ശൈശവ നിലയിലാകുന്ന വയോജന സംരക്ഷണം

ഇന്ത്യയില്‍ 2002ലെ കണക്ക് പ്രകാരം പ്രവര്‍ത്തിക്കുന്ന 1018 വൃദ്ധസദനങ്ങളില്‍ 186 എണ്ണം കേരളത്തില്‍ നിന്നുമാണ്. കേരളത്തിന്റെ മൊത്തം ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണത്തിലെ വര്‍ധനവ് 1961-ല്‍ 5.83 ശതമാനവും, 1991ല്‍ 8.82 ശതമാനവും 2001-ല്‍ 9.79 ശതമാനവുമാണ്. സംസ്ഥാനത്തെ വയോജനങ്ങളുടെ എണ്ണത്തില്‍ ബഹുഭൂരിപക്ഷം ആള്‍ക്കാരും വിധവകളാണെന്നത് മറ്റൊരു വസ്തുതയാണ്. 1991-ല്‍ വായോജന വിഭാഗത്തില്‍പ്പെടുന്ന വിധവകളുടെ എണ്ണം 60 മുതല്‍ 69 വയസ് വരെ 53.8 ശതമാനവും 70 വയസിനു മുകളിലുള്ളവരുടെ കാര്യത്തില്‍ 69.20 ശതമാനവുമാണ്.
Published on 01 August 2023 IST

 

കേരള സംസ്ഥാനം വയോജന സൗഹൃദമെന്ന് കൊട്ടിഘോഷിച്ചുള്ള പദ്ധതികള്‍ ശൈശവ നിലയില്‍ തന്നെയാണ്. മുതിര്‍ന്ന പൗരന്മാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുന്നതിനും വിവിധ പ്രശ്‌നങ്ങള്‍ പരിഹരിക്കുന്നതിനും വേണ്ടിയുള്ള സംവിധാനങ്ങള്‍ നിരവധിയാണ്. വയോജന നയം മുതല്‍ വയോമിത്രം പദ്ധതി വരെ സംസ്ഥാന സര്‍ക്കാര്‍ നടപ്പാക്കിയിട്ടുണ്ട്. പക്ഷേ, അവ അതിവേഗം വയോജനങ്ങളിലേക്കെത്തുന്നില്ലെന്നാണ് സാരം. ചെന്നൈയിലേക്കു താമസം മാറിയ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ ബി.ആര്‍ പി. ഭാസ്‌കരന്‍ കേരളം വയോജന സൗഹൃദ സംസ്ഥാനമല്ലെന്നു വെളിപ്പെടുത്തിയതോടെയാണ് സംസ്ഥാനത്തെ വയോജനങ്ങളെ കുറിച്ചുള്ള  ഇതോടെയാണു കേരളത്തിലെ മുതിര്‍ന്ന പൗരന്മാരുടെ സ്ഥിതിയെക്കുറിച്ചും പലരും ചിന്തിക്കുന്നത്. 2011ലെ സെന്‍സസ് അനുസരിച്ചു കേരളത്തില്‍ 12.8 ശതമാനം ആയിരുന്ന മുതിര്‍ന്ന പൗരന്മാര്‍ 2021ല്‍ 16 ശതമാനം ആയി. അടുത്ത 25 വര്‍ഷം കൊണ്ട് ഇത് ഇരട്ടിക്കുമെന്നാണു നിയമസഭാ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. കേരളത്തിലെ വയോജനങ്ങളുടെ കണക്കെടുപ്പും മുതിര്‍ന്ന പൗരന്മാരുടെ ഡാറ്റാബാങ്ക് തയ്യാറാക്കലും സംസ്ഥാന സര്‍ക്കാര്‍ നടത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചിരിക്കുകയാണ്. 2015ല്‍ നടത്തിയ വികലാംഗ സെന്‍സസിന്റെ മാതൃകയിലായിരിക്കും നടപടിയെന്നും സര്‍ക്കാര്‍ വകുപ്പുകളുടെ വിവിധ ക്ഷേമപദ്ധതികള്‍ അവലോകനം ചെയ്യാന്‍ വിളിച്ചുചേര്‍ത്ത യോഗത്തിലാണ് അദ്ദേഹം പറഞ്ഞത്. അനാഥാലയങ്ങളുടെയും അഗതികള്‍ക്കും വയോജനങ്ങള്‍ക്കുമുള്ള ഭവനങ്ങളുടെ പ്രവര്‍ത്തനത്തെക്കുറിച്ചുള്ള ഡാറ്റാബേസ് തയ്യാറാക്കാനും സര്‍ക്കാര്‍ പദ്ധതിയിടുന്നതായും അങ്കണവാടി ജീവനക്കാരുടെ സേവനം ഇതിനായി പ്രയോജനപ്പെടുത്തുമെന്നാണ് അറിയിച്ചത്. ബോധവല്‍ക്കരണത്തിന്റെ അഭാവം മൂലം നിരവധി മുതിര്‍ന്ന പൗരന്മാര്‍ ക്ഷേമപദ്ധതികളുടെ പരിധിയില്‍ നിന്ന് വിട്ടുനില്‍ക്കുന്നത് നിരീക്ഷിച്ചു വാര്‍ഡ് മെമ്പര്‍മാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍, സാമൂഹ്യനീതി വകുപ്പ് ഉദ്യോഗസ്ഥര്‍, ആശ, അങ്കണവാടി, കുടുംബശ്രീ പ്രവര്‍ത്തകര്‍ എന്നിവരെ ഉള്‍പ്പെടുത്തി പ്രചാരണം സംഘടിപ്പിക്കാന്‍ ആഹ്വാനം ചെയ്തു. മുതിര്‍ന്ന പൗരന്മാര്‍ക്ക് താഴേത്തട്ടിലുള്ള സേവനങ്ങള്‍ ലഭ്യമാക്കുന്നതിനായി സാമൂഹ്യനീതി വകുപ്പ് ബ്ലോക്ക് തലത്തില്‍ ഓഫീസുകള്‍ തുറക്കുകയും വയോമിത്രം കോര്‍ഡിനേറ്റര്‍മാരെ നിയമിക്കുകയും ചെയ്യുമെന്നൊക്കെയാണ് വിഭാവനം ചെയ്തിരിക്കുന്നത്. ഇന്ത്യയില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണത്തില്‍ കഴിഞ്ഞ കുറെ വര്‍ഷത്തിനിടയില്‍ ക്രമാതീതമായ വര്‍ധനവാണ് കാണപ്പെടുന്നത്. ആധുനിക കാലഘട്ടത്തില്‍ കൂട്ടുകുടുംബ വ്യവസ്ഥയില്‍ ഉണ്ടായ തകര്‍ച്ച നിമിത്തം വയോജനങ്ങളുടെ ശുശ്രൂഷയില്‍ വേണ്ടത്ര ശ്രദ്ധ ചെലുത്താന്‍ കുടുംബംഗങ്ങള്‍ക്ക് കഴിയാത്തതാണ് വൃദ്ധസദനങ്ങള്‍ രൂപീകൃതമാകുന്നതിന് സാഹചര്യം ഒരുക്കിയത്. ഇന്ത്യയില്‍ 2002ലെ കണക്ക് പ്രകാരം പ്രവര്‍ത്തിക്കുന്ന 1018 വൃദ്ധസദനങ്ങളില്‍ 186 എണ്ണം കേരളത്തില്‍ നിന്നുമാണ്. കേരളത്തിന്റെ മൊത്തം ജനസംഖ്യയില്‍ വയോജനങ്ങളുടെ എണ്ണത്തിലെ വര്‍ധനവ് 1961-ല്‍ 5.83 ശതമാനവും, 1991ല്‍ 8.82 ശതമാനവും 2001-ല്‍ 9.79 ശതമാനവുമാണ്. സംസ്ഥാനത്തെ വയോജനങ്ങളുടെ എണ്ണത്തില്‍ ബഹുഭൂരിപക്ഷം ആള്‍ക്കാരും വിധവകളാണെന്നത് മറ്റൊരു വസ്തുതയാണ്. 1991-ല്‍ വായോജന വിഭാഗത്തില്‍പ്പെടുന്ന വിധവകളുടെ എണ്ണം 60 മുതല്‍ 69 വയസ് വരെ 53.8 ശതമാനവും 70 വയസിനു മുകളിലുള്ളവരുടെ കാര്യത്തില്‍ 69.20 ശതമാനവുമാണ്. വരും വര്‍ഷങ്ങളില്‍ മുതിര്‍ന്ന പൗരന്മാരുടെ എണ്ണം കേരളത്തിന്റെ ജനസംഘ്യയുടെ 20 ശതമാനമായി വര്‍ധിക്കുമെന്ന് കണക്കാക്കപ്പെടുന്നതിനാല്‍ ഈ ജനവിഭാഗത്തിന്റെ പരിപാലനത്തിലും സാമൂഹ്യ സുരക്ഷയിലും അവകാശ സംരക്ഷണത്തിലും കൂടുതല്‍ ഊന്നല്‍ നല്‍കേണ്ടത് അത്യന്താപേക്ഷിതമാണ്. 2007ലാണ് സംസ്ഥാന സര്‍ക്കാര്‍ വയോജനനയം അംഗീകരിച്ചത്. തുടര്‍ന്ന് വയോജനങ്ങള്‍ക്കായി നിരവധി പദ്ധതികളും ആവിഷ്‌കരിച്ചു. സംസ്ഥാനത്ത് സാമൂഹ്യനീതി വകുപ്പാണ് വയോജനങ്ങള്‍ക്കായി പദ്ധതി ആവിഷ്‌കരിച്ചു നടപ്പാക്കുന്നത്. 2021ലെ തിരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയുടെ പ്രകടനപത്രികയില്‍ മുതിര്‍ന്ന പൗരന്മാര്‍ക്കായി ഒട്ടേറെ പദ്ധതികള്‍ പ്രഖ്യാപിച്ചിരുന്നെങ്കിലും ഒന്നിലും കാര്യമായ പുരോഗതി ഉണ്ടായിട്ടില്ലെന്നാണ് ആക്ഷേപം.

 

 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Latest News

Loading...please wait