രാജ്യത്ത് കൊവിഡ് ബാധിതര്‍ 49 ലക്ഷം കടന്നു; ആകെ മരണം 80,000 കടന്നു 

Published on 15 September 2020 11:07 am IST
×

ന്യൂഡല്‍ഹി: രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 50 ലക്ഷത്തോടടുക്കുന്നു. 24 മണിക്കൂറിനിടെ 83,809 പേര്‍ക്ക് കൂടി രോഗം സ്ഥിരീകരിച്ചതോടെ ആകെ കൊവിഡ് ബാധിതരുടെ എണ്ണം 49,30,237 ആയി. 24 മണിക്കൂറിനിടെ 1054 പേര്‍ കൊറോണ വൈറസ് ബാധിച്ച് മരിക്കുകയുമുണ്ടായി. ഇതോടെ ആകെ കൊവിഡ് മരണങ്ങള്‍ 80,766 ആയി. ഇതുവരെ 38,59,400 പേരാണ് രോഗമുക്തി നേടിയത്. 9,90,061 പേര്‍ നിലവില്‍ ചികിത്സയിലാണ്. 

13 സംസ്ഥാനങ്ങളില്‍ ശരാശരി ഒരു ലക്ഷത്തിന് മുകളിലാണ് രോഗികളുടെ എണ്ണം. രാജ്യത്തെ കൊവിഡ് രോഗികളില്‍ 60 ശതമാനവുമുള്ള അഞ്ച് സംസ്ഥാനങ്ങളില്‍ ഇന്നലെ പ്രതിദിന വര്‍ദ്ധന കുറഞ്ഞിരുന്നു. മഹാരാഷ്ട്രയില്‍ പ്രതിദിന വര്‍ദ്ധന പതിനെട്ടായിരത്തിന് താഴെ എത്തി. കഴിഞ്ഞ ദിവസങ്ങളില്‍ കാല്‍ ലക്ഷത്തിന് അടുത്തായിരുന്നു വര്‍ധന.

അതേസമയം ലോകത്ത് ഏറ്റവുമധികം കൊവിഡ് അതിജീവനം നടക്കുന്നത് ഇന്ത്യയിലാണ്. ആഗോളതലത്തില്‍ തന്നെ കൊവിഡുമായി ബന്ധപ്പെട്ട വിശദ വിവരങ്ങള്‍ മഹാമാരിയുടെ ആദ്യഘട്ടം മുതല്‍ തന്നെ തയ്യാറാക്കി വരുന്ന 'ജോണ്‍സ് ഹോപ്കിന്‍സ് യൂണിവേഴ്സ്റ്റിയുടെ' പട്ടികയിലാണ് കൊവിഡ് അതിജീനത്തില്‍ ഇന്ത്യ ഒന്നാം സ്ഥാനത്താണെന്ന് കാണിച്ചിരിക്കുന്നത്. പ്രത്യക്ഷത്തില്‍ നേരിയ ആശ്വാസം തോന്നിക്കുന്ന വാര്‍ത്തയാണ് ഇതെങ്കിലും, സത്യത്തില്‍ കേസുകളുടെ എണ്ണം വര്‍ധിക്കുന്നതിന്റെ ആനുപാതികമായി സംഭവിക്കുന്ന മാറ്റം മാത്രമാണിതെന്നാണ് വിലയിരുത്തല്‍. കൊവിഡ് മുക്തിയുടെ കാര്യത്തില്‍ നേരത്തേയുണ്ടായിരുന്ന തോതിന് ഇടിവ് സംഭവിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്.

ആഗോള തലത്തില്‍ കൊവിഡ് ബാധിതരുടെ എണ്ണത്തില്‍ യു.എസിന് പിന്നില്‍ രണ്ടാമത് തുടരുകയാണ് ഇന്ത്യ. അതേസമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ദിനംപ്രതിയുള്ള കൊവിഡ് രോഗികളുടെ എണ്ണവും മരണവും ഇന്ത്യയിലാണ് ഏറ്റവും കൂടുതല്‍ റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait