കണ്ണൂർ ഗോപി എന്ന ഭക്തിഗാന രചയിതാവിനെ അധികമാർക്കും അറിയില്ല : ഗോപി രചിച്ച ഭക്തി ഗാനങ്ങൾ പി ജയചന്ദ്രൻ വരെ പാടിയിട്ടുണ്ട് .

ഗിരീഷ് പൂക്കോത്ത്
Published on 11 September 2020 5:29 pm IST
×

കണ്ണൂർ :കണ്ണൂർ ഗോപി എന്ന ഭക്തിഗാന രചയിതാവിനെ അധികമാർക്കും അറിയാൻ സാധ്യതയുണ്ടെന്ന് തോന്ന്ന്നില്ല. പക്ഷേ, അദ്ദേഹം എഴുതിയ മുത്തപ്പഭക്തിഗാനം ആലപിച്ച വിഖ്യാത ഗായകൻ പി.ജയചന്ദ്രനെ എല്ലാവർക്കുമറിയാം.മുത്തപ്പന്റെ ആരൂഢസ്ഥാനമായ കുന്നത്തൂർ മലയുടെ താഴ്വാരത്തിൽ പയ്യാർ ഗോപിയെന്ന 52 കാരനുണ്ട്. കല്ല് കെട്ട് തൊഴിൽ ചെയ്ത് ഉപജീവനം കഴിക്കുന്ന ഒരു സാധാരണ തൊഴിലാളി.34 വർഷം മുമ്പ് കുന്നത്തൂരിൽ നിന്ന് ഉപ ജീവനാർത്ഥം കണ്ണൂരിലെ ആദികടലായി എന്ന കടലോര ഗ്രാമത്തിലെത്തിയതാണ് കണ്ണൂർ ഗോപിയെന്ന പയ്യാർ ഗോപി. ആദികടലായി ശ്രീകൃഷ്ണ ഭജന സമിതി എന്ന സംഘം രൂപവത്ക്കരിച്ച് നിരവധി വർഷക്കാലം ഈ രംഗത്ത് തുടർന്നു. ശബരിമല മണ്ഡലവ്രത കാലത്തായിരുന്നു ഭജനകൾ അധികവും. മുദ്രയണിയാത്ത നാളുകളിലും ഭജനകളിൽ തന്റെ സാന്നിധ്യം ഉറപ്പിച്ചിരുന്നു ഗോപി.നാല്പതോളം പേരടങ്ങുന്നതായിരുന്നു ഭജന സംഘം.ആദ്യകാലങ്ങളിൽ കണ്ണൂരിലെ പല ക്ഷേത്രങ്ങളിലും ഭജനസംഘവുമായി ചെന്നു. ഈയിടയ്ക്ക്  പാട്ടുകൾ എഴുതിയ പുസ്തകം നഷ്ടപ്പെട്ടു.വർഷങ്ങൾ ഏറെക്കഴിഞ്ഞു. ഒരു സുഹൃത്തിന്റെ വീട്ടിൽ ചെന്നപ്പോഴാണ് താനെഴുതിയ പാട്ടുകൾ സുപ്രസിദ്ധ ഗായകൻ പി.ജയചന്ദ്രന്റെ ശബ്ദത്തിൽ കേൾക്കാനിടയായത്.ഏറെ സന്തോഷമായിരുന്നു മനസ്സിലുണ്ടായതെങ്കിലും ഗാന രചയിതാവായ തന്റെ പേര് എവിടെയും പരാമർശിച്ചു കണ്ടില്ല. ആരോടും പരാതിയോ പരിഭവമോ പറഞ്ഞില്ല. കാരണം, താൻ ഏറെ ആരാധിക്കുന്ന പി.ജയചന്ദ്രന്റെ ശബ്ദത്തിൽ ആ ഗാനം കേൾക്കാൻ സാധിച്ചതിൽ വല്ലാത്ത സന്തോഷമായിരുന്നു മനസ്സിൽ. എങ്കിലും തന്റെ ഗാനമാണെന്ന്  തെളിയിക്കാനുള്ള തെളിവും നഷ്ടപ്പെട്ടു പോയിരിക്കുന്നു.ശിവൻ, ഭഗവതി, ശ്രീകൃഷ്ണൻ, ശ്രീരാമൻ, അയ്യപ്പൻ, സുബ്രഹ്മണ്യൻ എന്നീ ഹൈന്ദവ ദേവതകളെക്കുറിച്ച് നിരവധി ഭക്തിഗാനങ്ങൾ അദ്ദേഹമെഴുതിയിട്ടുണ്ട്‌.കണ്ണൂർ ചാല ഭഗവതിയെക്കുറിച്ചും പള്ളിക്കുന്ന് മൂകാംബികയെക്കുറിച്ചുമെല്ലാം ഗാനങ്ങൾ രചിച്ചിട്ടുണ്ട് ഗോപി.നൂറ്റിയിരുപതോളം ഗാനങ്ങൾ എഴുതിയിട്ടുണ്ടെങ്കിലും മുപ്പതോളം ഗാനങ്ങൾ ഉൾക്കൊള്ളുന്ന ഒരു നോട്ടുപുസ്തകം മാത്രമാണ് ഇപ്പോൾ ഗോപിയുടെ കൈവശമുള്ളത്.ഗോപിയുടെ പിതാവ് കണ്ണൻ പാട്ടുപാടുകയും പുല്ലാങ്കുഴൽ വായിക്കുകയും ചെയ്യുമായിരുന്നു. ഇതു കേട്ട് വളർന്ന ഗോപി സംഗീത ഗുരുക്കന്മാരെ ആരെയും തേടിപ്പോയില്ല. അച്ഛന്റെ പാത പിൻതസംഗീതം ചിട്ടപ്പെടുത്തിയ ശേഷമാണ് ഗോപി മിക്ക ഗാനങ്ങളും രചിച്ചത്.ഗാനരചനയും സംഗീതവും ആലാപനവുമെല്ലാം ഗോപി തന്നെ നിർവഹിച്ചു.രാത്രി ഉറങ്ങാൻ കിടക്കുമ്പോഴാണ് സംഗീതം തന്നിൽ തെളിയുകയെന്ന്  ഗോപി പറയുന്നു.പൈസക്കിരി ദേവമാതാ ഹൈസ്ക്കൂളിൽ എട്ടാം ക്ലാസ് വരെ പഠിച്ച ഗോപി സ്ക്കൂൾ കലോത്സവങ്ങളിൽ പങ്കെടുത്ത് സമ്മാനം നേടുക മാത്രമല്ല മാതാവിനെക്കുറിച്ചുള്ള  കൃസ്തീയ ഭക്തിഗാനവും രചിക്കുകയുണ്ടായി.കണ്ണൂർ ആകാശവാണിയിൽ ഫോൺ -ഇൻ പരിപാടിയിലും പങ്കെടുക്കാറുണ്ടായിരുന്നു. സുഹൃത്തായ ഫാറൂഖ് കടലായി മുസ്ലീം ഗാനങ്ങൾ പാടുമ്പോൾ കണ്ണൂർ ഗോപി ഹൈന്ദവ ഭക്തിഗാനങ്ങൾ പാടി.ചെണ്ടവാദകനും കോൽക്കളി കലാകാരനും തബല വാദകനുമൊക്കെയാണെങ്കിലും ആരുടെയും പ്രോത്സാഹനമില്ലാതെ, ആരാലും അറിയപ്പെടാതെ ഒതുങ്ങിക്കഴിയാനായിരുന്നു ഗോപിയുടെ വിധി.കുന്നത്തൂർ പാടിയിലെ മുത്തപ്പന്റെ കാൽക്കീഴിൽ ആരാലും അറിയപ്പെടാതെ കഴിയുന്ന ഈ മനുഷ്യനെക്കുറിച്ച് പുറം ലോകത്തെയറിയിക്കണം എന്ന ഉദ്ദേശത്തോടെ തന്നെയാണ് ഇന്ന് കനത്ത മഴയും മഞ്ഞും വകവെക്കാതെ കുന്നത്തൂരിലെ മുത്തപ്പ സന്നിധിയുടെ അടിവാരത്തെ ഗോപിയുടെ വീട്ടിലെത്തിയത്.പി.ജയചന്ദ്രനെ നേരിൽ കാണണമെന്ന ആഗ്രഹമാണ് ഗോപിയുടെ മനസ്സിൽ. അതിന് മുത്തപ്പൻ ഇടവരുത്തട്ടെയെന്നാണ് തന്റെ പ്രാർത്ഥനയെന്ന് ഗോപി പറഞ്ഞു.പി.പി.ഉഷയാണ് ഗോപിയുടെ ഭാര്യ. ജ്യോതിഷ, അരുൺജിത്ത് എന്നിവർ മക്കളും അജേഷ് കുടുവൻ മരുമകനുമാണ്.

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait