സ്വപ്നയ്ക്കും റമീസിനും വിദഗ്ധ പരിശോധന; പ്രതികളെ കസ്റ്റഡിയില്‍ വാങ്ങാന്‍ എന്‍ഐഎ.

പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ ഡിസ്ചാർജ് തീരുമാനിക്കുക. ഞായറാഴ്ചയാണ് നെഞ്ച് വേദനയെ തുടർന്ന് സ്വപ്നയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
kannur metro
Published on 15 September 2020 8:53 am IST
×

തൃശ്ശൂര്‍: തൃശ്ശൂര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സിയില്‍ കഴിയുന്ന സ്വര്‍ണ്ണക്കടത്ത് കേസിലെ പ്രതികളായ സ്വപ്ന സുരേഷിനും, റമീസിനും ഇന്ന് വിദഗ്ധ പരിശോധന. സ്വപ്നക്ക് ആൻജിയോഗ്രാം പരിശോധനയും, റമീസിന് എന്‍ഡോസ്കോപിയുമാണ് നടത്തുക. പരിശോധനാ ഫലത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ ഡിസ്ചാർജ് തീരുമാനിക്കുക. ഞായറാഴ്ചയാണ് നെഞ്ച് വേദനയെ തുടർന്ന് സ്വപ്നയെ മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഒരാഴ്ച മുൻപ് നെഞ്ച് വേദന അനുഭവപ്പെട്ടതിനെ തുടർന്ന് സ്വപ്നയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ആറ് ദിവസം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്നു. റമീസിനെ വയറുവേദന അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
അതേ സമയം സ്വർണക്കടത്ത് കേസിലെ മുഖ്യ പ്രതി സ്വപ്ന സുരേഷ് അടക്കം അഞ്ച് പ്രതികളെ കസ്റ്റഡിയിൽ വേണമെന്നാവശ്യപ്പെട്ട് എൻഐഎ നൽകിയ ഹ‍ർജി കോടതി ഇന്ന് കോടതി പരിഗണിക്കും. പ്രതികളെ അഞ്ച് ദിവസം കസ്റ്റഡിയിൽ വിട്ട് നൽകണമെന്നാവശ്യപ്പെട്ടാണ് എൻഐഎ കോടതിയെ സമീപിച്ചിട്ടുള്ളത്. 
പ്രതികളുടെ ഫോൺ, ലാപ്ടോപ് എന്നിവയിൽ നിന്ന് ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലാണ് ചോദ്യം ചെയ്യലിന് എൻഐഎ ശ്രമം. എൻഐഎ ഹർജി പരിഗണിക്കുന്ന പശ്ചാത്തലത്തിൽ സ്വപ്ന അടക്കമുള്ള പ്രതികളെ ഇന്ന് ഹാജരാക്കാൻ കോടതി ഉത്തരവിട്ടിരുന്നു. എന്നാൽ നെഞ്ച് വേദനയ്ക്ക് ചികിത്സ തേടുന്ന സ്വപ്നയെ ഇന്ന് കോടതിയിൽ ഹാജരാക്കില്ലെന്നാണ് സൂചന. 
മെഡിക്കൽ റിപ്പോർട്ട് ഇന്ന് കോടതിയ്ക്ക് കൈമാറിയേക്കും. സ്വപ്ന സുരേഷിന് പുറമെ സന്ദീപ് നായർ, മുഹമ്മദ് ഷാഫി, മുഹമ്മദ് അലി, മുഹമ്മദ് അൻവർ എന്നിവരെയും കസ്റ്റഡിയിൽ വേണമെന്ന് എൻഐഎ ആവശ്യപ്പെട്ടിട്ടുണ്ട്.


 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait