മഴക്കെടുതി: കെ.എസ്.ഇ.ബിക്ക് 3.72 കോടിയുടെ നഷ്ടം 

Published on 11 August 2020 10:06 pm IST
×

കണ്ണൂര്‍: ജില്ലയില്‍ കാലവര്‍ഷം ശക്തിപ്പെട്ടതോടെ വൈദ്യുതി മേഖലയ്ക്കുണ്ടായത് ഭീമമായ നാശനഷ്ടം. കാലവര്‍ഷം ആരംഭിച്ച ജൂണ്‍ മാസം മുതല്‍ ഇതുവരെ 3.72 കോടി രൂപയുടെ നാശനഷ്ടമാണ് ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. ഇതില്‍ ആഗ്സ്ത് 4 മുതല്‍ 9 വരെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മാത്രം മൂന്നു കോടിയിലേറെ രൂപയുടെ നാശനഷ്ടങ്ങളുണ്ടായി. 

215 കിലോമീറ്റര്‍ നീളത്തില്‍ എല്‍ടി ലൈനും 11 കിലോമീറ്റര്‍ നീളത്തില്‍ എച്ച്.ടി ലൈനും തകര്‍ന്നാണ് ഒരു കോടിയിലേറെ രൂപയുടെ നാശനഷ്ടമുണ്ടായത്. 1735 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും 236 ഹൈ ടെന്‍ഷന്‍ പോസ്റ്റുകളും തകര്‍ന്ന് രണ്ടു കോടി രൂപയിലേറെ നഷ്ടമുണ്ടായി. മൂന്നു ലക്ഷം രൂപ വില വരുന്ന 19 ട്രാന്‍സ്ഫോമറുകള്‍ക്കാണ് കേട്പാട് സംഭവിച്ചത്. ശക്തമായ കാറ്റില്‍ രണ്ടായിരത്തിലധികം സ്ഥലങ്ങളില്‍ മരം കടപുഴകി ലൈനില്‍ വീണു. കാടാച്ചിറ, കൊളച്ചേരി, ചക്കരക്കല്‍, തയ്യില്‍ മേഖലകളിലാണ് കൂടുതല്‍ നാശനഷ്ടങ്ങള്‍ ഉണ്ടായത്. കാറ്റിലും മഴയിലും ജില്ലയിലെ വൈദ്യുതി മേഖലയ്ക്കുണ്ടായ തകരാറുകള്‍ 90 ശതമാനത്തിലേറെ പരിഹരിച്ച് വൈദ്യുതി വിതരണം പുനഃസ്ഥാപിച്ചതായും ബാക്കിയുള്ളവ പരിഹരിക്കുന്നതിനുള്ള തീവ്ര ശ്രമങ്ങള്‍ നടന്നുവരികയാണെന്നും കണ്ണൂര്‍ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ ഡെപ്യൂട്ടി ചീഫ് എഞ്ചിനീയര്‍ അറിയിച്ചു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait