ഒരാഴ്ചയായി കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ഇന്ത്യ മുന്നില്‍ 

Published on 12 August 2020 1:58 pm IST
×

ന്യൂഡല്‍ഹി: കഴിഞ്ഞ ഏഴ് ദിവസമായി ഇന്ത്യയിലെ പ്രതിദിന കൊവിഡ് രോഗികളുടെ എണ്ണം യു.എസ്, ബ്രസീല്‍ എന്നീ രാജ്യങ്ങളെക്കാള്‍ കൂടുതലെന്ന് ലോകാരോഗ്യ സംഘടന. ലോകത്ത് കൊവിഡ് രോഗികള്‍ ഏറ്റവും കൂടുതലുള്ള രാജ്യങ്ങളാണ് യു.എസും ബ്രസീലും. മൂന്നാം സ്ഥാനമാണ് ഇന്ത്യയ്ക്ക്.

ഓഗസ്റ്റ് നാലിനും പത്തിനും ഇടയില്‍ ലോകത്തുണ്ടായ കൊവിഡ് കേസുകളുടെ 23 ശതമാനവും മരണത്തില്‍ 15 ശതമാനവും ഇന്ത്യയിലാണ്. ഈ ദിവസങ്ങളില്‍ ഇന്ത്യയില്‍ 4, 11, 379 കൊവിഡ് കേസും 6251 മരണവും സംഭവിച്ചു. അതേസമയം, യു.എസില്‍ ഈ ദിവസങ്ങളില്‍ 3,69,575 കേസും 7232 മരണവും സംഭവിച്ചു. ബ്രസീലില്‍ 3,04,535 കൊവിഡ് കേസും 6914 മരണവും നടന്നു. ഇന്ത്യയില്‍ കൊവിഡ് റിപ്പോര്‍ട്ട് ചെയ്തു തുടങ്ങിയതു മുതല്‍ 110 ദിവസമെടുത്താണ് ഒരു ലക്ഷമെത്തിയതെങ്കില്‍ പിന്നീടുള്ള 59 ദിവസം കൊണ്ട് പത്ത് ലക്ഷം കവിഞ്ഞു. തുടര്‍ന്ന് 24 ദിവസം കൊണ്ട് 22 ലക്ഷം കടന്നു. 

അതേസമയം, ഇന്ത്യയിലെ മരണനിരക്ക് കുറഞ്ഞ് 1.99 ശതമാനമായി. രോഗമുക്തി നിരക്ക് 70 ശതമാനത്തിനടുത്തെത്തി. കഴിഞ്ഞ ദിവസം മാത്രം 47,746 പേര്‍ രോഗമുക്തി നേടി. ഇതുവരെ രാജ്യത്ത് 15,83,489 പേര്‍ രോഗമുക്തരായി. നിലവില്‍ രോഗബാധിതര്‍ 6,39,929 പേര്‍ മാത്രമാണ്. ആകെ പോസിറ്റീവ് കേസുകളുടെ 28.21 ശതമാനം മാത്രമാണിത്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait