കൊട്ടിയൂരില്‍ സമ്പര്‍ക്കം വഴി കൊവിഡ്; സമ്പര്‍ക്ക പട്ടികയില്‍ നൂറിലധികം പേര്‍

Published on 12 August 2020 6:32 am IST
×

കൊട്ടിയൂര്‍: സമ്പര്‍ക്കത്തിലൂടെ കൊട്ടിയൂര്‍ പഞ്ചായത്ത് നാലാം വാര്‍ഡിലെ ഒരു കുടുംബത്തിലെ മൂന്നുപേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ ആരോഗ്യവകുപ്പ് ഇവരുടെ സമ്പര്‍ക്ക പട്ടിക തയ്യാറാക്കി. ഇതിനകം തന്നെ നൂറിലധികം പേര്‍ പ്രൈമറി, സെക്കന്‍ഡറി കോണ്‍ടാക്റ്റുകളിലായി സമ്പര്‍ക്ക പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് ആരോഗ്യ വകുപ്പില്‍ നിന്നും ലഭിക്കുന്ന വിവരം. ഇതില്‍ ഇവരുമായി നേരിട്ട് സമ്പര്‍ക്കത്തില്‍ ഏര്‍പ്പെട്ട അഞ്ചോളം പേരുടെ സ്രവമാണ് പരിശോധനയ്ക്ക് അയച്ചിട്ടുള്ളത്. ഇതിന്റെ ഫലം വെള്ളിയാഴ്ചയോടെ ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ ഫലം ലഭ്യമായാല്‍ മാത്രമേ വ്യാപനം സംബന്ധിച്ച് കൂടുതല്‍ വ്യക്തതത കൈവരികയുള്ളൂ. 

കഴിഞ്ഞ ചൊവ്വാഴ്ച കണിച്ചാര്‍ കുടുംബാരോഗ്യ കേന്ദ്രത്തില്‍ വെച്ച് നടന്ന ആന്റിജന്‍ ടെസ്റ്റിലൂടെയാണ് കൊട്ടിയൂര്‍ പഞ്ചായത്തിലെ നാലാം വാര്‍ഡില്‍ താമസക്കാരിയായ നേഴ്സിന് കൊവിഡ് സ്ഥിരീകരിച്ചത്. തുടര്‍ന്ന് ഇവരുടെ കുടുംബാംഗങ്ങളായ രണ്ടുപേര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചതോടെയാണ് നടപടി കര്‍ശനമാക്കാന്‍ കൊട്ടിയൂര്‍ പഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗം തീരുമാനിച്ചത്. നീണ്ടുനോക്കിയിലെ ചില കടകളില്‍ ഇവര്‍ എത്തിയതിനാല്‍ നീണ്ടുനോക്കി ടൗണ്‍ അടച്ചുപൂട്ടാന്‍ തീരുമാനമെടുത്തു. ഇതു കൂടാതെ കേളകം ടൗണിലെ ഒരു വസ്ത്ര വ്യാപാര സ്ഥാപനത്തിലും ഒരു ഫാന്‍സി ഷോപ്പിലും ഇവര്‍ സന്ദര്‍ശിച്ചിട്ടുണ്ട്. അതുകൊണ്ട് ഈ രണ്ട് വ്യാപാര സ്ഥാപനങ്ങളും അടച്ചിടാന്‍ കേളകം ഗ്രാമപഞ്ചായത്ത് സേഫ്റ്റി കമ്മിറ്റി യോഗം നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. 

സമ്പര്‍ക്ക പട്ടികയിലുള്ളവര്‍ക്ക് രോഗം സ്ഥിരീകരിച്ചാല്‍ കേളകം ടൗണിലെ മുഴുവന്‍ കടകളും അടച്ചിടുന്നത് അടക്കമുള്ള തീരുമാനമെടുക്കാനും,  ഞായറാഴ്ച കേളകം ടൗണില്‍ സമ്പൂര്‍ണ്ണ ലോക്ഡൗണ്‍ നടപ്പിലാക്കാനും, കടകള്‍ പ്രവര്‍ത്തിക്കുന്ന ദിവസങ്ങളില്‍ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കുന്നതിനായി പഞ്ചായത്തും, പോലീസും, ആരോഗ്യവകുപ്പും സംയുക്തമായി കടകളില്‍ പരിശോധന നടത്താനും തീരുമാനിച്ചിട്ടുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait