സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ച അവധി ഒഴിവാക്കിയേക്കും

Published on 14 September 2020 11:56 am IST
×

തിരുവനന്തപുരം: സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ച അവധി അവസാനിപ്പിക്കാന്‍ പൊതുഭരണ വകുപ്പ് ശുപാര്‍ശ ചെയ്തു. 22 മുതല്‍ എല്ലാ ഉദ്യോഗസ്ഥരും ഹാജരായി ഓഫീസുകള്‍ പൂര്‍ണ്ണതോതില്‍ പ്രവര്‍ത്തിച്ചു തുടങ്ങണമെന്നും വകുപ്പ് നിര്‍ദേശിച്ചു. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേരുന്ന കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ അവലോകന യോഗത്തില്‍ അന്തിമ തീരുമാനമുണ്ടാവും.

ഇപ്പോള്‍ അവശ്യ സേവന വിഭാഗത്തിലൊഴികെ പകുതിപ്പേരാണ് ഹാജരാകുന്നത്. ലോക്ഡൗണ്‍ നിയന്ത്രണങ്ങളുടെ ഭാഗമായി ശനിയാഴ്ച അവധി തുടരുന്നുമുണ്ട്. പൊതുഗതാഗതം പുനരാരംഭിച്ചിട്ടില്ലാത്തതിനാല്‍ ജില്ല വിട്ട് ദൂരയാത്ര ചെയ്ത് ജോലി ചെയ്യേണ്ടിവരുന്നവര്‍ക്ക് ഇളവ് തുടരാന്‍ സാധ്യതയുണ്ട്. അവര്‍ അതത് ജില്ലാ കലക്ടര്‍മാര്‍ക്കു മുന്നില്‍ റിപ്പോര്‍ട്ട് ചെയ്ത് അവിടങ്ങളില്‍ ജോലി ചെയ്യണം. പൊതുഗതാഗതം സാധാരണ നിലയിലാവുന്ന മുറയ്ക്ക് ഇവരും ഓഫീസിലെത്തണം. 

നാലാംഘട്ട തുറക്കലിന്റെ ഭാഗമായി ഏതാണ്ട് എല്ലാ മേഖലകളും തുറക്കാന്‍ കേന്ദ്രം തീരുമാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം ഇനിയും നിയന്ത്രിക്കേണ്ടതില്ലെന്നാണ് പൊതുഭരണവകുപ്പിന്റെ നിലപാട്. ഓഫീസുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണതോതിലാകാത്തത് വികസന പദ്ധതി പ്രവര്‍ത്തനങ്ങളെ ബാധിക്കുന്നതായും വിലയിരുത്തലുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait