അംഗീകാരത്തിന്റെ നിറവില്‍ ഗംഗാധരന്‍ മാഷ്; അധ്യാപനത്തിലും സേവന രംഗത്തും സമര്‍പ്പിതമായ ജീവിതം

നേതാജി കടന്നപ്പള്ളിയുടെ നേതൃത്വത്തില്‍ ആദരിച്ചു
Published on 02 September 2020 5:34 pm IST
×

                 ജന്മംകൊണ്ട് എടനാടും ഔദ്യോഗിക ജീവിതം കടന്നപ്പള്ളിയിലും, പയ്യന്നൂര്‍ കേന്ദ്രമായി സാമൂഹ്യ-സേവന കര്‍മ്മ മണ്ഡലം നാടാകെ വ്യാപിപ്പിക്കുകയും ചെയ്ത കര്‍മ്മോജ്ജ്വലനാണ് മികച്ച റോട്ടറി അസി. ഗവര്‍ണ്ണറായി അംഗീകാരം ലഭിച്ച ഗംഗാധരന്‍ മേലേടത്ത്. ബാല്യകാലത്തു തന്നെപയ്യന്നൂരിലെ കലാ-സാംസ്‌കാരിക സാമൂഹിക രംഗങ്ങളില്‍ സജീവമായിരുന്ന എം. ഗംഗാധരന്‍ ശരവണഭവ നാട്യസദന പ്രസിഡന്റ്, സര്‍ഗ്ഗ ഫിലിം സൊസൈറ്റി പ്രസിഡന്റ്, പയ്യന്നൂരിലെ ചെസ് ക്ലബ്ബ് സ്ഥാപക പ്രസിഡന്റ്, മൂന്ന് അഖിലേന്ത്യാ ഫിഡേറേറ്റണ്ട് ചെസ് ടൂര്‍ണ്ണമെന്റുകളുടെ അമരക്കാരന്‍ തുടങ്ങിയ നിലകളില്‍ സജീവമായി. 

ചിത്ര കലാഭിരുചിയില്‍ വളര്‍ന്ന ഗംഗാധരന്‍ എസ്.എസ്.എല്‍.സി പഠനം പൂര്‍ത്തിയാകുമ്പോഴേക്കും ചിത്രകലയിലും സര്‍ട്ടിഫിക്കറ്റിന് അര്‍ഹനായി. കടന്നപ്പള്ളി യു.പി സ്‌കൂളില്‍ അധ്യാപകനായി ചേര്‍ന്ന ശേഷം ചരിത്രത്തില്‍ ബിരുദം നേടുകയും അധ്യാപക ട്രെയിനിങ് പൂര്‍ത്തിയാക്കുകയും ചെയ്തു. 37 വര്‍ഷത്തെ അധ്യാപക ജീവിതത്തിനിടയില്‍ മാടായി ഉപജില്ല കലാ-കായിക മേളകളുടെ സംഘാടനത്തിലടക്കം കടന്നപ്പള്ളിയിലെ കലാരംഗങ്ങളിലും മാഷുടെ നേതൃപാഠവം തെളിയിക്കുമായിരുന്നു. ജോലിയില്‍ നിന്നു വിരമിക്കുന്ന സമയത്ത് മാടായി സബ്ബ് ജില്ലാ ഗെയിസ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ് ആയിരുന്നു. തുടര്‍ന്ന് പയ്യന്നൂര്‍ കേന്ദ്രമായുള്ള കര്‍മ്മ മണ്ഡലം റോട്ടറി ക്ലബില്‍ സക്രിയമാക്കി. പയ്യന്നൂര്‍ മിഡ് ടൗണ്‍ പ്രസിഡന്റ്, അസി. ഗവര്‍ണ്ണര്‍ തുടങ്ങിയ നിലകളില്‍ നേതൃ രംഗത്തെത്തി. കളര്‍ ലാബ് അസോസിയേഷന്‍ സംസ്ഥാന ട്രഷറര്‍, ചെസ് അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ്, ഗാസിബോ ക്ലബ്ബ് സയറക്ടര്‍ തുടങ്ങി നിരവധി സംഘടനകളുടെ നേതൃനിര പ്രവര്‍ത്തനത്തില്‍ സജീവ സാന്നിധ്യമാണ്. പയ്യന്നൂര്‍ നവമീഡിയ ചാനലിന്റെ സി.ഇ.ഒ ആണ്.

പഠനകാലം മുതല്‍ ഔദ്യോഗിക ജീവിതത്തിലും കര്‍മ്മ മണ്ഡലത്തിലുമുള്ള സഹപ്രവര്‍ത്തകരും 37 വര്‍ഷത്തെ അധ്യാപന ജീവിതത്തിലൂടെ വളര്‍ത്തിയെടുത്ത ആയിരക്കണക്കിന് ശിഷ്യ സമ്പത്തുമടക്കമുള്ള വലിയൊരു സുഹൃദ്‌വലയം മാഷിനുണ്ട്. സാമൂഹ്യ ബന്ധങ്ങളിലൂടെയുള്ള പ്രഭാവത്തിലും കര്‍മ്മ മണ്ഡലങ്ങളിലെ ബാഹുല്യതയിലും എളിയവനായി എവിടെയും സാന്നിധ്യമറിയിക്കുന്ന വലിയ മനസ്സിന് ഉടമയാണ് ഗംഗാധരന്‍ മാസ്റ്റര്‍.

ഭാര്യ: കെ.വി രമാവതി (കണ്ടങ്കാളീ ഹൈസ്‌കൂള്‍, റിട്ട. പ്രധാനാധ്യാപിക). മകള്‍: മിഥുല (ഇഞ്ചിനീയര്‍). 

മികച്ച റോട്ടറി അസി. ഗവര്‍ണ്ണറായി അംഗീകാരം ലഭിച്ച ഗംഗാധരന്‍ മേലേടത്തിന് നേതാജി കടന്നപ്പള്ളിയുടെ ആഭിമുഖ്യത്തില്‍ ആദരിച്ചു. ഇ.എന്‍ പത്മനാഭന്‍ ഉപഹാരം നല്കി. കെ.വി ബാലകൃഷ്ണന്‍, സി.ടി വിജയന്‍, പി.കെ രമേശന്‍ എന്നിവര്‍ സംസാരിച്ചു. സുധീഷ് കടന്നപ്പള്ളി സ്വാഗതവും ശോഭരാജ് പി.പി നന്ദിയും പറഞ്ഞു. പി.കെ രാജീവന്‍, കെ.വി ജനാര്‍ദ്ദനന്‍ എന്നിവര്‍ സംബന്ധിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait