നടിയെ ആക്രമിച്ച കേസ്: ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്ന ഹര്‍ജി വെള്ളിയാഴ്ചത്തേക്ക് മാറ്റി

Published on 15 September 2020 5:01 pm IST
×

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ദിലീപിന്റെ ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് നല്‍കിയ ഹര്‍ജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്ക് മാറ്റി. ദിലീപിനോട് വിശദീകരണം നല്‍കാന്‍ കോടതി ആവശ്യപ്പെട്ടു. കേസില്‍ നടന്‍ മുകേഷിന്റെ സാക്ഷി വിസ്താരവും പൂര്‍ത്തിയായി.

ദിലീപിനെതിരായ പ്രോസിക്യൂഷന്‍ സാക്ഷികള്‍ കോടതിയില്‍ മൊഴി മാറ്റിയതിന് പിറകെയാണ് ജാമ്യം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പോലീസ് കോടതിയെ സമീപിച്ചത്. ദിലീപ് സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി നല്‍കിയത്. ദിലീപും മുഖ്യ പ്രതി സുനില്‍ കുമാറും തമ്മിലുള്ള ഗൂഡാലോചന തെളിയിക്കാനുള്ള പ്രോസിക്യൂഷന്റെ സാക്ഷി അടക്കം മൊഴി മാറ്റിയെന്നാണ് സൂചന. കേസിന്റെ വിശദാംശങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് കോടതി വിലക്കിയിട്ടുള്ളതിനാല്‍ ഹര്‍ജിയുടെ വിശദാംശങ്ങള്‍ പുറത്തുവിടാന്‍ അന്വേഷണ സംഘം തയ്യാറായിട്ടില്ല. 

കേസില്‍ 302 സാക്ഷികളുടെ വിസ്താരമാണ് പൂര്‍ത്തിയാക്കേണ്ടത്. ആക്രമിക്കപ്പെട്ട നടിയടക്കം 45 സാക്ഷികളുടെ വിസ്താരം ഇതിനോടകം പ്രത്യേക കോടതിയില്‍ പൂര്‍ത്തിയായിട്ടുണ്ട്. 85 ദിവസത്തെ ജയില്‍വാസത്തിന് ശേഷമാണ് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന് ജാമ്യം ലഭിച്ചത്. സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിക്കരുതെന്നതടക്കം ഉപാധികളോടെയാണ് ജാമ്യം അനുവദിച്ചത്. ഈ ഉപാധികള്‍ നടന്‍ ലംഘിച്ചെന്നാണ് അന്വേഷണ സംഘത്തിന്റെ ആരോപണം. ജനുവരി മാസത്തിനകം വിചാരണ പൂര്‍ത്തിയാക്കി വിധി പറയാനാണ് സുപ്രീംകോടതി സമയം അനുവദിച്ചിട്ടുള്ളത്.
 






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait