യു.എ.ഇയില്‍ 930 പേര്‍ക്ക് കൂടി കൊവിഡ്; അഞ്ച് മരണം സ്ഥിരീകരിച്ചു

Published on 11 September 2020 1:12 pm IST
×

ദുബൈ: യു.എ.ഇയില്‍ 930 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു, അഞ്ച് പേര്‍ മരിച്ചു. ചെറിയൊരു ഇടവേളയ്ക്ക് ശേഷമാണ് രാജ്യത്ത് കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇത്രയേറെ വര്‍ധന റിപ്പോര്‍ട്ട് ചെയ്യുന്നത്. 930 പേര്‍ക്ക് വൈറസ് സ്ഥിരീകരിച്ചതോടെ രോഗികളുടെ എണ്ണം 76,911 ആയി ഉയര്‍ന്നു. 586 പേര്‍ക്ക് കൂടി പുതുതായി രോഗം ഭേദമായി.

അഞ്ച് പേര്‍ മരിച്ചതോടെ ആകെ മരണം 398 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 82,076 പേരില്‍ കൊവിഡ് പരിശോധനകള്‍ നടത്തിയതായി ആരോഗ്യ-രോഗ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അതേസമയം, മാര്‍ച്ച് ഒന്നിനുശേഷം സന്ദര്‍ശക, ടൂറിസ്റ്റ് വിസാ കാലാവധി തീര്‍ന്നവര്‍ക്ക് പിഴ കൂടാതെ സ്വന്തം നാടുകളിലേക്ക് മടങ്ങാനുള്ള സമയപരിധി വെള്ളിയാഴ്ച അവസാനിക്കും. പുതിയ വിസയിലേക്ക് മാറുകയോ അല്ലെങ്കില്‍ എത്രയും വേഗത്തില്‍ രാജ്യം വിടുകയോ വേണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ സമയപരിധി പലതവണ നീട്ടി നല്‍കിയിരുന്നു. വിസാ കാലാവധി കഴിഞ്ഞവര്‍ക്ക് ഓഗസ്റ്റ് 11 മുതല്‍ ഒരു മാസം കൂടി നീട്ടി നല്‍കിയ കാലാവധിയാണ് ഇപ്പോള്‍ അവസാനിക്കുന്നത്.

ഇക്കാലയളവില്‍ പിഴയൊടുക്കാതെ ഇവര്‍ക്ക് സ്വദേശത്തേക്ക് മടങ്ങാം. അതല്ലെങ്കില്‍ അധികം താമസിക്കുന്ന ഓരോ ദിവസത്തിനും നൂറ് ദിര്‍ഹം വീതം പിഴ നല്‍കേണ്ടിവരുമെന്ന് ഫെഡറല്‍ അതോറിറ്റി ഫോര്‍ ഐഡന്റിറ്റി ആന്‍ഡ് സിറ്റിസണ്‍ഷിപ്പ് അറിയിച്ചു. യു.എ.ഇയില്‍ പ്രഖ്യാപിച്ച പൊതുമാപ്പിന് തുല്യമായ ആനുകൂല്യം ഒട്ടേറെപേരാണ് പ്രയോജനപ്പെടുത്തുന്നത്. മാര്‍ച്ച് ഒന്നിന് മുന്‍പ് വിസ കാലാവധി കഴിഞ്ഞവര്‍ നവംബര്‍ 17-ന് മുന്‍പ് രാജ്യം വിട്ടാല്‍ മതിയാകും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait