്ഷിച്ചുവയ്ക്കുമായിരുന്നു. മഴക്കാലത്ത് കൃഷി ചെയ്യാന്‍ കഴിയാത്ത അവസ്ഥയായിരിക്കും. കൃഷിയുടെ വിളവെടുപ്പ് ആ കാലത്ത് അത്രത്തോളം ഗുണം ചെയ്യില്ല. കേരളത്തിലെ ആറു ഋതുക്കള്‍ ആണെന്ന് അറിയാം. അതില്‍ നാല് ഋതുക്കള്‍ ആണ് കേരളത്തില്‍ കൂടുതലായിട്ട് വരുന്നത്. ശിഷിരം, വസന്തം, ഗ്രീഷ്മം എന്ന ഉത്തരായനകാലവും വര്‍ഷം, ശരത്, ഹേമന്തം എന്ന ദക്ഷിണായന കാലവും ആയിട്ടാണ് ഈ രണ്ട് കാലങ്ങളെ വേര്‍തിരിക്കുന്നത്. കഠിനമായ ചൂടിന്റെ വേനല്‍കാലം നമുക്ക് ബലം ക്ഷയിക്കുന്ന കാലമാണ്. വേനല്‍ കാലം കഴിഞ്ഞു വര്‍ഷകാലത്തിലേക്ക് കടക്കുമ്പോള്‍ ബലം വര്‍ധിപ്പിച്ചു വച്ച രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കേണ്ട കാലഘട്ടത്തിലേക്കാണ് നമ്മള്‍ നീങ്ങുന്നത്. അതുകൊണ്ട് വര്‍ഷ ഋതുവില്‍ എപ്പോഴും ബലം കുറഞ്ഞിരിക്കുന്ന അവസ്ഥയില്‍ നിന്ന് രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ വേണ്ട എല്ലാ രോഗപ്രതിരോധ മാര്‍ഗങ്ങളും സ്വീകരിക്കുക എന്നതാണ് പ്രാധാന്യം. അവിടെ ജഡരാത്നി അഗ്നിബലം, വിശപ്പ് എന്ന് പറയുന്ന അവസ്ഥയെ നമ്മള്‍ വളരെയധികം ശ്രദ്ധിക്കേണ്ടതുണ്ട്. വയററിഞ്ഞു കഴിക്കുക എന്ന് പറയില്ലെ, അതുപോലെ വിശപ്പിന് അനുസരിച്ച് മാത്രം ഭക്ഷണം കഴിക്കാന്‍ ശ്രദ്ധിക്കുക. ഒരു വര്‍ഷക്കാലത്തേക്ക് വേണ്ട പ്രതിരോധശക്തി ഒന്നിച്ച് നമുക്ക് ശരീരത്തിലേക്കും മനസ്സിലേക്കും കൊണ്ടുവരാന്‍ പറ്റുന്ന ഒരു കാലഘട്ടവും കൂടിയാണ് അത്. ജീവിതശൈലിയിലെ മാറ്റം നിര്‍ബന്ധമായും മാറ്റം വരുത്തുക. ഭക്ഷണം കൃത്യമായി ഋതുചര്യകള്‍ക്ക് അനുസരിച്ച് വര്‍ഷകാലത്ത് കഴിക്കുന്ന ഭക്ഷണങ്ങള്‍ കൃത്യമായി നോക്കി കഴിക്കാന്‍ വേണ്ടി ശ്രദ്ധിക്കുക. ലഘുവായതും വേഗം ദഹിക്കാന്‍ എളുപ്പമുള്ളതുമായ ഭക്ഷണങ്ങള്‍ കഴിക്കാന്‍ ശീലിക്കുക. ജഡരാത്നി കുറഞ്ഞ കാലമായതിനാല്‍ പ്രത്യേകിച്ചും ബേക്കറി പലഹാരങ്ങള്‍, ജങ്ക് ഫുഡ്സ്, എരുവും പുളിയും കൂടുതല്‍ ഉപ്പും ചേര്‍ന്നുള്ള ആഹാരപദാര്‍ത്ഥങ്ങളും എണ്ണമയമുള്ള ആഹാരപദാര്‍ത്ഥങ്ങളും ഒഴിവാക്കാന്‍ ശ്രമിക്കുക.


ത്രിദോഷ കോപന കാലം
കര്‍ക്കിടക മാസം എന്ന് പറയുന്നത് ത്രിദോഷ കോപനം നടക്കുന്ന കാലഘട്ടമാണെന്ന് പറയാറുണ്ട്. വാദദോഷം കോപിച്ചിരിക്കുന്ന കാലഘട്ടത്തില്‍ പ്രായമായവര്‍ക്ക് വേദനകളും ഈ തണുപ്പിന്റെ ആധിക്യം മൂലം വേദനകളും കൂടി വരുന്നതായി കാണാറുണ്ട്. ആരോഗ്യവാനായിരിക്കുന്ന ഒരാളില്‍ പോലും അസിഡിറ്റിയുടെ പ്രശ്നം വര്‍ധിച്ചു കാണാറുണ്ട് ഈ കാലഘട്ടത്തില്‍. ഒരാളുടെ ഭക്ഷണരീതി ശരിയായില്ലെങ്കില്‍ പിത്തകോപം സംഭവിക്കുകയും അസ്വസ്ഥതകള്‍ക്ക് വഴിയൊരുക്കാറുണ്ട്. അഗ്നി മാന്ദ്യം സംഭവിക്കാറുണ്ട്. അന്തരീക്ഷത്തിലെ തണുപ്പ് മൂലം കഫദോഷത്തെ വര്‍ധിപ്പിച്ചു ജലദോഷം, പനി, കഫക്കെട്ട്, ശ്വാസതടസം മുതലായ രോഗങ്ങളെ വര്‍ധിപ്പിക്കും. അങ്ങനെ മൂന്നു ദോഷങ്ങള്‍ക്കും കോപം സംഭവിച്ചിരിക്കുന്ന ഈ കാലഘട്ടത്തില്‍ നമ്മുടെ ജീവിതശൈലിയില്‍ വരുത്തുന്ന മാറ്റങ്ങളും ഭക്ഷണ ക്രമീകരണങ്ങളും തന്നെയാണ് കര്‍ക്കിടകത്തിലെ ആരോഗ്യ പരിചരണത്തില്‍ പ്രാധാന്യമര്‍ഹിക്കുന്നത്.

ഉഴിച്ചിലും പിഴിച്ചിലുമല്ല പഞ്ചകര്‍മ്മ ചികിത്സ
പലതരം വേദനകളും ത്രിദോഷ കോപവും കൂടിയായാല്‍ പഞ്ചകര്‍മ്മ ചികിത്സയിലേക്ക് പലരും പോകാറുണ്ട്. പഞ്ചകര്‍മ്മ ചികിത്സ എന്ന് പറയുമ്പോള്‍ ഉഴിച്ചിലും പിഴിച്ചിലുമാണെന്ന് കേട്ടിട്ടുണ്ടാകും. എന്നാല്‍ ഉഴിച്ചിലും പിഴിച്ചിലും മാത്രമല്ല പഞ്ചകര്‍മ്മ ചികിത്സ. ഒരു ഡോക്ടറുടെ നിര്‍ദ്ദേശപ്രകാരം മാത്രമേ പഞ്ചകര്‍മ്മ ചികിത്സകള്‍ ചെയ്യാന്‍ പാടുള്ളൂ. ഈ ഉഴിച്ചിലും പിഴിച്ചിലും സ്വേദനവും വിയര്‍പ്പിക്കലും കിഴികളും ഒക്കെ പഞ്ചകര്‍മ്മ ചികിത്സകള്‍ ചെയ്യുന്നതിനുള്ള മുന്നോടിയായിട്ടുള്ള പൂര്‍വ്വ കര്‍മ്മങ്ങള്‍ മാത്രമാണ്. വമനം, വിരേചനം, വസ്തി, നസ്യം, രക്തമോക്ഷണം തുടങ്ങിയ 5 കര്‍മ്മങ്ങളെയാണ് പ്രധാനപ്പെട്ട ശരീരശുദ്ധിക്ക് വേണ്ട കര്‍മ്മത്തെയാണ് പഞ്ചകര്‍മ്മ ചികിത്സയെന്ന് പറയുന്നത്.


കര്‍ക്കിടക കഞ്ഞിയും പ്രാധാന്യവും
കര്‍ക്കിടക കഞ്ഞിയുടെ പ്രാധാന്യത്തെക്കുറിച്ച് കൃത്യമായി അറിയണം. രോഗപ്രതിരോധത്തിന് ഏറ്റവും വിശേഷപ്പെട്ട ഔഷധമാണ് കര്‍ക്കിടക കഞ്ഞി. കോവിഡ് 19 കാലഘട്ടത്തില്‍ രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാനും ഏറ്റവും അധികം മികച്ചതുമാണ് കര്‍ക്കിടക കഞ്ഞി കുടിക്കുന്നത്. നവരയരി, ആശാളി, ജീരകം, ചുക്ക്, കുരുമുളക,് അയമോദകം, ഉലുവ, ചെറുപയര്‍ ,വന്‍പയര്‍, കുടക പാലേരി തുടങ്ങിയ സാധനങ്ങള്‍ ചേര്‍ത്തുകൊണ്ട് ചെയ്യുന്നതാണ് കര്‍ക്കിടക കഞ്ഞി. ഒപ്പം ദശപുഷ്പങ്ങള്‍ ചേര്‍ത്തുകൊണ്ട് ഔഷധക്കഞ്ഞി ഉണ്ടാക്കാം. കറുക, വിഷ്ണുക്രാന്തി, ഉഴിഞ്ഞ, നിലപ്പന, കയ്യുന്നി, പൂവാംകുരുന്തല്‍, ചെറുകുള, മുക്കുറ്റി, തിരുത്താളി, മുയല്‍ച്ചെവിയന്‍ തുടങ്ങിയ ദശപുഷ്പങ്ങളുടെ സ്വരസം ചേര്‍ത്തു കൊണ്ടും ഔഷധക്കഞ്ഞി ഉണ്ടാക്കാം. ഔഷധ കഞ്ഞിയുടെ പ്രാധാന്യം എന്ന് പറയുന്നത് രോഗപ്രതിരോധശേഷി വളരെയധികം വര്‍ദ്ധിപ്പിക്കാന്‍ സഹായിക്കും. കുമ്പളം, ചേന, ചേമ്പ്, മത്തന്‍ മുതലായവ ഈ കാലഘട്ടത്തില്‍ നല്ല രീതിയില്‍ പച്ചക്കറികളില്‍ ഉപയോഗിക്കാന്‍ കഴിയുന്നതാണ്. കര്‍ക്കിടക കാലത്ത് ഇലക്കറികള്‍ക്കും വളരെയധികം പ്രാധാന്യമുണ്ട്. താള്, തവര, തഴുതാമ ഇല, ചേനയില, ചേമ്പില, കുമ്പളം, മത്തന്‍, പയര്‍ തുടങ്ങിയ ഇലക്കറികളും നമുക്ക് കഞ്ഞിയോടൊപ്പം വിളമ്പാം. ചെറിയുള്ളി നെയ്യില്‍ വറുത്തിട്ട് കഞ്ഞി തേങ്ങാപ്പാല്‍ ഒഴിച്ച് ഉപയോഗിക്കുന്നത് രുചികരമാക്കും. ഒരു നേരത്തെ ഭക്ഷണമായി കര്‍ക്കിടക കഞ്ഞിയെ ഉപയോഗിക്കാം. പ്രഭാത ഭക്ഷണം ആയിട്ട് കര്‍ക്കിടക കഞ്ഞി ഉപയോഗിക്കാം. അല്ലാതെ രാത്രിയില്‍ കഴിക്കുന്ന ഭക്ഷണമായിട്ടും ഉപയോഗിക്കാം. രാവിലെ എട്ടിനും വൈകുന്നേരം എട്ടിനും ഭക്ഷണം കഴിക്കണം. വിശപ്പിന് അനുസരിച്ച് ഭക്ഷണം കഴിക്കുക. കിടക്കുന്നതിന് രണ്ടുമണിക്കൂര്‍ മുന്‍പേ ഭക്ഷണം കഴിച്ചിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണം. പച്ചരി, ഞവരയരി, ഉണക്കലരി, ഗോതമ്പ്, വന്‍പയര്‍, ചെറുപയര്‍ എന്നിവ വച്ചൊക്കെ കഞ്ഞി വയ്ക്കാം. തേങ്ങാപ്പാല്‍ ഒഴിച്ച് ഔഷധങ്ങളും കൂടി ചേര്‍ത്ത് കൊണ്ട് കഞ്ഞി ഉണ്ടാക്കാം. നമുക്കിപ്പോള്‍ മാര്‍ക്കറ്റില്‍ ലഭിക്കുന്ന കഞ്ഞിക്കൂട്ട് ലഭിക്കും. ഔഷധിയുടെ കഞ്ഞി കൂട്ട് തിളപ്പിച്ചതിനു ശേഷം കഞ്ഞി കൂട്ട് ഒരു സ്പൂണ്‍ ഇട്ട് തിളപ്പിച്ചു ഉപയോഗിക്കാം. ജീരകം, കുരുമുളക് തുടങ്ങിയവയെല്ലാം ചേര്‍ത്തുള്ള പൊടികളാണ് അതിനകത്തുള്ളത്. അങ്ങനെയും നമുക്ക് കര്‍ക്കിടക കഞ്ഞി കഴിക്കാവുന്നതാണ്.  ഈ ഒരു മാസക്കാലം കര്‍ക്കിടക കഞ്ഞിയും ഇലക്കറികള്‍ ഉപയോഗിക്കുന്നതിലൂടെയും വളരെയധികം രോഗപ്രതിരോധശേഷി വര്‍ധിപ്പിക്കാന്‍ ഉപകരിക്കും.

 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait