രാജ്യത്ത് 54 ലക്ഷവും കടന്ന് കൊവിഡ് രോഗികളുടെ എണ്ണം 

Published on 20 September 2020 11:54 am IST
×

ദില്ലി: രാജ്യത്ത് ആശങ്കയേറ്റി കൊവിഡ് കേസുകള്‍ വര്‍ദ്ധിക്കുന്നു. 24 മണിക്കൂറിനിടെ 92,605 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ കൊവിഡ് ബാധിതരുടെ എണ്ണം 54 ലക്ഷം കടന്നതായി കേന്ദ്ര ആരോഗ്യമന്ത്രാലയം പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 54,00,619 പേര്‍ക്കാണ് ഇതുവരെ രാജ്യത്ത് രോഗം സ്ഥിരീകരിച്ചത് ഇന്നലെ മാത്രം 1,133 കൊവിഡ് മരണം കൂടി സ്ഥിരീകരിച്ചു. ഇതോടെ ഔദ്യോഗിക കണക്കുകളനുസരിച്ച് രാജ്യത്ത് ആകെ കൊവിഡ് മരണം 86,752 ആയി.

നിലവില്‍ 10,10,824 പേരാണ് രാജ്യത്ത് കൊവിഡ് ചികിത്സയിലുള്ളത്. ഇതുവരെ 43,03,043 പേര്‍ രോഗമുക്തി നേടി. 79.68 ശതമാനമാണ് നിലവില്‍ രോഗമുക്തി നിരക്ക്. സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്ക് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള അഞ്ച് സംസ്ഥാനങ്ങളിലെ രോഗ വ്യാപനം ആശങ്കാജനകമാണ്. മഹാരാഷ്ട്രയില്‍ 21,907 പേര്‍ക്കും ആന്ധ്രയില്‍ 8,218 പേര്‍ക്കും പുതുതായി രോഗം സ്ഥിരീകരിച്ചു, കര്‍ണാടകത്തില്‍ 8364, തമിഴ്‌നാട്ടില്‍ 5569 എന്നിങ്ങനെയാണ് പ്രതിദിന വര്‍ദ്ധന കണക്ക്. കേരളത്തിലും ഗുജറാത്തിലും ഇന്നലെ റെക്കോര്‍ഡ് പ്രതിദിന വര്‍ദ്ധനയായിരുന്നു. ദില്ലിയില്‍ 4071 പേര്‍ക്കും, പശ്ചിമ ബംഗാളില്‍ 3188 പേര്‍ക്കും ഇന്നലെ രോഗം സ്ഥരീകരിച്ചു, പഞ്ചാബില്‍ 2696, മധ്യപ്രദേശില്‍ 2607, രാജസ്ഥാന്‍ 1834, ഹരിയാന 2691, എന്നിങ്ങനെയാണ് മറ്റു സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ദ്ധന.

കൊവിഡ് മുക്തിയില്‍ ആഗോളതലത്തില്‍ യു.എസിനെ മറികടന്ന് ഇന്ത്യ ഒന്നാമതെത്തിയെന്ന് കഴിഞ്ഞ ദിവസം ആരോഗ്യ മന്ത്രാലയം അറിയിച്ചിരുന്നു. അതേസമയം ആകെ രോഗികളുടെ എണ്ണത്തില്‍ യു.എസിന് പിന്നില്‍ രണ്ടാം സ്ഥാനത്താണ് ഇന്ത്യ. നിലവില്‍ ദിനംപ്രതിയുള്ള കൊവിഡ് രോഗികളുടെ വര്‍ധനവിലും മരണനിരക്കിലും ഒന്നാം സ്ഥാനത്താണ് ഇന്ത്യ.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait