മൗനി ബാബാ മഠം, കണ്ണൂര്‍ (ഈ മഠത്തിന്റെ പിന്നിലെ സംഭവങ്ങള്‍) അറിവുകള്‍

Published on 15 September 2020 2:43 pm IST
×

കണ്ണൂരില്‍ പോയിട്ടില്ലെ? എങ്കില്‍ ഇതു മുഴുവന്‍ വായിക്കു. കണ്ണൂര്‍ സ്വാമിമഠം റോഡ്, അറിയാത്തവര്‍ കുറവായിരിക്കും, പക്ഷെ ഈ പേര് എങ്ങിനെ കിട്ടി എന്ന് അധികമാര്‍ക്കും അറിയില്ല. കണ്ണൂര്‍ മുനീശ്വരന്‍ കോവില്‍ തുടങ്ങി, എസ്എന്‍ പാര്‍ക്ക് വരെ എത്തുന്ന നിരത്തിനാണ്, സ്വാമി മഠം റോഡ് (SM Road) എന്ന് വിളിക്കുന്നത്. മുനീശ്വരന്‍ കോവിലിന് തൊട്ടടുത്താണ്, മൗനി ബാബാ മഠം സ്ഥിതി ചെയ്യുന്നത്. മൗനി ബാബാ മഠത്തില്‍ കയറിയാല്‍ മൗനി ബാബയുടെ സമാധി സ്ഥാനം കാണാം. ആരാണീ മൗനി ബാബാ, അദ്ദേഹത്തിന്റെ മുഴുവന്‍നാമം 'ശ്രീ സച്ചിതാനന്ദ മഹേശ്വര മൗനി ബാബ' എന്നാണ്. ഈ 2020, ബാബയുടെ 129 മത് ജന്‍മദിനം ആണ്. അനേക വര്‍ഷങ്ങള്‍ക്ക് മുമ്പ് ഹിമാലയത്തില്‍ നിന്ന് നാല് ഋഷിവര്യന്മാര്‍ കേരളത്തിലേക്ക് വന്നതില്‍ ഒരാളാണീ മൗനീ ബാബാ, ഇദ്ദേഹം എന്നും മൗനിയായി, ഇന്ന് കാണുന്ന മുനീശ്വരന്‍ കോവില്‍ സ്ഥിതി ചെയ്യുന്ന സമതല പ്രദേശത്ത് പൂര്‍ണ്ണമായി മൗനത്തില്‍ ഇരിക്കുമായിരുന്നു, ഒരു മുനീശ്വര രൂപത്തില്‍. മുനീശ്വരനായ അദ്ദേഹം അവിടെ തപസ്സ് ഇരുന്നതിനാല്‍ അവിടെയുള്ള കോവിലിന് 'മുനീശ്വരന്‍ കോവില്‍' എന്ന പേരൂവീണു. കൂടാതെ അവിടെയുള്ള റോഡിന്, സ്വാമി മഠം റോഡ് എന്നും അറിയപ്പെട്ടു. പണ്ട് പണ്ട് ഇംഗ്ലീഷുകാര്‍ ഭരിക്കുന്ന സമയത്ത്, ഒരു ദിവസം കണ്ണൂരില്‍ കണ്ടോണ്‍മെന്റിന്റെ ഒരു ഇടവഴിയില്‍, മൗനി ബാബ കീറി പറഞ്ഞ വസ്ത്രത്തില്‍ നിലത്ത് കിടക്കയാരുന്നു. ഒരു ബ്രിട്ടീഷ് പടയാളി ആ ഇടവഴിയിലൂടെ കുതിരപ്പുറത്തു വരികയായിരുന്നു. ഇതു കണ്ട ഉടനെ ബ്രിട്ടീഷുകാരന് ദ്വേഷ്യം വന്നു. കുപിതനായ അദ്ദേഹം നിലത്തു കിടക്കുന്ന മൗനി ബാബയെ തന്റെ കയ്യിലുണ്ടായിരുന്ന തുകല്‍ ചാട്ട കൊണ്ട് ദേഹമാസകലം അടിച്ചു. ബാബ ചിരിച്ചു കൊണ്ടു അടി ഏറ്റുവാങ്ങി. തന്റെ ബംഗ്ലാവിലെത്തിയ, ബ്രിട്ടീഷ് പടയാളി തന്റെ വസ്ത്രം അഴിച്ചുമാറ്റിയപ്പോഴാണ്. അദ്ദേഹത്തിന്റെ ഭാര്യ കണ്ടത്, അദ്ദേഹത്തിന്റെ ദേഹമാസകലം ചാട്ടവാറടിച്ചതിന്റെ കല, അദ്ദേഹം വേദന കൊണ്ടു പുളയാന്‍ തുടങ്ങി. പശ്ചാത്താപം തോന്നിയ, അദ്ദേഹം മൗനി ബാബയുടെ സമക്ഷത്തിങ്കലെത്തി സ്വാമിയോട് മാപ്പപേക്ഷിച്ചു കൂടാതെ തന്റെ കഴിവു ഉപയോഗിച്ചു് ബ്രിട്ടീഷ് മേധാവികളെക്കൊണ്ട് സ്വാമി മഠവും മുനീശ്വരന്‍ കോവിലും ഇരിക്കുന്ന സ്ഥലം സ്വാമിക്ക് കൈമാറി. ആ സ്ഥലത്താണ് മുനീശ്വരന്‍ കോവിലും മൗനി ബാബ മഠവും സ്ഥിതി ചെയ്യുന്നത്. മൗനി ബാബാ മഠത്തിനകത്ത് ഒരു ദിവസം ഇരിക്കുന്ന അവസരം ധനാഢ്യനായ ഒരു പ്രഭൂ തന്റെ ഭൃത്യന്റെ കയ്യില്‍ ഒരു പട്ടുതുണി കൊടുത്തയച്ചു. ഭൃത്യന്‍ ആ പട്ടുവാങ്ങി ബാബക്ക് കൊണ്ട്‌വന്നുകൊടുത്തു ബാബ, അദ്ദേഹത്തിന്റെ മുന്നിലുള്ള എരിയുന്ന അഗ്‌നികുണ്ഠത്തില്‍ ഹോമിച്ചു. ഈ വിവരം കേട്ട് കുപിതനായ പ്രഭു അഹങ്കാരത്തോട്കൂടി, താന്‍ കൊടുത്തയച്ച പട്ടുതിരിച്ചു തരേണമെന്ന് ആവശ്യപ്പെട്ടു. ബാബ ഒരു നിമിഷം കൊണ്ട് ആ എരിഞ്ഞു കൊണ്ടിരുന്ന അഗ്‌നിഹോമകുണ്ഠത്തില്‍ നിന്നും പുത്തന്‍പട്ട് തിരിച്ചെടുത്തു കൊടുത്തു. ശ്രീ ബാബ എന്നും മൗനിയായി ഇരിക്കുമായിരുന്നു. എന്നാല്‍ അന്തരീക്ഷത്തില്‍ പ്രത്യക്ഷപ്പെടുന്ന പല ആത്മാക്കളുമായി ആംഗ്യ ഭാഷയില്‍ മൗനസംഭാഷണം നടത്തുന്നത് ബാബയുടെ നേരംപോക്കായിരുന്നു. അദ്ദേഹം പല പല അത്ഭുതങ്ങളും സൃഷ്ടിക്കുമായിരുന്നു. ബാബ ഒരു കൃഷ്ണ ഭക്തന്‍ കൂടിയായിരുന്നു. മൗനി ബാബ മഠത്തിനടുത്ത് ഈ അടുത്ത കാലത്ത് ഒരു കൃഷ്ണ ക്ഷേത്രവും പണിതിട്ടുണ്ട്. മൗനി ബാബയുടെ സമാധി സ്ഥാനത്ത് നിന്ന് കൊണ്ട് പ്രാര്‍ത്ഥിച്ചാല്‍, ഭക്തന്‍മാരുടെ എല്ലാ ആഗ്രഹങ്ങളും പൂര്‍ത്തീകരിക്കും, തീര്‍ച്ച.


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait