ക്വാറികളുടെ ദൂരപരിധി 200 മീറ്ററാക്കിയ ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു

Published on 12 August 2020 12:36 pm IST
×

കൊച്ചി: സംസ്ഥാനത്തെ ക്വാറികളുടെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ട ഹരിത ട്രൈബ്യൂണല്‍ ഉത്തരവ് ഹൈക്കോടതി സ്റ്റേ ചെയ്തു. ജനവാസ മേഖലയില്‍ നിന്ന് ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി വേണമെന്നായിരുന്നു ഹരിത ട്രൈബ്യൂണല്‍ ഉത്തരവ്. ഈ ഉത്തരവാണ് ഹൈക്കോടതി സ്റ്റേ ചെയ്തത്. 50 മീറ്റര്‍ മാത്രം മതിയെന്നായിരുന്നു സര്‍ക്കാര്‍ നിലപാട്. 

പാലക്കാട് ജില്ലയിലെ ഒരു പരാതി പരിഗണിച്ചുകൊണ്ടായിരുന്നു സംസ്ഥാനത്തെ ക്വാറികള്‍ക്ക് 200 മീറ്റര്‍ ദൂരപരിധി നിശ്ചയിച്ചുകൊണ്ട് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിട്ടത്. ഇത് അത് ചോദ്യം ചെയ്ത് പാറമട ഉടമകളാണ് ഹൈക്കോടതിയെ സമീപിച്ചത്. പരിസ്ഥിതി വകുപ്പിനെ മാത്രം കേട്ടുകൊണ്ടാണ് ഹരിത ട്രൈബ്യൂണല്‍ തീരുമാനമെടുത്തത് എന്നായിരുന്നു പാറമട ഉടമകളുടെ ആരോപണം. എല്ലാ കക്ഷികളേയും കേള്‍ക്കാതെയാണ് ഹരിത ട്രൈബ്യൂണല്‍ ഉത്തരവിലേക്ക് പോയതെന്നാണ് പ്രഥമദൃഷ്ട്യാ ബോധപ്പെട്ടതിനെ തുടര്‍ന്നാണ് ഹൈക്കോടതി സിംഗിള്‍ ബെഞ്ച് സ്റ്റേ അനുവദിച്ചിരിക്കുന്നത്. 50 മീറ്ററാണ് സംസ്ഥാനത്തെ പാറമടകള്‍ക്ക് സര്‍ക്കാര്‍ നിശ്ചയിച്ചിരുന്ന ദൂരപരിധി. 

നിലവില്‍ 50 മീറ്റര്‍ ദൂരപരിധിയിലാണ് സംസ്ഥാനത്തെ പാറമടകള്‍ പ്രവര്‍ത്തിക്കുന്നത്. ഇത് 200 മീറ്ററിലേക്ക് മാറിയാല്‍ സംസ്ഥാനത്തെ 95 ശതമാനം പാറമടകളും പൂട്ടിപ്പോകുമായിരുന്നു. ഹൈക്കോടതി ഉത്തരവോടെ നിലവിലുണ്ടായ രീതിയില്‍ തന്നെ പാറമടകള്‍ക്ക് പ്രവര്‍ത്തിക്കാന്‍ സാധിക്കും.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait