രാജ്യസഭ സീറ്റിലേക്ക് എല്‍.ജെ.ഡി മത്സരിക്കും: ഇടതു മുന്നണി കണ്‍വീനര്‍

Published on 08 August 2020 9:27 pm IST
×

കണ്ണൂര്‍: രാജ്യസഭ സീറ്റിലേക്ക് എല്‍.ഡി.എഫ് പ്രതിനിധിയായി ലോക്താന്ത്രിക് ജനതാദള്‍ (എല്‍.ജെ.ഡി) മത്സരിക്കുമെന്ന് എല്‍.ഡി.എഫ്  കണ്‍വീനര്‍ എ. വിജയരാഘവന്‍ അറിയിച്ചു. ഇടതുപക്ഷ മുന്നണി ഇക്കാര്യം ഒറ്റക്കെട്ടായാണ് തീരുമാനിച്ചതെന്നും യാതൊരു ഉപാധികളുമില്ലാതെയാണ് ഈ തീരുമാനത്തിലേക്ക് എല്‍.ഡി.എഫ് എത്തിയതെന്നും വിജയരാഘവന്‍ പറഞ്ഞു. എല്‍.ഡി.എഫ് യോഗത്തിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. 

കേരളത്തിലെ ഇടതുപക്ഷ മുന്നണിക്കെതിരെ, വിശേഷിച്ച് മുഖ്യമന്ത്രിക്കെതിരെ കേരളത്തിലെ പ്രതിപക്ഷവും ഭൂരിഭാഗം മാധ്യമങ്ങളും നടത്തുന്ന അസത്യ പ്രചരണങ്ങള്‍ക്കെതിരെ അതിശക്തമായ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തുമെന്നും വിജയരാഘവന്‍ പറഞ്ഞു. 'ബി.ജെ.പിക്ക് എതിരായ രാഷ്ട്രീയ നിലപാട് സ്വീകരിച്ച, കേന്ദ്ര സര്‍ക്കാരിന്റെ സാമ്പത്തിക നയങ്ങള്‍ക്കെതിരായ നിലപാട് സ്വീകരിക്കുന്ന, ബദല്‍ നടപ്പാക്കുന്ന കേരളത്തിലെ ഇടതുഭരണത്തെ അശക്തമാക്കുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നിലുളളത്. തീവ്ര വര്‍ഗീയ ധ്രുവീകരണം എന്ന അപകടകരമായ ബി.ജെ.പി  രാഷ്ട്രീയത്തിനെതിരായി ശക്തമായ പ്രചരണം നടത്തേണ്ടതുണ്ട്. അതിദുര്‍ബലരായ ജന വിഭാഗങ്ങളെ അവഗണിക്കുന്ന ഇപ്പോഴത്തെ കേന്ദ്ര നയങ്ങള്‍ക്കെതിരായ പ്രതിഷേധവും അനിവാര്യമാണ്. അതുകൊണ്ട് സ്വാതന്ത്യ ദിനമായ ആഗസ്ത് 15-ന് ഇടതുപക്ഷ മുന്നണി നേതാക്കന്മാരെയെല്ലാം പങ്കെടുപ്പിച്ചുകൊണ്ട് വൈകിട്ട് അഞ്ചിന് ഒരു വെബിനാര്‍ സംഘടിപ്പിക്കും.' അദ്ദേഹം പറഞ്ഞു. 

അയോധ്യ ക്ഷേത്ര നിര്‍മാണവുമായി ബന്ധപ്പെട്ട കോണ്‍ഗ്രസ് നിലപാടിനോടുളള മുസ്ലീം ലീഗിന്റെ പ്രതികരണത്തെ കുറിച്ചുളള ചോദ്യത്തിന് അവസരവാദപരമായ നിലപാടാണ് ലീഗ് എല്ലാക്കാലത്തും സ്വീകരിച്ചു പോന്നിട്ടുളളതെന്ന് അദ്ദേഹം പറഞ്ഞു. ബാബറി മസ്ജിദ് തകര്‍ക്കപ്പെട്ടപ്പോള്‍ ഏററവും വലിയ അവസരവാദ രാഷ്ട്രീയം കളിച്ച പാര്‍ട്ടിയാണ് ലീഗ്. ഇപ്പോള്‍ കോണ്‍ഗ്രസ് അവിടെ അയോധ്യയിലെ ക്ഷേത്ര നിര്‍മാണത്തോട് സ്വീകരിച്ച അവസരവാദ നിലപാടിന്റെ മുന്നില്‍ വ്യക്തതയുളള നിലപാട് സ്വീകരിക്കുന്നതില്‍ ലീഗിന് പരാജയപ്പെട്ടു എന്നുളളതാണ് വസ്തുത. കേരളത്തിലെ അധികാര സ്ഥാനത്തിനപ്പുറം മുസ്ലീം ലീഗിന് സാമൂഹിക കാര്യങ്ങളിലോ ന്യൂനപക്ഷ കാര്യത്തിലോ താല്പര്യമില്ലെന്ന് ഇതിലൂടെ വ്യക്തമാകുകയാണെന്നും അദ്ദേഹം പറഞ്ഞു.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait