കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ല; വീണ്ടും ചോദ്യം ചെയ്യുമെന്ന് എന്‍ഫോഴ്സ്മെന്റ്

Published on 15 September 2020 4:41 pm IST
×

കൊച്ചി: മന്ത്രി കെ.ടി ജലീലിന് ക്ലീന്‍ ചിറ്റ് നല്‍കിയിട്ടില്ലെന്ന് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്. ജലീലിനെ വീണ്ടും ചോദ്യം ചെയ്യും. വീണ്ടും മൊഴിയെടുക്കുമെന്ന് എന്‍ഫോഴ്സ്മെന്റ് മേധാവി വ്യക്തമാക്കി.

മന്ത്രി കെ.ടി ജലീലിന്റെ മൊഴി തൃപ്തികരമാണെന്നും മന്ത്രിക്ക് സ്വര്‍ണക്കടത്ത് കേസില്‍ ബന്ധമില്ലെന്നും എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറിയിച്ചതായും നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് മന്ത്രി കെ.ടി ജലീലിന്റെ മൊഴിയെടുത്തത് രണ്ടു ദിവസങ്ങളിലായിട്ടാണെന്ന് സൂചന. വ്യാഴാഴ്ച രാത്രിയും വെള്ളിയാഴ്ച രാവിലെയുമായിട്ടാണ് മന്ത്രിയുടെ മൊഴി എന്‍ഫോഴ്‌സ്‌മെന്റ് രേഖപ്പെടുത്തിയതെന്നാണ് പുറത്തുവരുന്ന വിവരം. നേരത്തെ തന്നെ മന്ത്രിയോട് എന്‍ഫോഴ്‌സ്‌മെന്റ് കേസുമായി ബന്ധപ്പെട്ട ചില കാര്യങ്ങളില്‍ വിശദീകരണം ചോദിച്ചിരുന്നു. ഇതിന് മറുപടി എഴുതി നല്‍കുകയായിരുന്നു. ഈ ഉത്തരങ്ങളില്‍ ഊന്നികൊണ്ടാണ് രണ്ടു ദിവസവും എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്തത്. മന്ത്രി നല്‍കിയ മൊഴി ഉന്നത ഉദ്യോഗസ്ഥര്‍ പരിശോധിച്ചുവരികയാണ്. 

വ്യാഴാഴ്ച രാത്രി 7.30 ഓടെയാണ് മന്ത്രി കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ആദ്യമെത്തിയതെന്നാണ് വിവരം. രാത്രി പതിനൊന്നോടെ തിരിച്ചുപോയ മന്ത്രി വെള്ളിയാഴ്ച രാവിലെ 10 മണിയോടെ വീണ്ടും ഹാജരായി. അതേസമയം ഇക്കാര്യത്തില്‍ ഇതുവരെ മന്ത്രി ഔദ്യോഗികമായ ഒരു പ്രതികരണവും നടത്തിയിട്ടില്ല.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait