പരിയാരത്ത് പോലീസിനെ അക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍

Published on 14 September 2020 11:01 pm IST
×

പരിയാരം: പരിയാരത്ത് പോലീസിനെ അക്രമിച്ച കേസില്‍ മൂന്ന് പേര്‍ അറസ്റ്റില്‍. പിലാത്തറ, മണ്ടൂര്‍ സ്വദേശികളായ ശരത്, വിന്ധ്യഷ്, വിനീത് എന്നിവരെയാണ് പരിയാരം സി.ഐ കെ.വി ബാബു അറസ്റ്റ് ചെയ്തത്. ഒരു പ്രണയ വിവാഹവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനിടെയാണ് സംഘം പോലീസിനെ ആക്രമിച്ചത്.

പരാതികള്‍ സംസാരിക്കാനായി വിളിച്ചുവരുത്തിയവര്‍ പോലീസ് സ്റ്റേഷനില്‍ എസ്.ഐയുടെ മുന്നില്‍ വെച്ച് പരസ്പരം ഏറ്റുമുട്ടി. ഇന്നലെ രാവിലെ പത്തോടെ പരിയാരം പോലീസ് സ്റ്റേഷനിലായിരുന്നു സംഭവം. ഇവരെ പിടിച്ചുമാറ്റാനെത്തിയ ജി.ഡി ചാര്‍ജ് പ്രമോദിനും മര്‍ദ്ദനമേറ്റു. മൂന്നുപേരെയും പോലീസ് ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം അറസ്റ്റ് ചെയ്തു. മണ്ടൂരിലെ മന്ദ്യത്ത് വീട്ടില്‍ കെ.വി ശരത്ത് (24), സി.എം നഗറിലെ കളത്തില്‍ വളപ്പില്‍ കെ.വി വിന്ദേഷ് (24), പിലാത്തറ കളത്തില്‍ വളപ്പില്‍ വിനീത് (34) എന്നിവരെയാണ് പ്രിന്‍സിപ്പല്‍ എസ്.ഐ എം.പി ഷാജി അറസ്റ്റ് ചെയ്തത്. മര്‍ദ്ദനത്തില്‍ പരിക്കേറ്റ പോലീസുകാരന്‍ പ്രമോദിനെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. 

പത്തുമിനുട്ടോളം സ്റ്റേഷനകത്ത് ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ പോലീസുകാര്‍ ഏറെ പണിപ്പെട്ടാണ് കീഴ്‌പ്പെടുത്തിയത്. ഔദ്യോഗിക കൃത്യനിര്‍വ്വഹണം തടസപ്പെടുത്തിയതിനും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാരനെ മര്‍ദ്ദിച്ചതിനും ഉള്‍പ്പെടെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് കേസ്. വിവാഹം സംബന്ധിച്ചുണ്ടായ ചില പ്രശ്‌നങ്ങളെച്ചൊല്ലി ലഭിച്ച പരാതികള്‍ പ്രകാരമാണ് മൂവരേയും പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയത്. സംസാരിച്ചുകൊണ്ടിരിക്കെ ഇവര്‍ പരസ്പരം തെറിവിളിച്ചുകൊണ്ട് തമ്മിലടിക്കുകയായിരുന്നു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait