നാൽപ്പത് വർഷങ്ങൾക്കപ്പുറത്തെ ഓർമ്മച്ചിത്രങ്ങൾ.   വി വി പ്രഭാകരൻ .

 വി വി പ്രഭാകരൻ 
Published on 31 August 2020 5:41 pm IST
×

എറണാകുളത്ത് മഹാരാജാസ് കോളേജിലെ പഠനം കഴിഞ്ഞയുടൻ ''വീക്ഷണം" പത്രത്തിൽ സബ്ബ് എഡിറ്റർ ട്രെയിനിയായി ചേർന്ന കാലം.എഴുപതുകളുടെ പകുതി പിന്നിട്ടവേള. അക്കാലത്ത് വാസുവേട്ടൻ ഇടയ്ക്ക് ഞങ്ങളുടെ വീട്ടിൽ വരും. പനമ്പിള്ളി നഗറിലെ 103-ാം നമ്പർ വീട്ടിലേക്ക്. അന്ന് പനമ്പിള്ളി നഗറോ കൊച്ചി യോ ഇന്നു കാണുന്ന വിധം വളർന്നിട്ടില്ല, തിളക്കം കുറവ്. പനമ്പിള്ളി നഗറിനും തൊട്ടടുത്ത കടവന്ത്രയ്ക്കും വൈറ്റിലയ്ക്കുമെല്ലാം ഗ്രാമീണാന്തരീക്ഷമുണ്ടായിരുന്നു. എന്റെ ഇളയച്ഛൻ - കേരള ഹൈക്കോടതിയിലെ പ്രമുഖ അഭിഭാഷകനും പ്രസ്ത ചിന്തകനും എഴുത്തുകാരനും സോഷ്യലിസ്റ്റ് നേതാവുമായിരുന്ന എം.പി.ബാലഗോപാലൻ നമ്പ്യാരുടെ ആത്മമിത്രമായിരുന്നുവല്ലോ എം.ടി.  (അതേക്കുറിച്ചെല്ലാം ഞാൻ വിശദമായി "ഓർമ്മകൾ ചിലമ്പിടുമ്പോൾ " എന്ന പുസ്തകത്തിൽ എഴുതിയിട്ടുണ്ട്.) എം.ടി.യുടെ ചില കേസുൾ, പിന്നെ ചില സാഹിത്യ ചർച്ചകൾ...അതൊക്കെയായിരുന്നു അവരുടെ സമാഗമത്തിനു പിന്നിൽ. എം.ടി.യെ ആരാധനയോടെ നോക്കി ക്കണ്ട ആ നാളുകൾ! ഇളയച്ഛനിലൂടെ എം.ടി.യെ പരിചയപ്പെടാൻ കഴിഞ്ഞത്ത എത്ര എളുപ്പത്തിലായിരുന്നു! 'പലവട്ടം ആ സവിധത്തിൽ ചേർന്നിരുന്ന് ഫോട്ടോയെടുത്തു. അന്നത്തെ Click 3 ക്യാമറയിലും മറ്റുമെടുത്ത ഫോട്ടോ ഇന്നും മങ്ങാതെ, മായാതെ നിൽക്കുന്നു! . എം.ടി.യോടൊപ്പം ഒരിക്കൽ ചെറുകഥാ മത്സരത്തിൽ ഒന്നാം സമ്മാനം പങ്കിട്ട ബാലഗോപാലൻ വക്കീലിനെ വീട്ടിലെ ലൈബ്രറി അക്കാലത്ത് എന്റെ ദേവാലയം തന്നെയായിരുന്നു. അതെ,.അതൊരു കാലമായിരുന്നു.- രമണീയമായ കാലം.! ഈ കൊറോണക്കാലത്ത് ഞാനെന്റെ ഓർമ്മകൾ പൊടി തട്ടിയെടുക്കവേ കണ്ടെടുത്ത ഈ ഫോട്ടോകളുടെ കാലഗണന വെച്ച് എന്റെ ഭാര്യ പറഞ്ഞു.:   " ആ കാലത്ത് ഞാനും മാങ്ങാട് രത്നാകരനും അംബികാസുതനും എം .ചന്ദ്രപ്രകാശും മറ്റും കാസർകോട്‌ ഗവ.കോളേജിൽ പ്രീ - ഡിഗ്രി ക്ലാസിൽ പഠിക്കുകയായിരുന്നു ".   എഴുപതുകളിൽ "മാതൃഭൂമി" ആഴ്ചപ്പതിപ്പിന്റെ എഡിറ്ററായിരുന്ന എം.ടി.യിലൂടെ എന്റെ എത്രയോ "തോന്ന്യാക്ഷരങ്ങൾ " ബാലപംക്തിയിൽ വെളിച്ചം കണ്ടു.  ഒരു തവണ എം.ടി.യുടെ രാത്രി ഭക്ഷണം ഞങ്ങളുടെ വീട്ടിലായിരുന്നു. ബാലഗോപാലൻ വക്കീലിന്റെ പ്രസിദ്ധമായ - ഗഹനമായ - "വേറാക്കൂറ് " എന്ന വൈജ്ഞാനിക ഗ്രന്ഥത്തിന്റെ പ്രകാശന കർമ്മം നടന്ന ദിവസം. ഫോട്ടോയിൽ കാണുന്ന  സി.പി.ശ്രീധരനും സഹധർമ്മിണിയും .പി.ഗോവിന്ദപിള്ളയും സഹധർമ്മിണിയും മറ്റും അന്ന് അത്താഴ വിരുന്നിൽ സംബന്ധിച്ചു. അവർക്ക് ഭക്ഷണം വിളമ്പിക്കൊടുക്കാനും അതു വഴി അവസരമുണ്ടായി. കാലത്തിന്റെ മഹാപ്രവാഹത്തിന്റെ തീരത്തു നിന്നും തിരിഞ്ഞു നോക്കുമ്പോൾ അങ്ങനെ എന്തെല്ലാം ഓർമ്മച്ചിന്തുകൾ!.,,,,, ഒരു വ്യാഴവട്ടക്കാലത്തിലുമധികം നീളുന്ന കൊച്ചി ജീവിതത്തെ കുറിച്ച് ഒരു പാടോർത്തെടുക്കാനുണ്ടല്ലോ......(എഴുത്തുകാരനും മാധ്യമപ്രവർത്തകനുമാണ് ലേഖകൻ )

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait