ഓക്സ്ഫഡ് കൊവിഡ് 19 വാക്സിന്‍ പരീക്ഷണം പുനഃരാരംഭിക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് അനുമതി

Published on 16 September 2020 2:31 pm IST
×

ന്യൂഡല്‍ഹി: നിര്‍ത്തിവെച്ചിരിക്കുന്ന ഓക്സ്ഫഡ് കൊവിഡ് 19 വാക്സിന്റെ ക്ലിനിക്കല്‍ പരീക്ഷണം പുനരാരംഭിക്കാന്‍ ഇന്ത്യയുടെ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ ഓഫ് ഇന്ത്യ (ഡി.സി.ജി.ഐ) യുടെ അനുമതി. രണ്ട്, മൂന്ന് ഘട്ട പരീക്ഷണങ്ങള്‍ക്കായി ആളുകളെ തിരഞ്ഞെടുക്കുന്നത് നിര്‍ത്തിവെച്ചുകൊണ്ട് നേരത്തെ ഇറക്കിയ ഉത്തരവ് ഡി.സി.ജി.ഐ പിന്‍വലിക്കുകയും ചെയ്തിട്ടുണ്ട്.

വാക്സിന്‍ പരീക്ഷണത്തില്‍ കൂടുതല്‍ ശ്രദ്ധ പുലര്‍ത്താന്‍ ഡി.സി.ജി.ഐ നിര്‍ദേശിച്ചിട്ടുണ്ട്. പരീക്ഷണവുമായി ബന്ധപ്പെട്ട് വിപരീത ഫലങ്ങളുണ്ടായാല്‍ അത് കൈകാര്യം ചെയ്യുന്നതിനുള്ള ചികിത്സകള്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ എന്തൊക്കെയായിരിക്കുമെന്ന് വ്യക്തമാക്കാന്‍ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

ക്ലിനിക്കല്‍ പരീക്ഷണത്തിനിടെ വാക്സിന്‍ സ്വീകരിച്ച ഒരാള്‍ക്ക് വിശദീകരിക്കപ്പെടാത്ത ഒരു അസുഖം കണ്ടെത്തിയതിനെ തുടര്‍ന്നാണ് ഓക്സ്ഫഡിന്റെ ക്ലിനിക്കല്‍ ട്രെയല്‍ ബ്രിട്ടീഷ് ഔഷധ ഉത്പാദന കമ്പനിയായ ആസ്ട്രസെനേക നിര്‍ത്തിവെച്ചത്. ഇതിന്റെ ഭാഗമായി ഇന്ത്യയില്‍ നടക്കുന്ന അനുബന്ധ ക്ലിനിക്കല്‍ ട്രയല്‍ നിര്‍ത്തിവെക്കാന്‍ ഡി.സി.ജി.ഐ സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനോട് നിര്‍ദേശിച്ചിരുന്നു. പിന്നീട് ആസ്ട്രസെനേക ക്ലിനിക്കല്‍ ട്രയല്‍ പുനരാരംഭിച്ചിരുന്നു. ആസ്ട്രസെനേകയുമായി ചേര്‍ന്നാണ് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഇന്ത്യയില്‍ വാക്സിന്‍ പരീക്ഷണം നടത്തുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait