കോവിഡ് 19: ആശുപത്രികളില്‍ കര്‍ശന നിയന്ത്രണം

Published on 08 August 2020 7:28 pm IST
×

കണ്ണൂര്‍: കോവിഡ് രോഗികളുടെ എണ്ണം ക്രമാതീതമായി വര്‍ദ്ധിക്കുകയും സമ്പര്‍ക്കത്തിലൂടെ ആരോഗ്യ പ്രവര്‍ത്തകര്‍ക്കുള്‍പ്പെടെ രോഗ വ്യാപനം തുടര്‍ച്ചയായി റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും ചെയ്യുന്ന സാഹചര്യത്തില്‍ ജില്ലയിലെ ആശുപത്രികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജില്ലാ കലക്ടര്‍ ടി.വി സുഭാഷ് ഉത്തരവിട്ടു.

പ്രധാന നിര്‍ദ്ദേശങ്ങള്‍

1. ആശുപത്രികളില്‍ രോഗികളുടെ കൂട്ടിരിപ്പുകാരെ കര്‍ശനമായി നിയന്ത്രിക്കും. ഒന്നില്‍ കൂടുതല്‍പേരെ കൂട്ടിരിപ്പുകാരായി ആശുപത്രിയില്‍ പ്രവേശിപ്പിക്കരുത്.

2. അത്യാഹിത വിഭാഗം സാധാരണ രീതിയില്‍ പ്രവര്‍ത്തിക്കേണ്ടതും അതേസമയം കോവിഡ് പ്രോട്ടോക്കോള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ആശുപത്രി അധികൃതര്‍ ഉറപ്പുവരുത്തേണ്ടതുമാണ്.

3. ഒ.പി പരിശേധനകളില്‍ രോഗവ്യാപനം തടയുന്നതിന് ആവശ്യമായ നിയന്ത്രണങ്ങള്‍ ആശുപത്രി അധികൃതര്‍ ഏര്‍പ്പെടുത്തണം.

4. പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളിലും, കമ്മ്യൂണിറ്റി ഹെല്‍ത്ത് സെന്ററുകളിലും, താലൂക്ക് ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും ചികിത്സയ്ക്ക് എത്തുന്നവര്‍ക്ക് അവിടെ തന്നെ ചികിത്സ സൗകര്യം ഏര്‍പ്പെടുത്തേണ്ടതും, അക്കാര്യം ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഉറപ്പുവരുത്തേണ്ടതുമാണ്.

6. ആശുപത്രികളില്‍ സാമൂഹിക അകലം,  മാസ്‌ക്ക് ധാരണം, സാനിറൈറസര്‍, ഹാന്‍ഡ് വാഷ് എന്നിവയുടെ ഉപയോഗവും തുടങ്ങി ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ച കോവിഡ് മാനദണ്ഡങ്ങള്‍ കര്‍ശനമായും പാലിക്കുന്നുണ്ടെന്ന് ബന്ധപ്പെട്ടവര്‍ ഉറപ്പുവരുത്തേണ്ടതാണ്.

7. രോഗ ബാധിതരായി എത്തുന്ന വ്യക്തികളെ പരമാവധി അവരുടെ വീടിനടുത്തുള്ള പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലോ താലൂക്ക് ആശുപത്രികളിലോ ചികിത്സിക്കാനുള്ള സൗകര്യം ഒരുക്കേണ്ടതാണ്.

8. അനാവശ്യ റഫറന്‍സുകള്‍ ഒഴിവാക്കി, അടിയന്തര ചികിത്സ ആവശ്യമുള്ള രോഗികളെ മാത്രം കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജിലേക്ക് റഫര്‍ ചെയ്യേണ്ടത് സംബന്ധിച്ചുള്ള മാര്‍ഗനിര്‍ദ്ദേശം ബന്ധപ്പെട്ടവര്‍ക്ക് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ നല്‍കേണ്ടതാണ്.
 


സൈബര്‍ നിയമ പ്രകാരം അശ്ലീലവും നിയമ വിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കേണ്ടതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടെത് മാത്രമാണ്.

Related News

Latest News

Loading...please wait