മുണ്ടേരിക്കടവില്‍ കാട്ടുപന്നികളുടെ വിളയാട്ടം; നിരവധി വിളകളകള്‍ നശിപ്പിച്ചു 

Published on 20 September 2020 10:31 pm IST
×

ചേലേരി: നൂഞ്ഞേരി പാടശേഖര കമ്മിറ്റി പ്രവര്‍ത്തകരുടെ 20 സെന്റിലെ വാഴകള്‍ അടക്കം നിരവധി വിളകളാണ് കൂട്ടമായി എത്തിയ കാട്ടുപന്നിക്കൂട്ടം നശിപ്പിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. ലോക്ഡൗണ്‍ സമയത്ത് നൂഞ്ഞേരിയിലെ കുറച്ചു പ്രവര്‍ത്തകരുടെ വിയര്‍പ്പും അധ്വാനവുമാണ് പന്നികള്‍ ഇല്ലാതാക്കിയത്. നൂഞ്ഞേരി പാടശേഖര കമ്മിറ്റി പ്രവത്തകര്‍ മുണ്ടേരിക്കടവിലെ 20 സെന്റ് സ്ഥലത്ത് കൃഷി ചെയ്തിരുന്ന കുലച്ചതും കുലക്കാത്തതുമായ 50 ഓളം വാഴകളാണ് നശിപ്പിച്ചത്. കൂടാതെ തെങ്ങ്, നെല്ല് തുടങ്ങിയവയും നശിച്ചിട്ടുണ്ട്. മൃഗങ്ങള്‍ കയറാതിരിക്കാന്‍ മുള്ളുവേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ ഏതുവഴിയാണ് കൃഷിയിടത്തിലേക്ക് കയറുന്നതെന്ന് വ്യക്തമല്ല. ഏകദേശം ഒന്നരലക്ഷം രൂപയുടെ നാശം കണക്കാക്കുന്നതായി പാടശേഖര കമ്മിറ്റി പ്രസിഡന്റ് എം.സി ദിനേശന്‍ പറഞ്ഞു. മൂന്ന് വര്‍ഷത്തോളമായി ഇവിടെ ഇവര്‍ കൃഷി ഇറക്കുന്നു. എന്നാല്‍ ഇതുവരെ ഇങ്ങനെ ഒരു അനുഭവം ഉണ്ടായിട്ടില്ലെന്നും ദിനേശന്‍ പറഞ്ഞു. കൃഷിനാശം പഞ്ചായത്ത് അധികൃതരെ അറിയിച്ചിട്ടും ആരും ഇതുവരെ തിരിഞ്ഞു നോക്കിയിട്ടില്ല. പന്നിയെ ഓടിച്ചാല്‍ വനം-വന്യജീവി അധികൃതര്‍ കൃഷിക്കാരുടെ പേരില്‍ കേസെടുക്കുന്ന സ്ഥിതിയാണ്. ഇക്കാരണത്താല്‍ എന്തു ചെയ്യുമെന്ന ആശങ്ക ഇവര്‍ക്കുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait