അധ്യാപികയ്ക്ക് കൊവിഡ്: പായം പഞ്ചായത്തും പെരുമ്പറമ്പ് വാര്‍ഡും അടച്ചു പൂട്ടി 

Published on 11 August 2020 9:37 pm IST
×

ഇരിട്ടി: പെരുമ്പറമ്പ് സ്വദേശിനിയായ അധ്യാപികയ്ക്ക് ഉറവിടമറിയാത്ത കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പായം പഞ്ചായത്തിലെ 14-ാം വാര്‍ഡ് പൂര്‍ണ്ണമായും അടച്ച് വാര്‍ഡില്‍ കര്‍ശന നിയന്ത്രണമേര്‍പ്പെടുത്തി. പെരുമ്പറമ്പില്‍ ചേര്‍ന്ന വാര്‍ഡ്തല ജാഗ്രതാ സമിതി യോഗത്തിലാണ് തീരുമാനം. 

വാര്‍ഡിലെ മുഴുവന്‍ പോക്കറ്റ് റോഡുകളും പൂര്‍ണ്ണമായും അടച്ചിട്ടു. പെരുമ്പറമ്പ്-മാവുള്ളക്കരി-ചടച്ചിക്കുണ്ടം-കല്ലു വയല്‍ റോഡ്, പെരുമ്പറമ്പ്-പുതിയ ഭഗവതി ക്ഷേത്രം റോഡ്, പെരുമ്പറമ്പ്-മഹാത്മാഗാന്ധി പാര്‍ക്ക് റോഡ്, പെരുമ്പറമ്പ്- ചേക്കല്‍ റോഡ്, കപ്പച്ചേരി-കരിയില്‍ റോഡ് എന്നീ റോഡുകളാണ് അടച്ചത്. വാര്‍ഡ് പരിധിയിലെ മുഴുവന്‍ കടകളും അടച്ചിട്ടു. വാര്‍ഡ് പരിധിയിലെ സാംസ്‌കാരിക സ്ഥാപനങ്ങള്‍, വായനശാലകള്‍, കുടുംബശ്രീ അയല്‍ക്കൂട്ടങ്ങള്‍, പുരുഷ സ്വയം സഹായ സംഘങ്ങള്‍ എന്നിവ നടത്താന്‍ പാടില്ല. വാര്‍ഡിലെയും സമീപ പ്രദേശത്തെയും തൊഴിലുറപ്പ് പ്രവര്‍ത്തികള്‍ രണ്ടാഴ്ചത്തേക്ക് മാറ്റി വെക്കാന്‍ തീരുമാനിച്ചു. പാല്‍ വിതരണം പാടില്ലെന്നും കൊവിഡ് മാനദണ്ഡം പാലിച്ച് രാവിലെ 6.30 മുതല്‍ 7.30 വരെയും വൈകിട്ട് 3 മണി മുതല്‍ 4 മണി വരെയും പാല്‍ സംഭരിക്കാന്‍ മാത്രമാണ് അനുമതി. 

അവശ്യ സാധനങ്ങള്‍ സന്നദ്ധ പ്രവര്‍ത്തകര്‍ മുഖേന ഹോം ഡെലിവറിയായി വീടുകളിലെത്തിക്കുന്നതിന് സംവിധാനമൊരുക്കും വാര്‍ഡ് പരിധി പൂര്‍ണ്ണമായും കണ്ടയിന്‍മെന്റ് സോണായതിനാല്‍ ജനങ്ങള്‍ വീടിന് പുറത്തിറങ്ങരുതെന്നും മറ്റ് ജോലികള്‍ക്ക് പുറത്ത് പോകരുതെന്നും അത്യാവശ ഘട്ടങ്ങളില്‍ ആശുപത്രിയിലും മറ്റും പോകണമെങ്കില്‍ വാര്‍ഡ്തല ജാഗ്രത സമതിയുടെ അനുമതി വാങ്ങണമെന്നും ജാഗ്രതാ സമിതിയില്‍ തീരുമാനമായി. 

യോഗത്തില്‍ പഞ്ചായത്തംഗം വി.കെ സുനീഷ് അധ്യക്ഷനായി. പായം പഞ്ചായത്ത് പ്രസിഡന്റ് എന്‍. അശോകന്‍, ഇരിട്ടി പ്രിന്‍സിപ്പല്‍ എസ്.ഐ ദിനേശന്‍ കൊതേരി, എസ്.ഐ റെജിസ്‌കറിയ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സുരേഷ്, ജൂനിയര്‍ പബ്ലിക് ഹെല്‍ത്ത് നഴ്‌സ് സി,പി .വനജ എന്നിവര്‍  കാര്യങ്ങള്‍ വിശദീകരിച്ചു
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait