കെ.എസ്.യു പ്രവര്‍ത്തകര്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചിന് നേരെ പോലീസിന്റെ ക്രൂര മര്‍ദ്ദനം 

Published on 15 September 2020 7:15 pm IST
×
കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കലക്ട്രേറ്റ് മാര്‍ച്ചില്‍ ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസിനെ പോലീസ് ക്രൂരമായി മര്‍ദ്ദിക്കുന്നു

കണ്ണൂര്‍: മന്ത്രി കെ.ടി ജലീലിന്റെ രാജി ആവശ്യപ്പെട്ട് കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില്‍ കണ്ണൂരില്‍ നടന്ന കലക്ട്രേറ്റ് മാര്‍ച്ചില്‍ പങ്കെടുത്ത പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസിന്റെ ക്രൂര മര്‍ദ്ദനം. ഡി.സി.സി ഓഫീസില്‍ നിന്ന് പ്രകടനമായി എത്തിയ പ്രവര്‍ത്തകരെ കലക്ട്രേറ്റ് കവാടത്തില്‍ ബാരിക്കേട് ഉപയോഗിച്ച് പോലീസ് തടഞ്ഞു. തുടര്‍ന്ന് മുദ്രാവാക്യം വിളിച്ച് പ്രതിഷേധിച്ച പ്രവര്‍ത്തകര്‍ക്ക് നേരെ രണ്ട് തവണ പോലീസ് ജലപീരങ്കി പ്രയോഗിച്ചു. ഉദ്ഘാടനത്തിന് ശേഷം പ്രകടനമായി പിരിഞ്ഞുപോയ പ്രവര്‍ത്തകരെ പിന്തുടര്‍ന്ന പോലീസ് പ്രവര്‍ത്തകര്‍ക്ക് നേരെ ഭീകരമായ മര്‍ദ്ദനമാണ് നടത്തിയത്. ലാത്തിച്ചാര്‍ജില്‍ കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് സെക്രട്ടറിമാരായ അന്‍സില്‍ വാഴപ്പള്ളില്‍, ഹരികൃഷ്ണന്‍ പാലാട് തുടങ്ങിയവര്‍ക്ക് ഗുരുതരമായ പരിക്കേറ്റു.  

മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്തു. കേരളത്തിലെ പല മന്ത്രിമാരും അഴിമതിക്കേസിലും തട്ടിപ്പ് കേസിലും ഹവാലാ കേസിലും സ്വര്‍ണ്ണ ഇടപാട് കേസിലും പ്രതിയാകേണ്ടി വരുമ്പോള്‍ അവരെ മുഖ്യമന്ത്രിക്ക് സംരക്ഷിക്കേണ്ടിവരുന്നത് മുഖ്യമന്ത്രി ഈ അഴിമതിയില്‍ പങ്ക് പറ്റുന്നതുകൊണ്ടാണെന്നും അധോലോക മാഫിയാ ബന്ധമുള്ള മന്ത്രിമാരെ സംരക്ഷിക്കുന്ന പിണറായി വിജയന്‍ സി.പി.എമ്മിന്റെ അന്തക വിത്തായി മാറുകയാണെന്നും യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു.

കെ.എസ്.യു ജില്ലാ പ്രസിഡന്റ് പി. മുഹമ്മദ് ഷമ്മാസ് യോഗത്തില്‍ അധ്യക്ഷത വഹിച്ചു. സംസ്ഥാന ജനറല്‍ സെക്രട്ടറി വി.കെ അതുല്‍, അഭിജിത്ത് സി.ടി, ഫര്‍ഹാന്‍ മുണ്ടേരി, അന്‍സില്‍ വാഴപ്പള്ളില്‍, നവനീത് നാരായണന്‍, ആദര്‍ശ് മാങ്ങാട്ടിടം, മുഹമ്മദ് റിബിന്‍.സി.എച്ച്, ഹരികൃഷ്ണന്‍ പാലാട്, റാഹിബ്.കെ, ആകാശ് ഭാസ്‌കര്‍, ഉജ്വല്‍ പവിത്രന്‍, ജോസഫ് തലക്കല്‍, സായന്ത്.ടി, അതുല്‍ എം.സി, റനീസ് വി.കെ, അക്ഷയ് ആയിക്കര, അലേഖ് കാടാച്ചിറ, ആല്‍ബിന്‍ അറക്കന്‍, അഷിത്ത് അശോകന്‍, സുഫൈല്‍ സുബൈര്‍, വിസ്മയ എം.പി, സ്‌നേഹ.ഇ തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്‍കി. യൂത്ത് കോണ്‍ഗ്രസ്സ് നേതാക്കളായ കെ. കമല്‍ജിത്ത്, വി. രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, വരുണ്‍ എം.കെ, നികേത് നാറാത്ത് തുടങ്ങിയവര്‍ സംബന്ധിച്ചു.

 


 

കെ.എസ്.യു ജില്ലാ കമ്മിറ്റിയുടെ കലക്ട്രേറ്റ് മാര്‍ച്ച് യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജെയിംസ് ഉദ്ഘാടനം ചെയ്യുന്നു
സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait