ഓക്സ്ഫഡ് കൊവിഡ് വാക്സിന്‍ മൂന്നാംഘട്ട പരീക്ഷണം അടുത്തയാഴ്ച പുണെയില്‍ ആരംഭിക്കും

Published on 19 September 2020 5:56 pm IST
×

പുണെ: ഓക്സ്ഫഡ് സര്‍വകലാശാല വികസിപ്പിച്ചെടുത്ത് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കൊവിഡ് വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം അടുത്തയാഴ്ച ആരംഭിക്കും. പുണെ സാസൂണ്‍ ജനറല്‍ ആശുപത്രിയിലാകും മൂന്നാംഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തുടക്കം കുറിക്കുക.

'കോവിഷീല്‍ഡ്' വാക്സിന്റെ മൂന്നാംഘട്ട പരീക്ഷണം അടുത്തയാഴ്ച സാസൂണ്‍ ആശുപത്രിയില്‍ ആരംഭിക്കും. ഇത് തിങ്കളാഴ്ച മുതല്‍ തന്നെ തുടക്കമിടാന്‍ സാധ്യതയുണ്ട്. ഇതിനോടകം തന്നെ ചില സന്നദ്ധപ്രവര്‍ത്തകര്‍ പരീക്ഷണത്തിനായി മുന്നോട്ടുവന്നിട്ടുണ്ട്. 150 മുതല്‍ 200 ഓളം സന്നദ്ധപ്രവര്‍ത്തകര്‍ക്ക് പരീക്ഷണാടിസ്ഥാനത്തില്‍ വാക്സിന്‍ ഡോസ് നല്‍കും- സാസൂണ്‍ ആശുപത്രി സൂപ്രണ്ട് ഡോ. മുരളീധര്‍ പറഞ്ഞു. 

സംസ്ഥാന സര്‍ക്കാര്‍ നിയന്ത്രണത്തിലാണ് സാസൂണ്‍ ജനറല്‍ ആശുപത്രി. കോവിഷീല്‍ഡ് എന്ന് പേരിട്ടിരിക്കുന്ന ഈ വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം ഭാരതി വിദ്യാപീഠ് മെഡിക്കല്‍ കോളേജിന്റെ കീഴിലും കെ.ഇ.എം ആശുപത്രിയിലുമാണ് നടത്തിയിരുന്നത്. 

ഓക്സ്ഫഡ് സര്‍വകലാശാല തയ്യാറാക്കിയ വാക്സിന്‍ യു.കെയില്‍ പരീക്ഷിച്ച ഒരു സന്നദ്ധപ്രവര്‍ത്തകന് രോഗം ബാധിച്ചതിനെ തുടര്‍ന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്റെ രണ്ടാംഘട്ട പരീക്ഷണം താത്കാലികമായി നിര്‍ത്തിവെച്ചിരുന്നു. പിന്നീട് സെപ്റ്റംബര്‍ 15 ഓടെയാണ് ഡി.സി.ജി.ഐ സിറം ഇന്‍സ്റ്റിറ്റ്യൂട്ടിന് പരീക്ഷണം പുനരാരംഭിക്കാന്‍ അനുമതി നല്‍കിയത്. 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait