ജില്ലയില്‍ മഴക്കെടുതി തുടരുന്നു; 1600 ഓളം പേരെ മാറ്റിപ്പാര്‍പ്പിച്ചു 

kannur metro
Published on 08 August 2020 7:59 pm IST
×

കണ്ണൂര്‍: ജില്ലയില്‍ കനത്ത മഴയെ തുടര്‍ന്ന് 1600 ഓളം പേരെ മാറ്റി പാര്‍പ്പിച്ചു. നിരവധി വീടുകള്‍ പൂര്‍ണ്ണമായോ ഭാഗികമായോ തകര്‍ന്നു. നാല് പേര്‍ക്ക് പരിക്കേറ്റു. 

കൂടുതല്‍ മഴക്കെടുതി ബാധിത മേഖലകളായ തളിപ്പറമ്പ് താലൂക്കിലെ ചെങ്ങളായി, ഇരിക്കൂര്‍ എന്നിവിടങ്ങളില്‍ രണ്ട് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. പയ്യന്നൂര്‍ താലൂക്കിലും മൂന്ന് ക്യാമ്പുകള്‍ ആരംഭിച്ചിട്ടുണ്ട്. വീടുകളില്‍ വെള്ളം കയറിയതിനെ തുടര്‍ന്നും കയറാനുള്ള സാധ്യത മുന്‍നിര്‍ത്തിയും തലശ്ശേരി താലൂക്കിലെ 14 വില്ലേജുകളിലായി 179 കുടുംബങ്ങളിലെ 346 പേരെ മാറ്റി പാര്‍പ്പിച്ചു. കണ്ണൂര്‍ താലൂക്കില്‍ 134 കുടുംബങ്ങളില്‍ നിന്നായി 335 ആള്‍ക്കാരെ മാറ്റി താമസിപ്പിച്ചു. കക്കാട് പുഴ കരകവിഞ്ഞ് ഒഴുകിയതിനാല്‍ പുഴാതി വില്ലേജിലെ രണ്ട് വീട്ടുകാരെ മാറ്റി താമസിപ്പിച്ചു. ചേലോറ വില്ലേജിലെ 26 വീടുകളും എളയാവൂര്‍ വില്ലേജിലെ 50 വീടുകളിലുമുള്ളവരെയും സുരക്ഷിതമായി മാറ്റി പാര്‍പ്പിച്ചിട്ടുണ്ട്. ആറ് വീടുകള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചു. ഇരിട്ടി താലൂക്കിലെ രണ്ട് വീടുകള്‍ പൂര്‍ണ്ണമായി തകര്‍ന്നു. കേളകം, കോളാരി വില്ലേജിലെ വീടുകളാണ് തകര്‍ന്നത്. ഈ വീടുകളിലെ എട്ടുപേരെ ബന്ധു വീടുകളിലേക്ക് സുരക്ഷിതമായി മാറ്റി. 13 വീടുകളാണ് ഭാഗികമായി തകര്‍ന്നത്. അപകട സാധ്യത മുന്‍നിര്‍ത്തി താലൂക്കിലെ 88 കുടുംബങ്ങളിലെ 251 പേരെ ബന്ധു വീടുകളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചിട്ടുണ്ട്.  

തളിപ്പറമ്പ് താലൂക്കില്‍ 709 കുടുംബങ്ങളെ മാറ്റി പാര്‍പ്പിച്ചു. 12 വീടുകള്‍ ഭാഗികമായും പന്നിയൂര്‍ വില്ലേജിലെ ഒരു വീട് പൂര്‍ണ്ണമായും തകര്‍ന്നു. കുറുമാത്തൂര്‍ വില്ലേജില്‍ നിന്നുള്ള 100 കുടുംബങ്ങളിലായി 610 പേര്‍ ബന്ധു വീടുകളിലേക്ക് മാറി. താലൂക്കിലെ ചീത്തപ്പാറ വനമേഖലയില്‍ ഉരുള്‍പ്പൊട്ടലുണ്ടായി. പയ്യന്നൂര്‍ താലൂക്ക് പരിധിയില്‍ വയക്കര വില്ലേജില്‍ വെള്ളം ഉയര്‍ന്നതിനെ തുടര്‍ന്ന് 19 കുടുംബങ്ങളെ ബന്ധു വീടുകളിലേക്ക് മാറ്റി പാര്‍പ്പിച്ചു. നാല് വീടുകള്‍ ഭാഗികമായി തകര്‍ന്നു. 

ജില്ലയിലെ പ്രധാന നദികളില്‍ എല്ലാം ജലനിരപ്പ് അപാകടകരമാംവിധം ഉയര്‍ന്നതിനാല്‍ വെള്ളം കയറാന്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ നിന്ന് ആളുകളെ മാറ്റി പാര്‍പ്പിക്കാന്‍ വേണ്ട നടപടികള്‍ അധികൃതര്‍ സ്വീകരിച്ചിട്ടുണ്ട്. വളപട്ടണം, മയ്യില്‍, ശ്രീകണ്ഠാപുരം തുടങ്ങിയ സ്ഥലങ്ങളിലേക്ക് രക്ഷാപ്രവര്‍ത്തനത്തിനായി ബോട്ടുകള്‍ സജ്ജമാക്കിയിട്ടുണ്ട്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait