6 മാസമായി നാട്ടില്‍, ഇനി വിമാനം വിളിച്ച് ഖത്തറിലേക്ക്; ചെലവ് 40 ലക്ഷം 

Published on 12 August 2020 11:00 am IST
×
ഖത്തറിലേക്ക് പോകാന്‍ ഹസന്‍ കുഞ്ഞി ഏര്‍പ്പെടുത്തിയ ചാലഞ്ചര്‍ 605 പ്രൈവറ്റ് ജെറ്റ് വിമാനത്തിന്റെ ഉള്‍വശം (ഇന്‍സെറ്റില്‍ എം.പി ഹസന്‍ കുഞ്ഞി) (ഫയല്‍ ചിത്രം)

കണ്ണൂര്‍: പ്രമുഖ വ്യവസായി ഡോ. എം.പി ഹസന്‍ കുഞ്ഞി വിമാനം 'വിളിച്ച്' ഖത്തറിലേക്ക് പോകുന്നു. ലോക്ഡൗണ്‍ കാരണം 6 മാസമായി നാട്ടിലായിരുന്ന അദ്ദേഹം 14-ന് രാവിലെ 11.30-ന് കണ്ണൂര്‍ വിമാനത്താവളത്തില്‍ നിന്നാണ് പ്രൈവറ്റ് എയര്‍ ജെറ്റ് (ചാലഞ്ചര്‍ 605) വിമാനത്തില്‍ ഖത്തറിലേക്ക് പോകുന്നത്. 40 ലക്ഷം രൂപയോളമാണ് ചെലവ്. പ്രൈവറ്റ് ജെറ്റുകള്‍ക്ക് കണ്ണൂര്‍ വിമാനത്താവളത്തില്‍ ഇറങ്ങാന്‍ കഴിയുമെന്നും അതുവഴി കൂടുതല്‍ വരുമാന സാധ്യതയുണ്ടെന്ന്  തെളിയിക്കുകയുമാണ് ഇത്തരത്തിലുള്ള യാത്രയുടെ ലക്ഷ്യമെന്ന് കണ്ണൂര്‍ വിമാനത്താവളത്തിന്റെ ഡയറക്ടര്‍ കൂടിയായ ഹസന്‍ കുഞ്ഞി പറയുന്നു.

ടൂറിസം രംഗത്തേക്കും ആരോഗ്യ ടൂറിസം രംഗത്തേക്കും മറ്റു രാജ്യങ്ങളില്‍ നിന്ന് ചെറിയ പ്രൈവറ്റ് ജെറ്റുകളില്‍ ആളുകള്‍ക്ക് എത്താന്‍ കഴിയും. ഖത്തറില്‍ നിന്ന് പ്രൈവറ്റ് ജെറ്റ് വരുത്തിച്ച് കണ്ണൂരില്‍ നിന്നു യാത്ര ചെയ്യുന്ന ആദ്യ യാത്രക്കാരനാണ് ഹസന്‍ കുഞ്ഞി. അദ്ദേഹത്തിന് പോകാന്‍ 12 സീറ്റുള്ള വിമാനമാണ് ഖത്തറില്‍ നിന്ന് യാത്രക്കാരില്ലാതെ എത്തുക. അതില്‍ തിരിച്ചുപോകുന്നത് അദ്ദേഹവും ഭാര്യ സുഹറാബിയും മാത്രം. ജെറ്റ് ക്രാഫ്റ്റിന്റെതാണ് വിമാനം. മെഡിക്കല്‍ ഉപകരണങ്ങള്‍ വിതരണം ചെയ്യുന്ന മെഡ്‌ടെക് കോര്‍പറേഷന്‍ ചെയര്‍മാനാണ് കണ്ണൂര്‍ താണയില്‍ താമസിക്കുന്ന ഹസന്‍ കുഞ്ഞി. ഖത്തര്‍, യു.എ.ഇ, ഇന്ത്യ എന്നിവിടങ്ങളില്‍ വിതരണ ശൃംഖലയുണ്ട്. ലോജിസ്റ്റിക്‌സ് രംഗത്തുള്ള ഫ്രൈറ്റെക്‌സ് ലോജിസ്റ്റിക്‌സ്, ഫാഷന്‍ രംഗത്തുള്ള പ്ലാനറ്റ് ഫാഷന്‍, റിയല്‍ എസ്റ്റേറ്റ് രംഗത്തുള്ള എച്ച്.കെ ബില്‍ഡേഴ്‌സ് ആന്‍ഡ് ഡവലപേഴ്‌സ് എന്നീ സ്ഥാപനങ്ങളുടെയും ചെയര്‍മാനാണ്.

കണ്ണൂരില്‍ നിന്ന് പ്രസിദ്ധീകരിക്കുന്ന കണ്ണൂര്‍ മെട്രോ പത്രത്തിന്റെ ചെയര്‍മാന്‍ കൂടിയായ ഹസ്സന്‍കുഞ്ഞി ഖത്തര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹാമില്‍ട്ടന്‍ ഇന്റര്‍നാഷനല്‍, പവര്‍മാന്‍ ഇന്റര്‍നാഷനല്‍, ഹോളിപോപ് ഇന്‍ഡസ്ട്രീസ് തുടങ്ങിയ വ്യവസായ സംരംഭങ്ങളുടെ ഗ്രൂപ്പ് ചെയര്‍മാനുമാണ്. കൊച്ചിന്‍ മെഡിക്കല്‍ സിറ്റിയുടെ എം.ഡി, അസറ്റ് ഹോംസ് ഡയറക്ടര്‍ എന്നീ നിലകളിലും പ്രവര്‍ത്തിക്കുന്നു. 44 വര്‍ഷമായി ഖത്തറില്‍ വിവിധ ബിസിനസ് സംരംഭങ്ങള്‍ നടത്തുകയാണ് ഹസന്‍ കുഞ്ഞി. മെഡിക്കല്‍ ടൂറിസത്തിലാണ് ഡോക്ടറേറ്റ് എടുത്തിരിക്കുന്നത്. മുസ്ലിം എജ്യുക്കേഷന്‍ സൊസൈറ്റി ദോഹ ചാപ്റ്റര്‍ പ്രസിഡന്റ്, ഖത്തര്‍ ഐഡിയല്‍ ഇന്ത്യന്‍ സ്‌കൂള്‍ പ്രസിഡന്റ്, കണ്ണൂര്‍ ജെംസ് ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ചെയര്‍മാന്‍, തളിപ്പറമ്പ് സര്‍ സയ്യിദ് കോളേജ് പൂര്‍വ വിദ്യാര്‍ഥി, കേന്ദ്ര കമ്മിറ്റി പ്രസിഡന്റ് എന്നീ സ്ഥാനങ്ങളും വഹിക്കുന്നു.






സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait